സന്തോഷ് ട്രോഫി ഇനി മുതൽ വേറെ ലെവെലിലേക്ക്, ഫിഫ സന്തോഷ് ട്രോഫി എന്നു പേരുമാറ്റി | Santosh Trophy

ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായ മെൻസ് സീനിയർ നാഷണൽ ചാമ്പ്യൻഷിപ്പ് എന്ന സന്തോഷ് ട്രോഫി ഇനി മുതൽ ഫിഫ സന്തോഷ് ട്രോഫി എന്ന പേരിൽ അറിയപ്പെടും. കഴിഞ്ഞ ദിവസം ന്യൂ ഡൽഹിയിലെ ഫുട്ബോൾ ഹൗസിൽ നടന്ന ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ മീറ്റിങ്ങിനു ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്. നിരവധി കാര്യങ്ങൾ ചർച്ച ചെയ്യാൻ വേണ്ടി നടന്ന യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇത്.

“ഫിഫയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, സന്തോഷ് ട്രോഫി ടൂർണമെന്റ് ഫിഫ സന്തോഷ് ട്രോഫി എന്നു പേര് മാറ്റാൻ തീരുമാനിച്ച വിവരം ഞാൻ സന്തോഷത്തോടെ അറിയിക്കുകയാണ്. ഇതിനർത്ഥം ഈ ടൂർണമെന്റ് നടത്താൻ അരുണാചൽ പ്രദേശിൽ നിന്നുമുള്ള ഒഫീഷ്യൽസിനൊപ്പം ചേരാൻ വേണ്ടി ഫിഫ ഒഫീഷ്യൽസ് കൂടിയെത്തും എന്നാണു. ഇതിനു പുറമെ ഫിഫ പ്രസിഡന്റായ ജിയാനി ഇൻഫാന്റിനോ ഫൈനൽ മത്സരം കാണാൻ എത്തുമെന്നും പ്രതീക്ഷിക്കുന്നു.” എഐഎഫ്എഫ് പ്രസിഡന്റ് കഴിഞ്ഞ ദിവസം പറഞ്ഞു.

1941ലാണ് സന്തോഷ് ട്രോഫി ടൂർണമെന്റ് ആരംഭിക്കുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഫുട്ബോൾ ടീമുകളാണ് കിരീടത്തിനായി പോരാടുക. മുപ്പത്തിരണ്ട് തവണ കിരീടം നേടിയ വെസ്റ്റ് ബംഗാളാണ് ഇക്കാര്യത്തിൽ മറ്റുള്ളവരേക്കാൾ ബഹുദൂരം മുന്നിൽ നിൽക്കുന്നത്. എട്ടു തവണ കിരീടം നേടിയ പഞ്ചാബ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ ഏഴു തവണ കിരീടം നേടുകയും എട്ടു തവണ റണ്ണർ അപ്പ് ആവുകയും ചെയ്‌ത കേരളം മൂന്നാം സ്ഥാനത്തുമാണ്.

ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബോൾ ടൂർണമെന്റുകളിൽ ഒന്നായിരുന്നു സന്തോഷ് ട്രോഫി. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി അതിനു വേണ്ടത്ര ശ്രദ്ധ ലഭിക്കുന്നില്ല. എന്നാൽ ഫിഫയുടെ അംഗീകാരവും പിന്തുണയും ലഭിക്കുന്നതോടെ ടൂർണമെന്റിന്റെ മുഖഛായ തന്നെ മാറുമെന്ന കാര്യത്തിൽ സംശയമില്ല. ടൂർണമെന്റിന്റെ നിലവാരവും മികവും വർധിപ്പിക്കാൻ ഇതിനു കഴിയും. ഇന്ത്യൻ ഫുട്ബോളിന് പ്രതീക്ഷ നൽകുന്ന ഒരു വാർത്തയാണിത്.

ഈ സീസണിലെ സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ആദ്യത്തെ റൌണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ പന്ത്രണ്ടു ടീമുകൾ ഫൈനൽ റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ജേതാക്കളും റണ്ണറപ്പുകളുമായ കർണാടക, മേഘാലയ എന്നീ ടീമുകൾക്ക് പുറമെ ഗോവ, ഡൽഹി, മണിപ്പൂർ, സർവീസസ്, ആസാം, മഹാരാഷ്ട്ര, കേരളം, മിസോറാം, റയിൽവെയ്‌സ്, ആതിഥേയരായ അരുണാചൽ എന്നിവരാണ് ഫൈനൽ റൗണ്ടിൽ കളിക്കുക. മാർച്ചിലാണ്‌ ഫൈനൽ നടക്കുക.

Santosh Trophy To Be Known As FIFA Santosh Trophy