അവർ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണ്, ആരാധകർക്കൊപ്പമുള്ള നിമിഷങ്ങളെല്ലാം മനോഹരമാക്കി പ്രബീറും പ്രീതവും | Kerala Blasters

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായിരുന്ന സഹൽ അബ്‌ദുൾ സമദിന്റെ നൽകിയാണ് ഇക്കഴിഞ്ഞ ട്രാൻസ്‌ഫർ ജാലകത്തിൽ മോഹൻ ബഗാനിൽ നിന്നും പ്രീതം കോട്ടാലിനെ സ്വന്തമാക്കിയത്. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ച തീരുമാനമായിരുന്നു അത്. ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ സഹലിനെ വിൽക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ തീരുമാനം വന്നതോടെ വലിയ വിമർശനമാണ് ക്ലബ് നേരിട്ടത്. ഒരു വിറ്റഴിക്കൽ ക്ലബാണ് ബ്ലാസ്റ്റേഴ്‌സെന്ന് ഏവരും കുറ്റപ്പെടുത്തി.

എന്നാൽ പ്രീതമിനെ ടീമിലെത്തിക്കാനുള്ള തീരുമാനം ബ്ലാസ്റ്റേഴ്‌സിന് ഗുണമായി വന്നുവെന്നാണ് ടീമിനൊപ്പം താരം നടത്തുന്ന പ്രകടനം വ്യക്തമാക്കുന്നത്. പുതിയതായി ടീമിലെത്തിയ മോണ്ടിനെഗ്രോ പ്രതിരോധതാരം മിലോസ് ഡ്രിങ്കിച്ചുമായി മികച്ച ഒത്തിണക്കം കാണിക്കുന്ന താരം കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച കളിയാണ് കാഴ്‌ച വെച്ചത്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ ഏറ്റവുമധികം ആവേശം നൽകുന്ന താരങ്ങളിൽ ഒരാളാണ് പ്രീതം കൊട്ടാലെന്നു നിസംശയം പറയാം.

ടീമിന് ആവേശം നൽകുന്ന കാര്യമെടുത്താൽ പറയേണ്ട മറ്റൊരു താരമാണ് പ്രബീർ ദാസ്. ഇന്ത്യൻ സൂപ്പർ ലീഗിൽ വളരെയധികം പരിചയസമ്പത്തുള്ള പ്രബീർ ദാസ് മുൻപ് ആരാധകരുടെ എതിരാളിയായിരുന്നു. വിങ്ങുകളിൽ ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങുന്ന താരം സ്വന്തം ടീമിലെ താരങ്ങളെ സംരക്ഷിക്കുന്നതിലും മുന്നിലാണ്. ചെറുപ്പത്തിൽ അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകൾ താരത്തിലെ പോരാളിയെ കൂടുതൽ വ്യക്തമാക്കി തരുന്നു.

ഈ രണ്ടു താരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകക്കൂട്ടത്തെ ആഘോഷിച്ചു കൊണ്ടിരിക്കുകയാണെന്നും മത്സരങ്ങളിൽ നിന്നും വ്യക്തമാണ്. മത്സരത്തിന്റെ ഓരോ സമയത്തും ഈ താരങ്ങൾ ആരാധകരോട് കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യങ്ങൾ മുഴക്കാൻ പറയുന്നതും പിന്തുണ നൽകാൻ പറയുന്നതുമെല്ലാം ആവേശം നൽകുന്ന കാര്യങ്ങളാണ്. കഴിഞ്ഞ മത്സരത്തിനു ശേഷം പ്രബീർ ദാസ് ആരാധകരുടെ ആവേശത്തിനൊപ്പം ചുവടു വെക്കുന്ന കാഴ്‌ചയും കാണുകയുണ്ടായി.

പ്രീതത്തിന്റെ ട്രാൻസ്‌ഫർ വഴി ഒരു കോടിയോളം രൂപയാണ് കേരള ബ്ലാസ്റ്റേഴ്‌സ് നേടിയത്. ടീമിന്റെ പ്രതിരോധത്തിലെ പിഴവുകൾ പരിഹരിക്കാൻ ഈ രണ്ടു താരങ്ങളുടെയും വരവു കൊണ്ടു കഴിഞ്ഞു. വിദേശതാരങ്ങളെ ഡിഫെൻസിൽ കൂടുതൽ ആശ്രയിക്കേണ്ട അവസ്ഥക്കും ഈ താരങ്ങളുടെ വരവു കൊണ്ട് പരിഹാരമായിരിക്കുകയാണ്. കഴിഞ്ഞ മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പര്ക്ക് കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വരാഞ്ഞതിൽ ഈ താരങ്ങൾക്ക് പങ്കുണ്ട്.

Prabir Pritam Enjoying Kerala Blasters Life