അർജന്റീന ഭയക്കണം, ലോകകപ്പ് ഫൈനൽ കളിക്കാൻ കരിം ബെൻസിമയുമുണ്ടാകുമെന്ന് റിപ്പോർട്ടുകൾ

മൊറോക്കോയെ കീഴടക്കി ഖത്തർ ലോകകപ്പിന്റെ ഫൈനൽ പോരാട്ടത്തിന് ഫ്രാൻസ് യോഗ്യത നേടിക്കഴിഞ്ഞു. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മൊറോക്കോയെ കീഴടക്കിയ ഫ്രാൻസിന് അർജന്റീനയാണ് എതിരാളികൾ. ടൂർണമെന്റിൽ അർജന്റീന മികച്ച പ്രകടനം നടത്തി എങ്കിലും കലാശപ്പോരാട്ടത്തിനിറങ്ങുമ്പോൾ അവർക്ക് ആശങ്കയുണ്ടാക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്.

പരിക്ക് കാരണം ലോകകപ്പ് സ്‌ക്വാഡിൽ നിന്നും പുറത്തു പോയിരുന്ന കരിം ബെൻസിമ ഫൈനൽ പോരാട്ടത്തിന് ഫ്രാൻസ് ടീമിനൊപ്പം ചേരുമെന്നാണ് മുണ്ടോ ഡീപോർറ്റീവോ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിൽ നിന്നും മുക്തനായ ബെൻസിമ ഇപ്പോൾ റയൽ മാഡ്രിഡ് ടീമിനൊപ്പം പരിശീലനം നടത്തുകയാണ്. പകരക്കാരനായി ഒരു താരത്തെയും ഉൾപ്പെടുത്തിയിട്ടില്ല എന്നതിനാൽ ഇപ്പോഴും ഫ്രാൻസ് ടീമിന്റെ ഭാഗമായ ബെൻസിമക്ക് ഫൈനലിൽ ഫ്രാൻസ് ടീമിനൊപ്പം ചേരാൻ റയൽ മാഡ്രിഡ് അനുമതി നൽകിയിട്ടുമുണ്ട്.

അതേസമയം ബെൻസിമ വന്നാലും ഫ്രാൻസ് ടീമിനായി കളിക്കാനിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ടീമിനൊപ്പം ഇല്ലെന്നതിനാൽ താരം കളിക്കാനുള്ള സാധ്യത കുറവാണ്. ഫ്രാൻസ് ലോകകപ്പ് വിജയിച്ചാലും ഇല്ലെങ്കിലും അതിന്റെ ഭാഗമായി ലഭിക്കുന്ന മെഡലിന് താരം അർഹനാണ്. കിരീടം നേടിയാൽ അത് ടീമിനൊപ്പം ആഘോഷിക്കാൻ കൂടിയാവും താരം എത്തുന്നത്. കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയിട്ടുള്ള ബെൻസിമക്ക് ലോകകപ്പ് കൂടി സ്വന്തം പേരിലാക്കാനുള്ള അവസരമാണിത്. കഴിഞ്ഞ ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ താരം ഉണ്ടായിരുന്നില്ല.