ഇരുപത്തിമൂന്നാം വയസിൽ മെസിയെ രണ്ടാമനാക്കി, ബാലൺ ഡി ഓറിലും മെസി രണ്ടാമനാകുമോ | Haaland

ഓസ്ട്രിയൻ ക്ലബായ റെഡ്ബുൾ സാൽസ്ബർഗിൽ കളിക്കുന്ന സമയത്ത് തന്നെ യൂറോപ്പിൽ പേരെടുത്ത ഹാലാൻഡ് അതിനു ശേഷം ചേക്കേറിയത് ബൊറൂസിയ ഡോർട്ട്മുണ്ടിലായിരുന്നു. ഡോർട്ട്മുണ്ടിലും ഗോൾവേട്ട തുടർന്നെങ്കിലും കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം കഴിഞ്ഞ സമ്മറിലാണ് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. മാഞ്ചസ്റ്റർ സിറ്റിയിൽ പ്രീമിയർ ലീഗിലെ റെക്കോർഡ് ഗോൾനേട്ടം സ്വന്തമാക്കിയതിനു പുറമെ ട്രെബിൾ കിരീടങ്ങൾ നേടാനും നോർവീജിയൻ താരത്തിന് കഴിഞ്ഞു.

പ്രീമിയർ ലീഗിലും യൂറോപ്പിലും കഴിഞ്ഞ സീസണിൽ നടത്തിയ പ്രകടനവും നേടിയ കിരീടങ്ങളും കാരണം ഇത്തവണത്തെ യുവേഫയുടെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് എർലിങ് ഹാലാൻഡായിരുന്നു. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ ലയണൽ മെസിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാലാൻഡ് അവാർഡ് സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാൻഡിന്റെ സഹതാരമായ കെവിൻ ഡി ബ്രൂയ്‌നാണ് യുവേഫയുടെ ബെസ്റ്റ് പ്ലേയർ അവാർഡിൽ മൂന്നാം സ്ഥാനത്ത് വന്നത്.

ഇരുപത്തിമൂന്നാം വയസിൽ തന്നെ ലയണൽ മെസിയെ പിന്നിലാക്കി യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്ക്കാരം ഹാലാൻഡ് സ്വന്തമാക്കിയതോടെ ഈ വർഷത്തെ ബാലൺ ഡി ഓർ ആരു നേടുമെന്ന കാര്യത്തിൽ വീണ്ടും ചർച്ചകൾ സജീവമായിട്ടുണ്ട്. നേരത്തെ ലയണൽ മെസിക്കാണ് കൂടുതൽ സാധ്യതയെന്നാണ് ഏവരും പറഞ്ഞതെങ്കിലും നോർവീജിയൻ താരം അതിനു വെല്ലുവിളി ഉയർത്തുമെന്ന് തന്നെയാണ് കരുതേണ്ടത്. എന്തായാലും ഈ രണ്ടു താരങ്ങളിൽ ഒരാളാകും ബാലൺ ഡി ഓർ സ്വന്തമാക്കുകയെന്നതിൽ സംശയമില്ല.

ബാലൺ ഡി ഓർ പുരസ്‌കാരത്തിനായി പരിഗണിക്കപ്പെടുന്ന കാലഘട്ടത്തിൽ പ്രീമിയർ ലീഗുൾപ്പെടെ ട്രബിൾ കിരീടങ്ങൾ നേടിയ നോർവീജിയൻ താരം ഈ സീസണിന്റെ തുടക്കത്തിൽ യൂറോപ്യൻ സൂപ്പർകപ്പും സ്വന്തമാക്കുകയുണ്ടായി. അതേസമയം ലയണൽ മെസി ഇക്കാലയളവിൽ അർജന്റീനക്കൊപ്പം ലോകകപ്പ് കിരീടവും പിഎസ്‌ജിക്കൊപ്പം ഫ്രഞ്ച് ലീഗും സ്വന്തമാക്കിയതിന് പുറമെ ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പും സ്വന്തമാക്കി. ലോകകപ്പ് വിജയം ലയണൽ മെസിക്ക് ചെറിയൊരു മുൻ‌തൂക്കം നൽകുമെന്നു തന്നെയാണ് അനുമാനിക്കേണ്ടത്.

Haaland To Challenge Messi For Ballon Dor