ബാഴ്‌സലോണ താരമാണ് തന്റെ പ്രിയപ്പെട്ട ഗോൾകീപ്പർ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹീറോ സച്ചിൻ സുരേഷ് പറയുന്നു | Sachin Suresh

തന്നെ രൂക്ഷമായി വിമർശിച്ചവരെക്കൊണ്ടു തന്നെ കയ്യടിപ്പിച്ച താരമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ സച്ചിൻ സുരേഷ്. സീസണിന്റെ തുടക്കത്തിൽ നടന്ന മത്സരങ്ങളിൽ വളരെ മോശം പ്രകടനം നടത്തിയതിനെ തുടർന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾവല കാക്കാൻ സച്ചിന് കഴിയില്ലെന്നും മലയാളി താരത്തെ ഒഴിവാക്കി പുതിയ ഗോൾകീപ്പർക്ക് അവസരം നൽകണമെന്നും വാദിച്ചവർ നിരവധിയായിരുന്നു.

എന്നാൽ സീസൺ ആരംഭിച്ചതിനു ശേഷം സച്ചിൻ സുരേഷ് നടത്തിയ പ്രകടനം ഏവരെയും അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. ടീമിനായി നിരവധി നിർണായകമായ സേവുകൾ നടത്തിയ താരം പെനാൽറ്റി കിക്കുകൾ വളരെ ലാഘവത്വത്തോടെ തടുത്തിടുന്നത് അതിശയിപ്പിക്കുന്ന കാഴ്‌ചയായിരുന്നു. കൂടുതൽ പരിചയസമ്പത്ത് വരുന്നതോടെ തന്റെ പ്രകടനവും മെച്ചപ്പെടുന്നുണ്ടെന്ന് താരം തെളിയിച്ചു.

ഇപ്പൊ തന്റെ ഏറ്റവും പ്രിയപ്പെട്ട ഗോൾകീപ്പർ ആരാണെന്ന് സച്ചിൻ സുരേഷ് വെളിപ്പെടുത്തിയിരിക്കുകയാണ്. ബാഴ്‌സലോണയുടെ ജർമൻ ഗോൾകീപ്പറായ മാർക് ആന്ദ്രേ ടെർ സ്റ്റീഗനാണ് തനിക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഗോൾകീപ്പറെന്നാണ് സച്ചിൻ സുരേഷ് പറയുന്നത്. ഒരുപാട് നാളുകളായി താരത്തെ താൻ വീക്ഷിക്കുന്നുണ്ടെന്നും എന്തുകൊണ്ടാണ് ടെർ സ്റ്റീഗനെ ഇഷ്‌ടമെന്നും സച്ചിൻ സുരേഷ് പറയുകയുണ്ടായി.

“ബാഴ്‌സലോണ താരം മാർക് ആന്ദ്രേ റ്റർ സ്റ്റീഗന്റെ ആരാധകനാണ് ഞാൻ. ഒരുപാട് നാളുകളായി ഞാൻ അദ്ദേഹത്തെ ആരാധിച്ചു കൊണ്ടിരിക്കുന്നു. വൺ ഓൺ വൺ സാഹചര്യങ്ങളിൽ അദ്ദേഹം കാലു കൊണ്ട് ചെയ്യുന്ന ടെക്‌നിക്ക് എനിക്ക് വളരെ ഇഷ്ടമാണ്. താരത്തിന്റെ കളി ഞാൻ ഇഷ്‌ടപ്പെടുന്നു, അദ്ദേഹമാണ് എന്റെ ആരാധനാപാത്രം.” സച്ചിൻ സുരേഷ് പറഞ്ഞു.

അതേസമയം യൂറോപ്യൻ ഫുട്ബോളിന്റെ ആരാധകർക്ക് സച്ചിൻ സുരേഷിന്റെ അഭിപ്രായത്തിൽ വ്യത്യസ്‌തമായ അഭിപ്രായങ്ങൾ ഉണ്ടാകുമെന്നുറപ്പാണ്. ക്വാർട്ടുവ, അലിസൺ, എഡേഴ്‌സൺ, എമിലിയാണോ മാർട്ടിനസ്, യാൻ ഒബ്ലാക്ക് എന്നിങ്ങനെ നിരവധി മികച്ച ഗോൾകീപ്പർമാർ യൂറോപ്പിലുണ്ട്. എന്തായാലും ബാഴ്‌സലോണക്കൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ യൂറോപ്പിൽ നിലവിലുള്ളവരിൽ ഏറ്റവും മികച്ച ഗോൾകീപ്പർ തന്നെയാണ് സച്ചിൻ സുരേഷിന്റെ ഹീറോ.

Sachin Suresh Reveals Ter Stegen Is His Idol