എമിലിയാനോയെ വെല്ലുന്ന ഹീറോയിസവുമായി റോമെറോ, പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന താരങ്ങൾ വേറെ ലെവൽ | Romero

ഖത്തർ ലോകകപ്പിൽ അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ് നടത്തിയ ഹീറോയിക് പ്രകടനം ടീമിന്റെ കിരീടനേട്ടത്തിൽ നിർണായകമായ പങ്കു വഹിച്ചിരുന്നു. ക്വാർട്ടർ ഫൈനലിലും ഫൈനലിലും അർജന്റീനയെ വിജയത്തിലേക്ക് നയിച്ചത് എമിലിയാനോ മാർട്ടിനസായിരുന്നു. ലയണൽ മെസി അർജന്റീനയുടെ ലോകകപ്പ് നേട്ടത്തിൽ എത്രത്തോളം പങ്കു വഹിച്ചിട്ടുണ്ടോ, തുല്യമായ പങ്ക് എമിലിയാനോ മാർട്ടിനസും വഹിച്ചിട്ടുണ്ട്.

ഇപ്പോൾ അർജന്റീനയുടെ മറ്റൊരു ഗോൾകീപ്പർ പെനാൽറ്റി ഷൂട്ടൗട്ടിൽ തന്റെ ഹീറോയിക് പ്രകടനം നടത്തുകയാണ്. നിരവധി വർഷങ്ങൾ അർജന്റീന ടീമിന്റെ വല കാത്ത സെർജിയോ റോമെറോ തന്റെ ക്ലബായ ബൊക്ക ജൂനിയേഴ്‌സിന് വേണ്ടിയാണ് ഗോൾവലക്ക് കീഴിൽ ഗംഭീര പ്രകടനം നടത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന കോപ്പ ലിബർട്ടഡോസ് സെമി ഫൈനലിൽ താരത്തിന്റെ തകർപ്പൻ സേവുകളുടെ പിൻബലത്തിൽ പാൽമിറാസിനെ തോൽപ്പിച്ച് ബൊക്ക ജൂനിയേഴ്‌സ് ഫൈനലിൽ കടന്നിരുന്നു.

പാൽമിറാസുമായുള്ള മത്സരം രണ്ടു പാദങ്ങളിലായാണ് നടന്നത്. ആദ്യപാദത്തിൽ രണ്ടു ടീമുകളും ഗോളടിക്കാതെ സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം പാദം 1-1 എന്ന നിലയിലാണ് അവസാനിച്ചത്. ഇതോടെ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടിൽ ബൊക്ക ജൂനിയേഴ്‌സിനായി കിക്കെടുത്ത എഡിസൺ കവാനി അത് തുലച്ചെങ്കിലും അതിനു പിന്നാലെ രണ്ടു സേവുകൾ നടത്തി റോമെറോ രക്ഷകനായി. തുടർന്ന് മത്സരത്തിൽ 4-2 എന്ന പെനാൽറ്റി സ്കോറിന് ബൊക്ക ജൂനിയേഴ്‌സ് വിജയം നേടുകയായിരുന്നു.

കോപ്പ ലിബർട്ടഡോസിൽ റോമെറോ ടീമിന്റെ രക്ഷകനാകുന്നത് ഇതാദ്യമായല്ല. മുപ്പത്തിയാറുകാരനായ താരം പ്രീ ക്വാർട്ടറിലും ക്വാർട്ടർ ഫൈനലിലും ഷൂട്ടൗട്ടുകളെ അഭിമുഖീകരിച്ചിരുന്നു. ഈ മൂന്നു ഷൂട്ടൗട്ടുകളിൽ ആറു പെനാൽറ്റി സേവുകളാണ് റോമെറോ നടത്തിയത്. കോപ്പ ലിബർട്ടഡോസിന്റെ ചരിത്രത്തിൽ ഒരു ടൂർണമെന്റിൽ ഇത്രയധികം പെനാൽറ്റി സേവുകൾ നടത്തിയ മറ്റൊരു താരമില്ല. ഇനി കിരീടം കൂടി സ്വന്തമാക്കാൻ കഴിഞ്ഞാൽ അത് ചരിത്രനേട്ടമായി മാറും.

2014 ലോകകപ്പിലെ പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന ടീമിന്റെ ഹീറോയായ താരമാണ് റോമെറോ. ഹോളണ്ടിനെതിരായ സെമി ഫൈനലിൽ താരം നടത്തിയ സേവുകളാണ് അർജന്റീനയെ ഫൈനലിൽ എത്തിച്ചത്. ഇപ്പോൾ തന്റെ മുപ്പത്തിയാറാം വയസിൽ ക്ലബിനായി ഹീറോയിക് പ്രകടനം താരം നടത്തുന്നു. താരം നടത്തുന്ന പ്രകടനം വെച്ച് അർജന്റീന ടീമിലേക്കുള്ള വിളി അർഹിക്കുന്നുണ്ട്. എന്നാൽ അവസാനത്തെ രണ്ടു തവണയും താരത്തെ ടീമിലുൾപ്പെടുത്താൻ സ്‌കലോണി തയ്യാറായിട്ടില്ല.

Sergio Romero Penalty Saves In Copa Libertadores