“പ്രതിഭയുടെ പേരിലാണ് നിങ്ങൾ ഓർമിക്കപ്പെടേണ്ടത്, പണത്തിന്റെ അളവു കൊണ്ടല്ല”- സൗദിയിലേക്ക് ചേക്കേറിയ താരങ്ങളെ വിമർശിച്ച് സ്ലാട്ടൻ | Ibrahimovic

ഖത്തർ ലോകകപ്പിനു പിന്നാലെ സൗദി അറേബ്യ ക്രിസ്റ്റ്യാനോ റൊണാൾഡോയെ തങ്ങളുടെ ലീഗിലെത്തിച്ച് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. സൗദിയുടെ നീക്കങ്ങൾ ആ ട്രാൻസ്‌ഫറിൽ മാത്രം ഒതുങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ മിഡിൽ ഈസ്റ്റ് രാജ്യം ആരാധകരെ ഒന്നുകൂടി ഞെട്ടിച്ചു. നെയ്‌മർ, ബെൻസിമ, മാനെ തുടങ്ങി യൂറോപ്യൻ ഫുട്ബോളിൽ തിളങ്ങി നിന്ന നിരവധി വമ്പൻ താരങ്ങൾ സൗദിയിലേക്ക് ചേക്കേറുകയുണ്ടായി.

ഈ താരങ്ങളെല്ലാം സൗദിയിലേക്ക് ചേക്കേറിയതിനു പിന്നിലെ കാരണം പണമാണ്. യൂറോപ്പിലെ ക്ലബുകളിൽ നിന്നും ലഭിക്കുന്നതിന്റെ നാലിരട്ടിയോളം പ്രതിഫലമാണ് ഇതിലെ ഭൂരിഭാഗം താരങ്ങൾക്കും ലഭിക്കുന്നത്. റൊണാൾഡോയും നെയ്‌മറുമെല്ലാം ഈ പണക്കൊഴുപ്പ് കണ്ടാണ് അത്ര മികച്ച ലീഗല്ലാതിരുന്നിട്ടും സൗദിയുടെ ഓഫർ സ്വീകരിച്ചത്. അതേസമയം പണക്കൊഴുപ്പിനു പിന്നാലെ പോയ ഈ താരങ്ങൾക്കെതിരെ രൂക്ഷമായ വിമർശനമാണ് സ്വീഡിഷ് ഇതിഹാസം സ്ലാട്ടൻ ഇബ്രാഹിമോവിച്ച് നടത്തിയത്.

“എനിക്ക് ചൈനയിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു, അതുപോലെ തന്നെ സൗദിയിൽ നിന്നും ഓഫർ വന്നിരുന്നു. എന്നാൽ സാഹചര്യം പരിശോധിക്കേണ്ടതുണ്ട്, എന്താണ് നിങ്ങൾ ആഗ്രഹിക്കുന്നത്? എന്തൊക്കെ ലക്ഷ്യങ്ങളാണ് നിങ്ങൾക്കുള്ളത്. അഭിമുഖത്തിന്റെ തുടക്കത്തിൽ തന്നെ ഞാൻ പറയുകയുണ്ടായി, ചില താരങ്ങൾക്ക് അവരുടെ കരിയർ ഏറ്റവും ഉയർന്ന വേദികളിൽ തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. കാരണം അതാണ് അവരുടെ കരിയറിനെ ഉയർത്തിക്കാണിക്കുന്നത്.”

“നിങ്ങൾ നിങ്ങളുടെ പ്രതിഭയുടെ പേരിലാണ് ഓർമിക്കപ്പെടേണ്ടത്, അല്ലാതെ നിങ്ങൾ എത്ര പ്രതിഫലം വാങ്ങുന്നുണ്ട് എന്നതിന്റെ പേരിലല്ല. കാരണം നിങ്ങൾ പണത്തിന്റെ പേരിലാണ് ഓർമിക്കപ്പെടുന്നതെങ്കിൽ നമ്മൾ ദിവസേനെ പരിശീലനം നടത്തുന്നതും നമ്മളെ ആളുകൾ മനസിലാക്കുന്നതും എന്തിനാണ്. ചില താരങ്ങൾ ഒരു പ്രത്യേക തലത്തിൽ എത്തിയാൽ, അവരത് അവസാനിപ്പിക്കുന്നതും അതുപോലെയൊരു തലത്തിൽ ആയിരിക്കണം. അത് ഏറ്റവും ഉയർന്ന തലത്തിൽ ആയിരിക്കണം.” സ്ലാട്ടൻ വ്യക്തമാക്കി.

ഇപ്പോൾ നാല്പത്തിരണ്ടു വയസുള്ള, ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച സ്ലാട്ടൻ ഇബ്രാഹിമോവിച്ച് കരിയറിന്റെ ഒരു ഘട്ടത്തിൽ അമേരിക്കൻ ലീഗിലേക്ക് ചേക്കേറിയിരുന്നു. എന്നാൽ ഒരു വർഷം മാത്രമാണ് താരം അവിടെ ഉണ്ടായിരുന്നത്. അതിനു ശേഷം തന്റെ മുൻ ക്ലബായ എസി മിലാനിലേക്ക് തിരിച്ചു വന്ന താരം നിരവധി വർഷങ്ങൾക്ക് ശേഷം ടീം ഇറ്റാലിയൻ ലീഗ് കിരീടം നേടുന്നതിൽ നിർണായകമായ പങ്കു വഹിക്കുകയും ചെയ്‌തിരുന്നു.

Ibrahimovic Slams Players For Saudi Move