വേണ്ടി വന്നത് രണ്ടു മത്സരങ്ങൾ മാത്രം, സൗദി പ്രൊ ലീഗിലെ ടോപ് സ്കോററായി റൊണാൾഡോ | Ronaldo
സൗദി അറേബ്യയിൽ മിന്നുന്ന ഫോമിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ അൽ നസ്ർ നാല് ഗോളുകൾക്ക് വിജയം നേടിയപ്പോൾ രണ്ടു ഗോളും ഒരു അസിസ്റ്റുമടക്കം നാല് ഗോളുകളിലും താരം പങ്കു വഹിക്കുകയുണ്ടായി. പലരും മുപ്പത്തിയഞ്ചാം വയസിൽ തന്നെ ഫുട്ബോൾ കരിയർ അവസാനിപ്പിക്കുമ്പോൾ മുപ്പത്തിയെട്ടാം വയസിലാണ് ഇത്രയും മികച്ച ഫോമിൽ റൊണാൾഡോ കളിക്കുന്നതെന്നാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയ റൊണാൾഡോ സീസണിന്റെ പകുതി മാത്രമേ കളിച്ചുള്ളൂവെങ്കിലും ലീഗിലെ ടോപ് സ്കോറർമാരിൽ ഒരാളായിരുന്നു. കഴിഞ്ഞ സീസണിൽ ടോപ് സ്കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു വരാൻ കഴിഞ്ഞില്ലെങ്കിലും ഈ സീസണിൽ അത് ലക്ഷ്യമിട്ടു തന്നെയാണ് റൊണാൾഡോ കളിക്കുന്നത്. നിലവിൽ സൗദി അറേബ്യൻ ലീഗിലെ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് റൊണാൾഡോയാണ്.
🚨🐐 After 3 games played, Cristiano Ronaldo is the SPL Top Scorer & Top Assister. Take a bow! 🤯 pic.twitter.com/uREH7b72tQ
— TCR. (@TeamCRonaldo) August 29, 2023
സൗദി ലീഗിൽ അൽ നസ്ർ കളിച്ച ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം നേടിയിരുന്നില്ല. ഇതിൽ ഒരു മത്സരത്തിൽ ഇറങ്ങിയ താരത്തിന് ഗോളൊന്നും നേടാൻ കഴിഞ്ഞില്ലെങ്കിലും അതിനു ശേഷമുള്ള രണ്ടു മത്സരത്തിൽ നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ലീഗിലെ ടോപ് സ്കോററാക്കി മാറ്റിയത്. ഈ രണ്ടു മത്സരത്തിൽ നിന്നും ഒരു ഹാട്രിക്ക് ഉൾപ്പെടെ അഞ്ചു ഗോളുകൾ താരം സ്വന്തമാക്കി. ഇതിനു പുറമെ രണ്ട് അസിസ്റ്റുകളും റൊണാൾഡോയുടെ പേരിലുണ്ട്.
നാല് ഗോളുകൾ വീതം നേടിയ മാൽക്കം, സാഡിയോ മാനെ എന്നിവരാണ് റൊണാൾഡോക്ക് പിന്നിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നത്. റൊണാൾഡോയുടെ മികച്ച പ്രകടനം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടാനും അൽ നസ്റിനെ സഹായിച്ചു. മാനെ, ബ്രോസോവിച്ച്, ലപോർട്ട തുടങ്ങിയ താരങ്ങളെത്തി മികച്ച പ്രകടനം നടത്തുന്ന അൽ നസ്ർ ഇത്തവണ കിരീടം സ്വന്തമാക്കാനുറപ്പിച്ചു തന്നെയാണ്. റൊണാൾഡോയുടെ മികച്ച ഫോം അവർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു.
Ronaldo Top Scorer Of Saudi Pro League