ഇതുവരെ ഐഎസ്എൽ നേടാനായില്ല, കിരീടം സ്വന്തമാക്കാനാണ് മോഹൻ ബഗാനിലെത്തിയതെന്ന് സഹൽ | Sahal

കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും മോഹൻ ബഗാനിലേക്കുള്ള സഹൽ അബ്‌ദുൾ സമദിന്റെ ട്രാൻസ്‌ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ആറു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള സഹൽ സന്തോഷ് ട്രോഫിക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് യൂത്ത് ടീമിലെത്തി അവിടെ നിന്നുമാണ് സീനിയർ ടീമിലെത്തിയത്. വളരെയധികം പ്രതിഭയുള്ള താരം കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വളരെ പ്രിയങ്കരനായ കളിക്കാരൻ കൂടിയായിരുന്നു.

എന്നാൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയതിനു പിന്നാലെ സഹലിനോടുള്ള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ സ്നേഹം ഇല്ലാതാകുന്നതിനുള്ള എല്ലാ ലക്ഷണങ്ങളുമുണ്ട്. മോഹൻ ബഗാൻ ട്രാൻസ്‌ഫർ പ്രഖ്യാപനം നടത്തിയതിനു പിന്നാലെ സഹൽ ക്ലബിനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ എതിരാളികൾക്ക് ട്രോളാനുള്ള വക സഹലിന്റെ വാക്കുകൾ നൽകുന്നുണ്ടെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

“മോഹൻ ബഗാനെപ്പോലൊരു ടീമിലെത്താൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. മോഹൻ ബഗാൻ ജേഴ്‌സി അണിയുന്നത് മറ്റൊരുതരം അനുഭവമാണ് നൽകുന്നതെന്ന് എന്റെ സഹതാരങ്ങളിൽ നിന്നും ഞാൻ അറിഞ്ഞിട്ടുണ്ട്. ഇന്ത്യയിൽ മോഹൻ ബഗാൻ ഏറ്റവും മികച്ചതാകുമെന്ന് ഞാൻ കരുതുന്നു. ഇതുവരെ ഒരു ഐഎസ്എൽ കിരീടം പോലും നേടാൻ കഴിയാത്ത ഞാൻ അതിനു കൂടി വേണ്ടിയാണ് ഇവിടെ എത്തിയത്.” സഹൽ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ച് നിരാശ നൽകുന്ന വാക്കുകളാണ് സഹലിൽ നിന്നും ഉണ്ടായിരിക്കുന്നത്. ഐഎസ്എൽ ആരംഭിച്ച് ഇതുവരെ ഒരു തവണ പോലും കിരീടം നേടാൻ കഴിയാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. അതിന്റെ പേരിൽ എതിരാളികളിൽ നിന്നും ട്രോളുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സഹലിന്റെ വാക്കുകളിലൂടെ കൂടുതൽ പരിഹാസങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.

Sahal Joined Mohun Bagan To Won ISL