സീനിയർ ടീമിനൊപ്പം പരിചയസമ്പത്തില്ലാതെ രാജ്യത്തിന്റെ പരിശീലകനായി, ഇപ്പോൾ ഒരുമിച്ച് കിരീടം നേടുന്നതിന്റെ തൊട്ടരികിൽ

അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയുടെ ആശാനാണ് സ്പെയിൻ പരിശീലകനായ ലൂയിസ് ഡി ലാ ഫ്യൂവന്റെയെന്നത് പലരും അറിയുന്നത് അടുത്തിടെയായിരിക്കും. യൂറോ കപ്പിൽ ഏതു ടീമിനാണ് പിന്തുണ നൽകുന്നതെന്ന ചോദ്യം വന്നപ്പോൾ സ്പെയിനിനാണ് തന്റെ പിന്തുണയെന്നു സ്‌കലോണി പറഞ്ഞതിനൊപ്പം സ്‌പാനിഷ്‌ പരിശീലകൻ തന്റെ ആശാനാണെന്നും വ്യക്തമാക്കിയിരുന്നു.

സ്‌കലോണിയുടെ കോച്ചിങ് സ്കോളിൽ ടീച്ചറായിരുന്നു ഡി ലാ ഫ്യൂവന്റെ. ആശാനിൽ നിന്നും ലഭിച്ച പാഠങ്ങൾ സ്‌കലോണി കൃത്യമായി ഉപയോഗിച്ചപ്പോൾ അർജന്റീന കഴിഞ്ഞ മൂന്നു വർഷത്തിനിടെ സാധ്യമായ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ രണ്ടു ദേശീയ ടീമുകളുടെ പരിശീലകനായി നിൽക്കുന്ന ഇരുവരും തമ്മിൽ പല കാര്യങ്ങളിലും ഒരുപാട് സാമ്യതകളുമുണ്ട്.

സ്‌കലോണിയും ഫ്യൂവന്റെയും ഒരു സീനിയർ ടീമിനെപ്പോലും പരിശീലിപ്പിച്ചതിന്റെ പരിചയസമ്പത്ത് ഇല്ലാതെ ദേശീയ ടീമിന്റെ പരിശീലകരായവരാണ്. 2018 ലോകകപ്പിൽ അർജന്റീന മോശം പ്രകടനം നടത്തിയതിനു ശേഷം സ്‌കലോണി ദേശീയ ടീം പരിശീലകനായപ്പോൾ 2022 ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെയാണ് ഡി ലാ ഫ്യൂവന്റെ സ്പെയിനിന്റെ ചുമതല ഏറ്റെടുക്കുന്നത്.

സ്‌കലോണി അർജന്റീന യൂത്ത് ടീമിനെ പരിശീലിപ്പിച്ചതിന്റെ മാത്രം പരിചയം വെച്ചാണ് സീനിയർ ടീമിലേക്കു വന്നത്. ഡി ലാ ഫ്യൂവന്റെയും സ്പെയിനിന്റെ വിവിധ യൂത്ത് ടീമുകളെ പരിശീലിപ്പിച്ചിരുന്നു. സ്പെയിനിലെ ചില ക്ലബുകളെയും അദ്ദേഹം പരിശീലിപ്പിച്ചിരുന്നെങ്കിലും മികച്ചൊരു കരിയർ എവിടെയും ഉണ്ടായിരുന്നില്ല. ഈ രണ്ടു പേരെയും നിയമിക്കുമ്പോൾ പല ഭാഗങ്ങളിൽ നിന്നും വിമർശനവും ഉണ്ടായിരുന്നു.

എന്നാൽ വിമർശനങ്ങൾക്കുള്ള മറുപടി ഇവർ രണ്ടു പേരും ടീമിന്റെ പ്രകടനം കൊണ്ട് നൽകി. സ്‌കലോണി അർജന്റീനക്കൊപ്പം മൂന്നു കിരീടങ്ങൾ സ്വന്തമാക്കി നാലാമത്തെ കിരീടത്തിന് വേണ്ടി ഇറങ്ങാനിരിക്കുമ്പോൾ ഫ്യൂവന്റെക്ക് കീഴിൽ സ്പെയിൻ നേഷൻസ് ലീഗ് സ്വന്തമാക്കുകയും അതിനു ശേഷം യൂറോ കപ്പ് നേട്ടത്തിനായി നാളെ ഇറങ്ങാനിരിക്കുകയും ചെയ്യുന്നു.

തങ്ങളുടെ കയ്യിലുള്ള വിഭവങ്ങളെ വെച്ച് ടീമിനെ മികച്ച രീതിയിൽ ഒരുക്കാൻ കഴിയുന്നവരാണ് ഈ രണ്ടു പരിശീലകരും. അതവർ ഓരോ മത്സരങ്ങളിലും തെളിയിച്ചു കൊണ്ടിരിക്കുന്നുണ്ട്. അർജന്റീനയും സ്പെയിനും ഫൈനലിൽ വിജയിച്ചാൽ ഫൈനലിസിമ പോരാട്ടത്തിൽ ആശാനും ശിഷ്യനും നേർക്കുനേർ വരാനുള്ള വഴിയൊരുങ്ങുമെന്നത് ആവേശകരമായ കാര്യമാണ്.