ലയണൽ മെസിയെ ഒരൊറ്റ വാക്കിൽ വിശേഷിപ്പിച്ച് സിദാൻ, ആരാധകർക്ക് ആവേശമായി ഇരുവരുടെയും കൂടിക്കാഴ്‌ച | Messi

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച രണ്ടു താരങ്ങളാണ് ലയണൽ മെസിയും സിനദിൻ സിദാനും. കുറച്ചു കാലങ്ങൾക്കു മുൻപ്, മെസി ബാഴ്‌സലോണ നായകനായും സിദാൻ റയൽ മാഡ്രിഡ് പരിശീലകനായും നിന്നിരുന്ന സമയത്ത് രണ്ടു പേരും എതിർചേരിയിൽ ആയിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം എന്നും വളരെ മികച്ചതായിരുന്നു. ബഹുമാനത്തോടു കൂടി ഒരുപാട് തവണ പരസ്‌പരം ബഹുമാനവും ആദരവും നൽകി സംസാരിക്കുന്നത് നിരവധി തവണ കണ്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇരുവരും തമ്മിൽ നടത്തിയ അഭിമുഖമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നത്. രണ്ടു താരങ്ങളുടെയും ഔദ്യോഗിക സ്പോൺസർമാരായ അഡിഡാസ് ആണ് ഇരുവരെയും ഒരുമിച്ചു കൊണ്ടുവന്നത്. ഫുട്ബോൾ കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കുകയും നായകനെന്ന തങ്ങളുടെ ടീമിനെ മുന്നിൽ നിന്ന് നയിക്കുകയും ചെയ്‌തിട്ടുള്ള ഈ രണ്ടു താരങ്ങളും തമ്മിലുള്ള അഭിമുഖവും അവരുടെ കരിയർ പോലെത്തന്നെ മനോഹരമായ ഒന്നായിരുന്നു.

ഇരുവരും തമ്മിലുള്ള അഭിമുഖത്തിനിടയിൽ ക്യാമറാമാൻ രണ്ടു പേരും പരസ്‌പരം മൂന്നു വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. അതിനു വളരെ പെട്ടന്നായിരുന്നു സിദാൻ മറുപടി നൽകിയത്. തനിക്ക് മെസിയെ വിശേഷിപ്പിക്കാൻ മൂന്നു വാക്കുകളുടെ ആവശ്യമില്ലെന്നു പറഞ്ഞ സിദാൻ ഒരൊറ്റ വാക്കു മാത്രമാണ് ഉപയോഗിച്ചത്. ‘മാജിക്’ എന്ന വാക്കാണ് ലയണൽ മെസിയെ വിശേഷിപ്പിക്കാൻ സിദാൻ ഉപയോഗിച്ചത്. ലയണൽ മെസിയെ താൻ വളരെയധികം ആരാധിക്കുന്നുണ്ടെന്നും സിദാൻ പറഞ്ഞു.

പന്ത് സ്വീകരിക്കുന്നതിന് മുൻപേ തന്നെ താനെന്താണ് ചെയ്യേണ്ടതെന്നു വ്യക്തമായ ധാരണയുള്ള താരമാണ് ലയണൽ മെസിയെന്നാണ് സിദാൻ പറയുന്നത്. ഫുട്ബോളിനെ വളരെയധികം മനസിലാക്കുന്ന ഒരു താരമെന്നതു കൊണ്ട് തന്നെ മെസിയെ കളിക്കളത്തിൽ കാണുന്നത് തന്നെ സന്തോഷമാണെന്നും താരത്തിന്റെ കളിക്കളത്തിലെ നീക്കങ്ങൾ തനിക്ക് മനസിലാക്കാൻ കഴിയുമെന്നും സിദാൻ പറഞ്ഞു. തങ്ങൾ തമ്മിൽ ഒരു കണക്ഷൻ ഉണ്ടെന്നും സിദാൻ അഭിമുഖത്തിനിടെ വ്യക്തമാക്കി.

ലോകകപ്പ് ഫൈനലിൽ ഗോൾ നേടിയതിന്റെ അനുഭവത്തെക്കുറിച്ച് സിദാൻ ചോദിച്ചപ്പോൾ ലയണൽ മെസി നൽകിയ മറുപടിയും മനോഹരമായിരുന്നു. അത് നമുക്ക് രണ്ടു പേർക്കും അറിയാവുന്ന കാര്യമാണല്ലോ എന്നായിരുന്നു മെസിയുടെ മറുപടി. മെസിയും സിദാനും ലോകകപ്പ് ഫൈനലുകളിൽ ഗോൾ നേടിയ താരങ്ങളാണ്. രണ്ടു പേരും രണ്ടിന് ഫൈനലുകൾ കളിച്ചപ്പോൾ സിദാൻ രണ്ടിലും ഗോൾ നേടി. മെസി കഴിഞ്ഞ ലോകകപ്പ് ഫൈനലിലാണ് ആദ്യമായി ഗോൾ നേടുന്നത്.

Zidane Has One Word To Describe Messi