ഒരു സീനിയർ താരത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും വരാൻ പാടില്ലാത്ത പിഴവ്, ആരും വിമർശനങ്ങൾക്ക് അതീതനല്ല | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ വെല്ലുവിളിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം സ്വന്തമാക്കുകയുണ്ടായി. മത്സരത്തിന്റെ ആദ്യപകുതിയിൽ ഡൈസുകെയുടെ ഗോളിൽ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പെനാൽറ്റിയിലൂടെ ഒപ്പമെത്താൻ ഈസ്റ്റ് ബംഗാളിനു അവസരം ഉണ്ടായിരുന്നെങ്കിലും സച്ചിൻ സുരേഷ് അവിടെ രക്ഷകനായി. അതിനു ശേഷം ദിമിത്രിയോസിലൂടെ ലീഡ് വർധിപ്പിച്ച ബ്ലാസ്റ്റേഴ്‌സിനെതിരെ അവസാന മിനുട്ടിലാണ് ഈസ്റ്റ് ബംഗാൾ ആശ്വാസഗോൾ നേടുന്നത്.

മത്സരത്തിൽ വിജയം നേടിയതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് വന്നു. ഇന്ന് ഗോവയും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടക്കുന്ന മത്സരത്തിൽ ഗോവ വിജയം നേടിയില്ലെങ്കിൽ ഇന്റർനാഷണൽ ബ്രേക്ക് അവസാനിക്കുന്നത് വരെ കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാകും പോയിന്റ് ടേബിളിൽ ഒന്നാം നമ്പർ. ഈ സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ മുംബൈ സിറ്റിയോട് തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് ആദ്യത്തെ എവേ വിജയമാണ് ഇന്നലെ സ്വന്തമാക്കിയത്.

അതേസമയം മത്സരത്തിലെ വിജയത്തിന്റെ ഇടയിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ നിരാശ ഉണ്ടാക്കിയ കാര്യമാണ് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസിനു ലഭിച്ച ചുവപ്പുകാർഡ്. മത്സരത്തിൽ രണ്ടാമത്തെ ഗോൾ നേടിയതിനു പിന്നാലെയാണ് ദിമിത്രിയോസ് ചുവപ്പുകാർഡ് നേടി പുറത്തായത്. അതിനു തൊട്ടു മുൻപ് മഞ്ഞക്കാർഡ് നേടിയ താരം ഗോളടിച്ചപ്പോൾ അത് ജേഴ്‌സി ഊരി ആഘോഷിച്ചപ്പോൾ റഫറി രണ്ടാമത്തെ മഞ്ഞക്കാർഡും ചുവപ്പുകാർഡും നൽകുകയായിരുന്നു.

ടീമിലെ യുവതാരങ്ങൾക്ക് മാതൃകയാക്കേണ്ട ഒരു സീനിയർ താരത്തിന്റെ ഭാഗത്തു നിന്നും ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണ് ദിമിത്രിയോസിൽ നിന്നും ഉണ്ടായതെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. തന്റെ കുട്ടിക്ക് ഗോൾ സമർപ്പിക്കാൻ വേണ്ടിയാണ് അത് ചെയ്‌തതെങ്കിലും അതിന്റെ യാതൊരു ആവശ്യവും ഇല്ലായിരുന്നു. അതിനു തൊട്ടു മുൻപ് തനിക്ക് മഞ്ഞക്കാർഡ് ലഭിച്ചുവെന്നത് മറന്നു കൊണ്ട് നടത്തിയ ആ ആഘോഷത്തിന് ബ്ലാസ്റ്റേഴ്‌സ് വലിയ വില നൽകേണ്ടി വരും. രണ്ടു മഞ്ഞക്കാർഡ് ലഭിച്ചുള്ള സസ്പെൻഷന് അടുത്ത മത്സരത്തിൽ താരം പുറത്താകും.

നിലവിൽ ടീമിന്റെ പ്രധാന വിദേശസ്‌ട്രൈക്കറായ പെപ്ര ഇതുവരെ ഒരു ഗോൾ പോലും നേടിയിട്ടില്ല. അതുകൊണ്ടു തന്നെ ദിമിത്രിയോസിനെ ടീം വളരെയധികം ആശ്രയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് താരം അനാവശ്യമായ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയത്. പത്ത് പേരുമായി കളിക്കേണ്ടി വന്നത് ബ്ലാസ്റ്റേഴ്‌സ് ഗോൾ വഴങ്ങാനും കാരണമായി. മോശം ഫോമിലുള്ള ഹൈദെരാബാദാണ് അടുത്ത മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളിയെങ്കിലും ദിമിത്രിയോസിന്റെ അഭാവം ടീമിനെ ബാധിക്കുക തന്നെ ചെയ്യും.

Dimitrios Diamantakos Done A Big Mistake Against East Bengal