വമ്പൻ താരങ്ങളുള്ള സൗദി അറേബ്യൻ ക്ലബുകളെയും പിന്നിലാക്കി കേരള ബ്ലാസ്റ്റേഴ്‌സ്, ഏഷ്യയിൽ തന്നെ മുൻനിരയിൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച ആരാധകപിന്തുണയുള്ള ക്ലബുകളിൽ ഒന്നായ കേരള ബ്ലാസ്റ്റേഴ്‌സ് അക്കാര്യത്തിൽ ആഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. 2014ൽ മാത്രമാണ് രൂപീകരിക്കപ്പെട്ടത് എങ്കിലും അതിനു ശേഷം നൂറ്റാണ്ടുകൾ പഴക്കമുള്ള പല ക്ലബുകളെയും പിന്നിലാക്കുന്ന തരത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകക്കൂട്ടം വളർന്നത്. ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മറികടക്കാൻ മറ്റൊരു ടീമിനും കഴിയില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയിട്ടുണ്ട്.

ഇപ്പോൾ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച ആരാധകരായി കേരള ബ്ലാസ്റ്റേഴ്‌സ് മാറുന്നതിന്റെ ലക്ഷണങ്ങളാണ് കാണാൻ കഴിയുന്നത്. കഴിഞ്ഞ ദിവസം ഡീപോർട്ടസ് ആൻഡ് ഫിനാൻസസ് റിപ്പോർട്ട് ചെയ്‌തത്‌ പ്രകാരം ഏഷ്യയിൽ തന്നെ ഏറ്റവുമധികം ഇൻസ്റ്റഗ്രം ഇന്ററാക്ഷൻസ് നടന്ന ക്ലബുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഒക്ടോബർ മാസത്തിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസ് നടന്ന ക്ലബുകളുടെ വിവരങ്ങളാണ് അവർ പുറത്തുവിട്ടത്.

കണക്കുകൾ പ്രകാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്ന സൗദി അറേബ്യൻ ക്ലബായ അൽ നസ്ർ മാത്രമാണ് ഇക്കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന് മുന്നിലുള്ളത്. 81.9 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസുമായി അൽ നസ്ർ ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് അവരെക്കാൾ കുറച്ചു പിന്നിലാണ്. 25.2 മില്യൺ ഇൻസ്റ്റാഗ്രാം ഇന്ററാക്ഷൻസാണ് കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്. 20.8 മില്യൺ ഇന്ററാക്ഷൻസുള്ള ഇറാനിയൻ ക്ലബായ പേഴ്സെപൊളിസാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

അൽ നസ്രിനെക്കാൾ വളരെയധികം പിന്നിലാണെങ്കിലും കേരള ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് ഈ നേട്ടം അഭിമാനിക്കാനുള്ള വക തന്നെയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന താരം കളിക്കുന്ന ക്ലബ് ആയതിനാൽ തന്നെ ഇക്കാര്യത്തിൽ അൽ നസ്‌റിനെ മറികടക്കുക പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ നെയ്‌മർ കളിക്കുന്ന അൽ ഹിലാൽ, ബെൻസിമ കളിക്കുന്ന അൽ ഇത്തിഹാദ് തുടങ്ങി വമ്പൻ താരങ്ങളുള്ള നിരവധി സൗദി ക്ലബുകളെ കേരള ബ്ലാസ്റ്റേഴ്‌സ് മറികടന്നിട്ടുണ്ട്.

ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നൊരു വമ്പൻ താരം ഇല്ലായിരുന്നെങ്കിൽ ഇക്കാര്യത്തിൽ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്ലബായ കേരള ബ്ലാസ്റ്റേഴ്‌സ് മാറിയേനെ. എന്തായാലും ഇന്ത്യയിലെ ഒരു ചെറിയ സംസ്ഥാനമായ കേരളത്തിലെ ഒരു ക്ലബ് ഏഷ്യയിൽ തന്നെ മുന്നിലേക്ക് വരുന്നത് ആരാധകരെ സംബന്ധിച്ച് ആവേശം നൽകുന്ന കാര്യമാണ്. ആരാധകർ തന്നെയാണ് ഇതിനു പിന്നിലെ പ്രധാന കരുത്തായി പ്രവർത്തിച്ചിട്ടുള്ളത് എന്ന കാര്യത്തിലും സംശയമില്ല.

Kerala Blasters Second In Asia In Instagram Interactions In Octotber