എംബാപ്പെ പിഎസ്‌ജിയുമായി കരാർ പുതുക്കും, എങ്കിലും സ്വന്തമാക്കാൻ റയൽ മാഡ്രിഡിനു മുന്നിൽ വഴിയുണ്ട് | Mbappe

ഒട്ടനവധി അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും ശേഷം ഫ്രഞ്ച് മുന്നേറ്റനിര താരമായ കിലിയൻ എംബാപ്പെ പിഎസ്‌ജി കരാർ പുതുക്കുമെന്നു റിപ്പോർട്ടുകൾ. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പിഎസ്‌ജി വിടുമെന്ന് ഏവരും പ്രതീക്ഷിച്ച താരമാണ് ക്ലബുമായി കരാർ പുതുക്കാനായി ഒരുങ്ങുന്നത്. ഒരു വർഷം മാത്രം കരാർ ബാക്കി നിൽക്കെ അത് പുതുക്കാനില്ലെന്ന് അറിയിച്ചതിന്റെ ഭാഗമായി പ്രീ സീസൺ മത്സരങ്ങൾക്കുള്ള ടീമിൽ നിന്നടക്കം പുറത്തു പോയ എംബാപ്പെ പിന്നീട് തന്റെ നിലപാട് മാറ്റുകയാണുണ്ടായതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.

റിപ്പോർട്ടുകൾ പ്രകാരം 2026 വരെയുള്ള കരാറാണ് എംബാപ്പെ ഫ്രഞ്ച് ക്ലബുമായി ഒപ്പിടാൻ പോകുന്നത്. അതേസമയം റയൽ മാഡ്രിഡിന് അടുത്ത സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ തന്നെ താരത്തെ സ്വന്തമാക്കാനുള്ള അവസരമൊരുക്കുന്ന രീതിയിലാണ് താരം പുതിയ കരാർ ഒപ്പിടുന്നുണ്ടാവുക. 2024ൽ ഒരു നിശ്ചിത തുക റിലീസിംഗ് ക്ലോസ് നൽകിയാൽ താരത്തെ സ്വന്തമാക്കാൻ മറ്റു ക്ലബുകൾക്ക് കഴിയുമെന്ന ഉടമ്പടി എംബാപ്പെ കരാറിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. ഇതിലെ തുക സംബന്ധിച്ച് തീരുമാനമൊന്നും ആയിട്ടില്ല.

നെയ്‌മർ അടക്കമുള്ള താരങ്ങൾ ക്ലബ് വിട്ടതോടെയാണ് പിഎസ്‌ജി നേതൃത്വവുമായി അകന്നു നിന്നിരുന്ന എംബാപ്പെ തന്റെ നിലപാട് മാറ്റിയത്. താരത്തിനൊപ്പം ആക്രമണനിരയിൽ അണിനിരത്താൻ ബാഴ്‌സലോണ താരമായിരുന്ന ഒസ്മാനെ ഡെംബലെയെ പിഎസ്‌ജി ടീമിലെത്തിച്ചിരുന്നു. അതിനു പുറമെ മറ്റൊരു ഫ്രഞ്ച് താരമായ റാൻഡൽ കൊളോ മുവാനിക്ക് വേണ്ടി പിഎസ്‌ജി ശ്രമം നടത്തുന്നുമുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ജർമൻ ലീഗിൽ കളിക്കുന്ന താരം ട്രാൻസ്‌ഫറിൽ സമ്മർദ്ദം ചെലുത്താൻ ട്രൈനിങ്ങിൽ നിന്നും വിട്ടു നിൽക്കുന്നുണ്ട്.

അതേസമയം എംബാപ്പെ പിഎസ്‌ജിയുമായി പുതിയ കരാറൊപ്പിട്ടാൽ താരത്തെ സ്വന്തമാക്കുന്ന കാര്യത്തിൽ റയൽ മാഡ്രിഡ് പുനർചിന്തനം നടത്താനുള്ള സാധ്യതയുണ്ട്. താരത്തിന്റെ റിലീസിംഗ് ക്ലോസ് എത്രയാണ് എന്നതിനെ അടിസ്ഥാനമാക്കിയാവും അതുണ്ടാവുക. റിലീസിംഗ് ക്ലോസ് ന്യായമായ തുകയാണെങ്കിൽ റയൽ മാഡ്രിഡ് താരത്തിനായി ശ്രമം നടത്തും. അതല്ലെങ്കിൽ മാഞ്ചസ്റ്റർ സിറ്റി താരമായ എർലിങ് ഹാലൻഡിനു വേണ്ടി ശ്രമം നടത്താനുള്ള പദ്ധതിയിലാണ് റയൽ മാഡ്രിഡ്.

Mbappe To Extend PSG Contract Until 2026