അറിയേണ്ടത് നെയ്‌മർ പിഎസ്‌ജി വിടുമോയെന്നു മാത്രം, സ്വന്തമാക്കാൻ തയ്യാറായി പ്രീമിയർ ലീഗ് ക്ലബ് | Neymar

പിഎസ്‌ജിയുടെ ബ്രസീലിയൻ സൂപ്പർതാരമായ നെയ്‌മർ അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകുമോയെന്ന കാര്യത്തിൽ സംശയങ്ങൾ തുടരുകയാണ്. കഴിഞ്ഞ സീസണിൽ തന്റെ വീടിന്റെ മുന്നിലടക്കം ആരാധകർ പ്രതിഷേധം ഉയർത്തിയതിനാൽ തന്നെ നെയ്‌മർ പിഎസ്‌ജിയിൽ തുടരില്ലെന്നാണ് ഏവരും കരുതിയത്. എന്നാൽ എംബാപ്പെ ക്ലബ് വിടാനൊരുങ്ങുന്നതും എൻറിക് പരിശീലകനായി എത്തിയതും നെയ്‌മർ ക്ലബിൽ തുടരാനുള്ള സാധ്യത വർധിപ്പിച്ചിട്ടുണ്ട്.

നെയ്‌മർ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ തന്നെ നിരവധി ക്ലബുകൾ താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. സൗദിയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നെങ്കിലും യൂറോപ്പിൽ തന്നെ തുടരാനാണ് നെയ്‌മർക്ക് താൽപര്യം. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബുകളാണ് നെയ്‌മറുടെ സാഹചര്യം സൂക്ഷമമായി നിരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം നെയ്‌മർ ഫ്രഞ്ച് ക്ലബിനൊപ്പം തന്നെ തുടരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഏതെങ്കിലും തരത്തിൽ ബ്രസീലിയൻ താരം പിഎസ്‌ജി വിടാമെന്ന തീരുമാനം എടുക്കുകയാണെങ്കിൽ താരത്തെ സ്വന്തമാക്കാൻ ചെൽസി രംഗത്തുണ്ട്. നെയ്‌മറുടെ തീരുമാനം അറിഞ്ഞാൽ അവർ അതിനുള്ള നീക്കങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതേസമയം ചെൽസിയുടെ ഓഫർ നെയ്‌മർ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. അവർക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെന്നതു തന്നെയാണ് അതിനു കാരണം. എൻറിക് വന്നതിനാൽ നെയ്‌മർ പിഎസ്‌ജിയിൽ തുടരാനുള്ള സാധ്യത കൂടുതലാണെങ്കിലും പരിക്ക് കാരണം വമ്പൻ തുക പ്രതിഫലം വാങ്ങുന്ന താരത്തിന് മത്സരങ്ങൾ നഷ്‌ടമാകുന്നുണ്ടെന്നത് ക്ലബിന് ആശങ്ക തന്നെയാണ്.

Chelsea To Sign Neymar If He Leaves PSG