ബോക്സിനു പുറത്തു നിന്നും ഗോളടിക്കില്ലെന്നു പറഞ്ഞവരെ ഇങ്ങു വിളി, മിന്നൽ ലോങ്ങ് റേഞ്ചറുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Ronaldo
സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയതിനു ശേഷം പുതിയൊരു റൊണാൾഡോയെയാണ് കളിക്കളത്തിൽ കാണുന്നത്. പ്രായം മുപ്പത്തിയെട്ടു കഴിഞ്ഞെങ്കിലും തന്റെ കാലുകൾക്ക് ഇപ്പോഴും കരുത്തു നഷ്ടമായിട്ടില്ലെന്ന് ഓരോ മത്സരങ്ങളിലും താരം തെളിയിച്ചു കൊണ്ടിരിക്കുന്നു. ലോകകപ്പിനു ശേഷം അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഒരാളായി മാറിയ കുതിപ്പാണ് കാണിക്കുന്നത്.
ഇന്നലെ സൗദി പ്രൊ ലീഗിൽ അൽ ഖലീജിനെതിരെ ഇറങ്ങിയ അൽ നസ്ർ വിജയം നേടിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മികവിൽ തന്നെയാണ്. മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും താരം സ്വന്തമാക്കിയപ്പോൾ എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് അൽ നസ്ർ സ്വന്തമാക്കിയത്. മുൻ മാഞ്ചസ്റ്റർ സിറ്റി താരമായ അയ്മറിക് ലപോർട്ടയാണ് ടീമിന്റെ രണ്ടാമത്തെ ഗോൾ നേടിയത്. ഇതോടെ ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറാനും ടീമിന് കഴിഞ്ഞു.
Ronaldo is doing 🐐’s doings pic.twitter.com/lQnC7BUL08
— AlNassr FC (@AlNassrFC_EN) November 4, 2023
ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോ നേടിയ ഗോളാണ് ഇപ്പോൾ ചർച്ചാ വിഷയമായി മാറുന്നത്. മത്സരം ആരംഭിച്ച് ഇരുപത്തിയാറാം മിനുട്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾ നേടുന്നത്. അബ്ദുൾറഹ്മാൻ ഗരീബിന്റെ പാസ് ബോക്സിന് പുറത്തു സ്വീകരിച്ച താരം തന്നെ ബ്ലോക്ക് ചെയ്യാൻ വന്ന എതിർടീമിന്റെ താരത്തെ കബളിപ്പിച്ചതിനു ശേഷം പന്ത് വലയിലേക്ക് പായിക്കുകയായിരുന്നു. വലതുകാൽ കൊണ്ട് റൊണാൾഡോ തൊടുത്ത മിന്നൽ ഷോട്ടിൽ ഗോൾകീപ്പർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല.
Cristiano Ronaldo leading the list at 38 is just mad. He's the GOAT 🐐
I can't spot media's darling in this list 😭 pic.twitter.com/fmpza2CY0d
— fan (@NoodleHairCR7) November 4, 2023
ഇന്നലെ നടന്ന മത്സരത്തിൽ ഗോളും അസിസ്റ്റും സ്വന്തമാക്കിയതോടെ ഈ വർഷത്തിൽ റൊണാൾഡോയുടെ സമ്പാദ്യം നാൽപത്തിനാല് ഗോളുകളായി. ഈ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ ഇതിനു പുറമെ പന്ത്രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ അൽ നസ്റിൽ എത്തിയതിനു ശേഷം അൻപത്തിയാറു ഗോളുകളിൽ പങ്കാളിയായ റൊണാൾഡോ സൗദി ലീഗിൽ ഈ സീസണിലെ ടോപ് സ്കോറർ കൂടിയാണ്.
അൽ നസ്റിൽ എത്തിയതിനു ശേഷം റൊണാൾഡോയുടെ ആത്മവിശ്വാസം വളരെയധികം ഉയർന്നിട്ടുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കഴിഞ്ഞ തവണ പകുതി സീസൺ മാത്രം കളിച്ച താരം ടോപ് സ്കോറർ പദവിയുടെ അടുത്തെത്തിയിരുന്നു. ഈ സീസണിൽ ടോപ് സ്കോറർ ആകുമെന്നുറപ്പിക്കുന്ന പ്രകടനം നടത്തുന്ന താരത്തിന്റെ മികവിൽ അൽ നസ്ർ ലീഗിൽ രണ്ടാം സ്ഥാനത്തേക്കും ഉയർന്നു. സീസൺ കിരീടനേട്ടത്തോടെ തുടങ്ങിയ അൽ നസ്ർ തന്നെ ഇത്തവണ ലീഗും സ്വന്തമാക്കാനാണ് സാധ്യത.
Ronaldo Stunning Goal Against Al Khaleej