സൗദി ക്ലബുകളുടെ ചാമ്പ്യൻസ് ലീഗ് മോഹം മാറ്റി വെച്ചോളൂ, രൂക്ഷമായ വിമർശനവുമായി യുവേഫ പ്രസിഡന്റ് | UEFA

ക്രിസ്റ്റ്യാനോ റൊണാൾഡോയിലൂടെ തുടങ്ങിയ ട്രാൻസ്‌ഫർ വിപ്ലവം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലും തുടർന്നു കൊണ്ടിരിക്കുന്ന സൗദി അറേബ്യ യൂറോപ്പിൽ നിന്നും നിരവധി വമ്പൻ താരങ്ങളെ അവിടെയുള്ള ക്ലബുകളിൽ എത്തിക്കുകയുണ്ടായി. നെയ്‌മർ, ബെൻസിമ, സാഡിയോ മാനെ, ഫിർമിനോ, കാന്റെ തുടങ്ങി നിരവധി കളിക്കാർ സൗദിയിലെ വിവിധ ക്ലബുകളിൽ എത്തിയത് യൂറോപ്യൻ ഫുട്ബോളിനെ ചെറിയ രീതിയിൽ പിടിച്ചു കുലുക്കിയിരുന്നു. പല പരിശീലകരും ഇതിനെതിരെ ശബ്‌ദിക്കുകയും ചെയ്‌തു.

അതിനിടയിൽ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ സൗദി അറേബ്യ ശ്രമം നടത്തുന്നുണ്ടെന്ന വാർത്തയും പുറത്തു വന്നിരുന്നു. അടുത്ത സീസൺ മുതൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം വർധിക്കും എന്നിരിക്കെ സൗദിയിൽ നിന്നുള്ള ടീമുകളെ പ്രത്യേക നിയമം ഉപയോഗിച്ച് ടൂർണമെന്റിൽ കളിപ്പിക്കാനുള്ള നീക്കങ്ങളാണ് അവർ നടത്തിയത്. എന്നാൽ സൗദിയിലെ ക്ലബുകൾ ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്ന യാതൊരു പ്രതീക്ഷയും വേണ്ടെന്നാണ് യുവേഫ പ്രസിഡന്റ് അലസാൻഡ്രോ സെഫെറിൻ കഴിഞ്ഞ ദിവസം പറഞ്ഞത്.

“ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ്, കോൺഫറൻസ് ലീഗ് എന്നിവയിൽ കളിക്കാൻ കഴിയുക യൂറോപ്പിലെ ക്ലബുകൾക്ക് മാത്രമാണ്. സൗദി അറേബ്യയിൽ നിന്നുള്ള ക്ലബുകൾ ഒരിക്കലും യൂറോപ്പിലെ ഒരു ടൂർണമെന്റിലും കളിക്കുകയില്ല.യൂറോപ്യൻ ഫെഡറേഷനിലുള്ളവർക്ക് മാത്രമാണ് ഫൈനൽ നടത്താൻ അപേക്ഷിക്കാനും കഴിയുക. അതിൽ മാറ്റമുണ്ടാകണമെങ്കിൽ നിയമങ്ങളെല്ലാം മാറണം, ഞങ്ങളത് ചെയ്യാൻ ഉദ്ദേശിച്ചിട്ടില്ല.” കഴിഞ്ഞ ദിവസം യുവേഫയുടെ ചടങ്ങിനിടെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആഗ്രഹങ്ങളൊന്നുമില്ലാത്ത താരങ്ങളാണ് സൗദി അറേബ്യൻ ക്ലബുകളിലേക്ക് ചേക്കേറുന്നതെന്ന വിമർശനവും സെഫെറിൻ നടത്തുകയുണ്ടായി. സൗദി ലീഗ് ഇപ്പോൾ പണം ചിലവഴിച്ചു താരങ്ങളെ സ്വന്തമാക്കുന്നത് ഇതിനു മുൻപ് ചൈനീസ് ലീഗ് പണം ചെലവഴിച്ചിരുന്നത് പോലെയാണെന്നും അത് ഒരുപാട് കാലം തുടരില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഹാലാൻഡ്, എംബാപ്പെ പോലുള്ള താരങ്ങൾ സൗദി അറേബ്യയിലേക്ക് പോകുന്നത് സ്വപ്‌നം കാണുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Saudi clubs Never Plays In UEFA Competitions