ബാഴ്സലോണ താരത്തിന് അർജന്റീന പാസ്പോർട്ട് കൊടുക്കാൻ ആഗ്രഹമുണ്ടെന്ന് ലയണൽ സ്കലോണി
പ്രൊഫെഷണൽ ഫുട്ബോളിൽ പരിശീലകനായി അധികം പരിചയമില്ലാതെയാണ് അർജന്റീന ടീമിന് ഒന്നര വർഷത്തിനിടയിൽ സാധ്യമായ എല്ലാ കിരീടങ്ങളും ലയണൽ സ്കലോണി നേടിക്കൊടുത്തത്. മുപ്പത്തിയാറു വർഷത്തിനു ശേഷം അർജന്റീന ടീമിന് ലോകകപ്പ് നേടിക്കൊടുത്തതിന്റെ സന്തോഷത്തിൽ നിൽക്കുന്ന ലയണൽ സ്കലോണി അടുത്തു തന്നെ അർജന്റീനയുമായി പുതിയ കരാർ ഒപ്പിടുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ വാക്കാൽ ധാരണയിൽ എത്തിയിട്ടുണ്ട്.
2018 ലോകകപ്പിനു ശേഷം അർജന്റീന ടീമിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്ത ലയണൽ സ്കലോണി നിരവധി താരങ്ങളെ മാറിമാറി പരീക്ഷിച്ചാണ് മികച്ചൊരു ഇലവനെ സൃഷ്ടിച്ചത്. അതിൽ ചിലരെ ലോകകപ്പിനു മുൻപ് നഷ്ടമായെങ്കിലും ലോകകപ്പിൽ മാക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ് എന്നീ താരങ്ങളെ കണ്ടെത്തി മികച്ച പ്രകടനം നടത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പദ്ധതിക്ക് വേണ്ട കളിക്കാരെ കൃത്യമായി കണ്ടെത്താൻ കഴിയുന്നുണ്ടെന്നതാണ് അദ്ദേഹത്തിന്റെ വിജയം.
കരിയറിന്റെ ഭൂരിഭാഗവും സ്പെയിനിൽ ചിലവഴിച്ച സ്കലോണിയോട് കഴിഞ്ഞ ദിവസം സ്പെയിനിന്റെയും ബാഴ്സലോണയുടെയും യുവതാരങ്ങളായ പെഡ്രി, ഗാവി എന്നിവയെക്കുറിച്ച് ചോദിക്കുകയുണ്ടായി. റയൽ മാഡ്രിഡിനെ കീഴടക്കി സ്പാനിഷ് സൂപ്പർകപ്പ് നേടാൻ ബാഴ്സലോണയെ സഹായിച്ച ഈ രണ്ടു താരങ്ങളിൽ ആരെയാണ് തന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുകയെന്ന് ചോദിച്ചപ്പോൾ പെഡ്രിയുടെ പേരാണ് സ്കലോണി പറഞ്ഞത്.
Lionel Scaloni: "I'd give Pedri an Argentine passport." pic.twitter.com/0Zw17CyjKO
— Barça Universal (@BarcaUniversal) January 16, 2023
“ഞാൻ പെഡ്രിക്കൊരു അർജന്റീനിയൻ പാസ്പോർട്ട് നൽകും. എന്നാൽ താരം ടീമിന്റെ ആദ്യ ഇലവനിൽ ഇറങ്ങുമോയെന്ന് എനിക്കറിയില്ല, പക്ഷെ ഞാൻ തിരഞ്ഞെടുക്കുക പെഡ്രിയെയാണ്.” ഒരു സ്പാനിഷ് മാധ്യമത്തോട് സംസാരിക്കെ സ്കലോണി പറഞ്ഞു. സ്പെയിൻ ടീമിനെ പരിശീലിപ്പിക്കാൻ അവസരം ലഭിച്ചാൽ അത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെഡ്രി, ഗാവി എന്നീ താരങ്ങൾ കഴിഞ്ഞ രണ്ടു വർഷങ്ങളിൽ ഗോൾഡൻ ബോയ് പുരസ്കാരം നേടിയവരാണ്. പത്തൊൻപതും പതിനെട്ടും വയസ് മാത്രം പ്രായമുള്ള ഈ രണ്ടു താരങ്ങളും ബാഴ്സലോണക്കായി മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ താരങ്ങളും അതിനൊപ്പം ക്ലബ് നടത്തിയ മികച്ച സൈനിംഗുകളും കാരണം ക്ലബിന് ലീഗ് സ്വന്തമാക്കാൻ സാധ്യതയുണ്ടെന്നും സ്കലോണി പറഞ്ഞു.