മെസി കളിക്കുന്ന ഏതു ടീമും വ്യത്യസ്‌തമാണ്, അർജന്റീനയെ തടയുന്നതിനെക്കുറിച്ച് ഗ്രീസ്‌മൻ

അറുപതു വർഷത്തിനു ശേഷം ആദ്യമായി തുടർച്ചയായ രണ്ടു ലോകകപ്പുകൾ നേടുന്ന ടീമാകാൻ ഒരുങ്ങുകയാണ് ഫ്രാൻസ്. മൊറോക്കോയെ തോൽപ്പിച്ച് ഫൈനലിൽ എത്തിയ, ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ടീമായ ഫ്രാൻസിന് എതിരാളികൾ ലയണൽ മെസി നായകനായ അർജന്റീനയാണ്. ഇന്നലെ നടന്ന സെമി ഫൈനൽ മത്സരത്തിനു ശേഷം ലയണൽ മെസിയെക്കുറിച്ചും അർജന്റീന ടീമിനെ കുറിച്ചും ഫ്രാൻസിന്റെ സൂപ്പർതാരം ഗ്രീസ്‌മൻ സംസാരിക്കുകയുണ്ടായി.

“ലയണൽ മെസിയുള്ള ഏതൊരു ടീമും വ്യത്യസ്‌തമാണ്. ഞങ്ങൾ അർജന്റീന കളിക്കുന്നത് കണ്ടിട്ടുണ്ട്, അവർ എങ്ങിനെയാണ് കളിക്കുകയെന്നും ഞങ്ങൾക്കറിയാം. കളിക്കാൻ വളരെ ബുദ്ധിമുട്ടുള്ള അർജന്റീന ടീം ഇപ്പോൾ മികച്ച ഫോമിലാണുള്ളത്. മെസി മാത്രമല്ല അതിലുള്ളത്, വളരെ കരുത്തുറ്റ താരങ്ങളാണ് അവർക്കുള്ളത്. അതിനു പുറമെ കാണികളുടെ പിന്തുണയും ഉണ്ടാകും. ഞങ്ങൾ നന്നായി തയ്യാറെടുക്കേണ്ടതുണ്ട്.” സെമി ഫൈനലിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ഗ്രീസ്‌മൻ പറഞ്ഞു.

അർജന്റീന ടീം ലയണൽ മെസിയെ കേന്ദ്രീകരിച്ച് കളിക്കുമ്പോൾ ഫ്രാൻസ് ടീമിന്റെ ബുദ്ധികേന്ദ്രം ഗ്രീസ്‌മനാണ്. ക്ലബിൽ അത്ര മികച്ച ഫോമിലല്ലെങ്കിലും ഫ്രാൻസിനായി ഓരോ മത്സരത്തിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ലോകകപ്പിൽ ഗോൾഡൻ ബോൾ നേടാൻ സാധ്യത കൽപ്പിക്കപ്പെടുന്ന താരവും ഗ്രീസ്‌മൻ തന്നെയാണ്. അഞ്ചു ഗോളും മൂന്ന് അസിസ്റ്റും നേടിയ ലയണൽ മെസിയുടെ അർജന്റീനയും മികച്ച ഫോമിലാണ് കളിക്കുന്നതെങ്കിലും ഫ്രാൻസിന്റെ കരുത്തുറ്റ സ്‌ക്വാഡ് അവർക്ക് ഭീഷണി തന്നെയാണ്.