അവസാന മിനുട്ടിലെ അവിശ്വസനീയമായ പറക്കും സേവ്, വീണ്ടും ബ്ലാസ്‌റ്റേഴ്‌സിന്റെ രക്ഷകനായി സച്ചിൻ സുരേഷ് | Sachin Suresh

ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ ആരംഭിക്കുന്നതിനു മുൻപ് ഒരുപാട് വിമർശനങ്ങൾ കേട്ട താരമായിരുന്നു സച്ചിൻ സുരേഷ്. കഴിഞ്ഞ സീസണിലെ ഗോൾകീപ്പറായ ഗില്ലിനു പകരക്കാരനായി സച്ചിനെ തീരുമാനിച്ചതിനു ശേഷം നടന്ന ഡ്യൂറന്റ് കപ്പിൽ താരം ദുരന്തസമാനമായ പ്രകടനമാണ് നടത്തിയത്. കൃത്യമായി പന്ത് കൈപ്പിടിയിൽ ഒതുക്കാൻ കഴിയാത്ത താരമെന്ന വിമർശം ഏറ്റു വാങ്ങിയ സച്ചിൻ സുരേഷിനെ ബ്ലാസ്റ്റേഴ്‌സിന്റെ വല കാക്കാൻ ഏൽപ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കുമെന്ന് പലരും അഭിപ്രായപ്പെട്ടു.

എന്നാൽ സീസൺ ആരംഭിച്ചതോടെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ സച്ചിൻ സുരേഷ് ഉയർത്തെഴുന്നേറ്റു വരുന്നതാണ് കണ്ടത്. ഓരോ മത്സരത്തിലും കൂടുതൽ കൂടുതൽ മികച്ച പ്രകടനം നടത്തിയ താരം നിർണായകമായ സേവുകളുമായി ബ്ലാസ്റ്റേഴ്‌സിന്റെ രക്ഷകനായി. അതിൽ തന്നെ ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിലെ പെനാൽറ്റി സേവും അതിനു ശേഷം ഈസ്റ്റ് ബംഗാളിനെതിരെ നടന്ന മത്സരത്തിലെ രണ്ടു പെനാൽറ്റി സേവും താരത്തെ വിമർശിച്ചവരുടെ വായടപ്പിക്കുന്നതായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിൽ ഹീറോയായത് പ്രതിരോധതാരമായ ഡ്രിഞ്ചിച്ച് ആയിരുന്നു. ടീമിനായി വിജയഗോൾ നേടിയ താരത്തിന്റെ ഒരു ഷോട്ട് പോസ്റ്റിലടിച്ചും പുറത്തു പോയി. അതിനു പുറമെ പ്രതിരോധത്തിൽ വളരെ മികച്ച പ്രകടനം നടത്താനും മോണ്ടിനെഗ്രോ താരത്തിനായി. മൂന്നു മത്സരങ്ങളിലെ വിലക്കിനു ശേഷം തിരിച്ചെത്തിയ ഡ്രിഞ്ചിച്ച് മികച്ച പ്രകടനം നടത്തിയെങ്കിലും അതുപോലെ തന്നെ അഭിനന്ദനം സച്ചിൻ സുരേഷും അർഹിക്കുന്നുണ്ട്.

മത്സരത്തിലെ ആദ്യപകുതിയിൽ ഹൈദരാബാദ് താരത്തിന്റെ ഹെഡർ താരം മികച്ച രീതിയിൽ തടുത്തിട്ടത് ലീഡ് നേടുന്നതിൽ നിന്നും അവരെ തടഞ്ഞു. ഒരു ഗോളിന്റെ ലീഡിൽ കളിച്ചു കൊണ്ടിരുന്ന ബ്ലാസ്‌റ്റേഴ്‌സിനെ താരം ശരിക്കും രക്ഷിച്ചത് ഇഞ്ചുറി ടൈമിലായിരുന്നു. പകരക്കാരനായിറങ്ങിയ ഹൈദരാബാദ് താരം രാംലുൻചുങ്ങയുടെ ഒരു ലോങ്ങ് റേഞ്ചർ പോസ്റ്റിലേക്ക് വളഞ്ഞിറങ്ങിയത് അവിശ്വസനീയമായ രീതിയിലാണ് സച്ചിൻ സുരേഷ് തട്ടിയകറ്റിയത്.

ഒരു ലോകോത്തര ഗോൾകീപ്പറാണ് താനെന്നു തെളിയിച്ച ആ സേവിലൂടെ വിജയവും ക്ലീൻഷീറ്റും ഉറപ്പിക്കാൻ സച്ചിൻ സുരേഷിന് കഴിഞ്ഞു. സീസൺ തുടങ്ങുന്നതിനു മുൻപ് ഒരുപാട് വിമർശനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും സീസൺ ആരംഭിച്ചതോടെ അതിനെയെല്ലാം ഇല്ലാതാക്കാൻ താരത്തിന് കഴിഞ്ഞു. ഓരോ മത്സരങ്ങളിലും കൂടുതൽ കൂടുതൽ മെച്ചപ്പെട്ടു വരുന്ന സച്ചിൻ സുരേഷിനെയാണ് കാണാൻ കഴിയുന്നത്. ഇപ്പോഴും ചില പരിമിതികൾ ഉണ്ടെങ്കിലും അതെല്ലാം മാറ്റിയെടുക്കാൻ താരത്തിന് കഴിയുമെന്നുറപ്പാണ്.

Sachin Suresh Saves Helped Kerala Blasters Win