റയൽ മാഡ്രിഡ് ജേഴ്‌സിയണിയാമെന്ന് എംബാപ്പെ ഇനി മോഹിക്കണ്ട, താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും ലോസ് ബ്ലാങ്കോസ് പിൻമാറി | Mbappe

നിരവധി തവണ റയൽ മാഡ്രിഡിനെ കൊതിപ്പിച്ചു കടന്നു കളഞ്ഞ താരമാണ് കിലിയൻ എംബാപ്പെ. റയൽ മാഡ്രിഡിലേക്ക് ചേക്കേറാനുള്ള തന്റെ ആഗ്രഹം പല തവണ വെളിപ്പെടുത്തിയ താരം രണ്ടു സീസണുകൾക്കു മുൻപ് സ്പെയിനിലെത്തുമെന്ന് ഏവരും പ്രതീക്ഷിച്ചതായിരുന്നു. എന്നാൽ അവസാന നിമിഷം അതിൽ നിന്നും പിൻമാറിയ താരം പിഎസ്‌ജിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. അതിനു ശേഷം ഇക്കഴിഞ്ഞ സമ്മറിലും താരം റയലിലെത്തുമെന്ന് പലരും പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല.

ഈ സീസണോടെ പിഎസ്‌ജിയുമായുള്ള കരാർ അവസാനിക്കുന്ന എംബാപ്പെ അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി ക്ലബ്ബിലേക്ക് വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. എന്നാൽ റയൽ മാഡ്രിഡ് ജേഴ്‌സി അണിയാമെന്ന തന്റെ മോഹം സാക്ഷാത്കരിക്കാൻ എംബാപ്പെക്ക് കഴിയില്ലെന്നാണ് നിലവിൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. സ്‌പാനിഷ്‌ മാധ്യമമായ കദന സെറിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കത്തിൽ നിന്നും റയൽ മാഡ്രിഡ് പൂർണമായും പിന്മാറിയിട്ടുണ്ട്.

റയൽ മാഡ്രിഡിന്റെ ഈ തീരുമാനത്തിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. അടുത്ത സമ്മറിൽ ഫ്രീ ഏജന്റായി എംബാപ്പയെ സ്വന്തമാക്കുകയാണെങ്കിൽ എംബാപ്പെക്ക് വലിയ തുക സൈനിങ്‌ ബോണസായി റയൽ മാഡ്രിഡ് നൽകേണ്ടി വരും. ഇനി ഫ്രീ ട്രാൻസ്‌ഫർ അല്ലെങ്കിൽ പിഎസ്‌ജി ആവശ്യപ്പെടുന്ന ട്രാൻസ്‌ഫർ തുക നൽകിയേ താരത്തെ സ്വന്തമാക്കാൻ കഴിയൂ. അതിനു പുറമെ എംബാപ്പെക്ക് ഉയർന്ന തുക പ്രതിഫലം നൽകേണ്ടി വരുമെന്നതും റയൽ മാഡ്രിഡിനെ പുറകോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

അതിനു പുറമെ എംബാപ്പയുടെ പ്രായവും റയൽ മാഡ്രിഡിന്റെ തീരുമാനത്തെ സ്വാധീനിച്ച ഘടകമാണ്. അടുത്ത സീസണിൽ എംബാപ്പയുടെ പ്രായം ഇരുപത്തിയാറാണ്. റയൽ മാഡ്രിഡിന്റെ നിലവിലെ പോളിസി പ്രകാരം അവർ യുവതാരങ്ങളെ ടീമിലെത്തിക്കാനാണ് ശ്രമിക്കുന്നത്. ഇരുപതു വയസിൽ താഴെയുള്ള താരങ്ങളെയാണ് ടീം പ്രധാനമായും ഉന്നം വെക്കുന്നത്. അതിനു പുറമെ രണ്ടു സീസണുകൾക്കു മുൻപ് എംബാപ്പെ തങ്ങളെ അവഗണിച്ചതിന്റെ മുറിവുകൾ റയലിൽ പലർക്കും ഉണങ്ങിയിട്ടുമില്ല.

സൂചനകൾ ഒക്കെ ശരിയാണെങ്കിൽ എംബാപ്പെ ഇനിയും പിഎസ്‌ജി താരമായി തുടരാനാണ് സാധ്യത. അതേസമയം താരത്തെ സ്വന്തമാക്കുന്നതിൽ നിന്നും റയൽ മാഡ്രിഡ് പിന്മാറിയ സ്ഥിതിക്ക് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്നുള്ള ക്ലബുകൾ അതിനായി ശ്രമം നടത്താനുള്ള സാധ്യതയുണ്ട്. ബെല്ലിങ്ങ്ഹാം അടക്കമുള്ള താരങ്ങൾ റയൽ മാഡ്രിഡ് ജേഴ്‌സിയിൽ മിന്നുന്ന ഫോമിൽ കളിച്ചു കൊണ്ടിരിക്കുന്നതിനാൽ റയൽ മാഡ്രിഡ് എംബാപ്പയെ തഴയാൻ തന്നെയാണ് സാധ്യത.

Real Madrid Decided Not Sign Kylian Mbappe