റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ റൊണാൾഡോ പരിശീലനം ആരംഭിച്ചു, താരം റയലിലേക്ക് തിരിച്ചെത്തുമോ

പോർച്ചുഗൽ ലോകകപ്പിൽ നിന്നും പുറത്തായി ഒരാഴ്‌ച പോലും തികയും മുൻപേ ഫിറ്റ്നസ് നിലനിർത്താനുള്ള പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടായ വാൽഡെബെബാസിലാണ് റൊണാൾഡോ പരിശീലനം നടത്തുന്നത് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. 2018നു ശേഷം ആദ്യമായാണ് റൊണാൾഡോ റയൽ മാഡ്രിഡിന്റെ ട്രെയിനിങ് ഗ്രൗണ്ടിലേക്ക് തിരിച്ചു വരുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നടത്തിയ വിമർശനങ്ങൾ കാരണം ക്ലബ് താരത്തിന്റെ കരാർ അവസാനിപ്പിച്ചിരുന്നു. ഇതേത്തുടർന്ന് നിലവിൽ ഒരു ക്ലബില്ലാത്ത റൊണാൾഡോ പരിശീലനം നടത്താൻ റയൽ മാഡ്രിഡ് നേതൃത്വത്തെ സമീപിച്ചു. പരിശീലകനായ ആൻസലോട്ടിയും പ്രസിഡന്റ് പെരസും താരത്തെ സ്വാഗതം ചെയ്യുകയും ചെയ്‌തു. എന്നാൽ റയൽ മാഡ്രിഡ് ടീമിനൊപ്പമല്ല, മറിച്ച് ഒറ്റക്കാണ് റൊണാൾഡോ പരിശീലനം നടത്തുന്നത്.

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിനു വേണ്ടിയാണ് റൊണാൾഡോ തന്റെ ഫിറ്റ്നസ് വീണ്ടെടുക്കാൻ കഠിനാധ്വാനം ചെയ്യുന്നത്. പരിശീലകൻ കാർലോ ആൻസലോട്ടിക്ക് മതിപ്പുണ്ടാക്കി താരം റയൽ മാഡ്രിഡിലേക്ക് തിരിച്ചെത്തുമോ എന്നാണു ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്. റയൽ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായ റൊണാൾഡോ ഇപ്പോൾ ഫ്രീ ഏജന്റ് കൂടിയാണ്.

റയൽ മാഡ്രിഡ് താരത്തെ പരിഗണിക്കാൻ സാധ്യത കുറവാണ്. ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്ന റൊണാൾഡോ അതിനു യോഗ്യതയുള്ള ഏതെങ്കിലും ക്ലബിനെയാകും ലക്‌ഷ്യം വെക്കുന്നത്. എന്നാൽ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾ താരത്തെ സ്വന്തമാക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നില്ല. അത് ജനുവരി ജാലകത്തിലും ആവർത്തിക്കപ്പെടുമോയെന്ന ആശങ്കയും ആരാധകർക്കുണ്ട്.