“എംബാപ്പയാണ് മികച്ച താരമെന്ന്‌ ഫൈനലിൽ അർജന്റീനക്കെതിരെ തെളിയിക്കും”- ഫ്രഞ്ച് താരത്തിന്റെ മുന്നറിയിപ്പ്

ലോകകപ്പിന്റെ ഫൈനൽ പോരാട്ടം ലയണൽ മെസിയും കിലിയൻ എംബാപ്പയും തമ്മിലുള്ള മത്സരം കൂടിയാണ്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തുന്ന ഈ രണ്ടു താരങ്ങളും ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ചിട്ടുണ്ട്. ലയണൽ മെസി അഞ്ചു ഗോളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയപ്പോൾ എംബാപ്പെ അഞ്ചു ഗോളും രണ്ട് അസിസ്റ്റും ഈ ലോകകപ്പിൽ കുറിച്ചു. ഇവരിൽ തന്നെയാണ് ടീമിന്റെ പ്രതീക്ഷകളും.

അതേസമയം അർജന്റീനക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഫ്രാൻസിന്റെ മധ്യനിര താരമായ ഒറീലിയൻ ചുവാമെനി. ലോകകപ്പ് ഫൈനലിൽ ലോകത്തിലെ മികച്ച താരമാരാണെന്ന് ഫൈനലിൽ എംബാപ്പെ തെളിയിക്കുമെന്നാണ് ചുവാമേനി പറഞ്ഞത്. “ഗ്രീസ്‌മൻ പറഞ്ഞു മെസിയാണ് ലോകത്തിലെ മികച്ച താരമെന്ന്. എന്നാൽ എന്നെ സംബന്ധിച്ച് എംബാപ്പെയാണ് മികച്ച താരം. ഫൈനലിൽ എംബാപ്പെ അത് തെളിയിക്കും.”

ലയണൽ മെസി കരിയറിലെ ആദ്യത്തെ ലോകകപ്പ് നേടാനാണ് ഫ്രാൻസിനെതിരെ ഇറങ്ങുന്നത്. 2014 ലോകകപ്പ് ഫൈനലിൽ ജര്മനിയോട് കീഴടങ്ങിയ മെസിയെ സംബന്ധിച്ച് ഇത് ലോകകപ്പ് നേടാനുള്ള അവസാനത്തെ അവസരമാണ്. അതേസമയം പത്തൊൻപതാം വയസിൽ തന്നെ ലോകകപ്പ് നേടിയ താരമാണ് എംബാപ്പെ. അഞ്ചു ഗോൾ വീതം നേടിയ രണ്ടു താരങ്ങളും ലോകകപ്പ് ഗോൾഡൻ ബൂട്ട് കൂടി ഫൈനലിൽ ലക്‌ഷ്യം വെക്കുന്നുണ്ട്.

ഫ്രാൻസ് തുടർച്ചയായ രണ്ടാമത്തെ ലോകകപ്പ് ഫൈനലിനിറങ്ങുമ്പോൾ തുടർച്ചയായ രണ്ടാമത്തെ കിരീടം കൂടിയാണ് ലക്ഷ്യമിടുന്നത്. അതേസമയം മെസി തന്റെ കരിയറിലെ ആദ്യത്തെ ലോകകപ്പ് കിരീടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഫൈനലിൽ ഇറങ്ങുന്നത്. എന്നാൽ എല്ലാ പൊസിഷനിലും ഒന്നിലധികം മികച്ച താരങ്ങളുള്ള ഫ്രാൻസിനെ ഫൈനലിൽ മറികടക്കുക അർജന്റീനക്ക് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാകും.