2026 ലോകകപ്പിനു യോഗ്യത നേടാനുറപ്പിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം മുന്നോട്ട്, പരിശീലകനായ സ്റ്റിമാച്ചുമായുള്ള കരാർ പുതുക്കി | Stimac

ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പരിശീലകനായതിനു ശേഷം ഇഗോർ സ്റ്റിമാച്ച് നിരവധി വിമർശനങ്ങൾ ഏറ്റു വാങ്ങിയിരുന്നു. ടീമിന്റെ മോശം പ്രകടനവും സ്‌ക്വാഡ് തീരുമാനിക്കാൻ ജ്യോതിഷിയുടെ അഭിപ്രായം തേടുന്നു എന്നതടക്കമുള്ള വിമർശനങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ടായിരുന്നു. എന്നാൽ 2019 മുതൽ 2023 വരെയുള്ള നീണ്ട നാല് വർഷങ്ങൾ ക്രൊയേഷ്യൻ പരിശീലകനായ അദ്ദേഹം തന്നെ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മാനേജർ സ്ഥാനത്ത് തുടർന്നു.

നീണ്ട നാല് വർഷങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിച്ച അദ്ദേഹത്തിനു കീഴിൽ നേട്ടങ്ങൾ വന്നത് ഈ വർഷമാണ്. ഒന്നും രണ്ടുമല്ല, തുടർച്ചയായി മൂന്നു കിരീടങ്ങളാണ് സ്റ്റിമാച്ചിന് കീഴിൽ ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യൻ ഫുട്ബോൾ ടീം സമീപകാലത്ത് നടത്തിയ ഏറ്റവും മികച്ച പ്രകടനമായിരുന്നു അത്. അതുകൊണ്ടു തന്നെ ഒരു ദീർഘകാല പദ്ധതി ഇന്ത്യൻ ഫുട്ബോളിൽ നടപ്പിലാക്കാൻ അദ്ദേഹത്തിന് കഴിയുമെന്നുള്ള വിശ്വാസം ആരാധകർക്കുണ്ടായി.

ഒരു ലോകകപ്പിൽ പങ്കെടുക്കുക എന്നതാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ വളരെക്കാലമായി ആഗ്രഹിക്കുന്നത്. അടുത്ത ലോകകപ്പ് നടക്കുന്നത് കൂടുതൽ ടീമുകളെ ഉൾപ്പെടുത്തിയിട്ടാണ് എന്നതിനാൽ ഏഷ്യയിൽ നിന്നും കൂടുതൽ ടീമുകൾക്ക് യോഗ്യത നേടാനുള്ള അവസരമൊരുക്കുന്നുണ്ട്. ഇപ്പോൾ തന്നെ ശ്രമം ആരംഭിച്ചാൽ അടുത്ത ലോകകപ്പിൽ ഇന്ത്യക്ക് പങ്കെടുക്കാൻ കഴിയാവുന്നതാണ്. അതിനുള്ള ശ്രമങ്ങൾ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ ആരംഭിച്ചിട്ടുമുണ്ട്.

ദീർഘകാലമായി ഇന്ത്യൻ ഫുട്ബോൾ ടീമിനൊപ്പമുള്ള, സമീപകാലത്ത് ഇന്ത്യൻ ഫുട്ബോൾ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച ഇഗോർ സ്റ്റിമാച്ചിന് പുതിയ കരാർ നൽകുകയാണ് ഇക്കാര്യത്തിൽ ആദ്യമായി ചെയ്‌തിരിക്കുന്നത്‌. ബോസ്‌നിയ അടക്കമുള്ള വമ്പൻ ടീമുകളുടെ ഓഫർ വന്നെങ്കിലും സ്റ്റിമാച്ചിനെ നിലനിർത്താൻ ഇന്ത്യക്ക് കഴിഞ്ഞു. അടുത്ത ലോകകപ്പ് നടക്കുന്ന 2026 വരെയാണ് സ്റ്റിമാച്ചിന്റെ കരാർ ഇന്ത്യ പുതുക്കിയിരിക്കുന്നത്.

നിരവധി വർഷങ്ങൾക്ക് ശേഷം ഏഷ്യൻ ഗെയിംസിന്റെ പ്രീ ക്വാർട്ടറിലേക്ക് ഇന്ത്യൻ ടീമിനെ നയിച്ച ഇഗോർ സ്റ്റിമാച്ചിന്റെ അടുത്ത ലക്‌ഷ്യം 2024ന്റെ തുടക്കത്തിൽ നടക്കുന്ന ഏഷ്യൻ കപ്പിൽ ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്തിക്കുക എന്നതാണ്. അതിനു പുറമെ ലോകകപ്പ് യോഗ്യത റൗണ്ടിന്റെ അടുത്ത ഘട്ടത്തിലേക്ക് ഇന്ത്യൻ ഫുട്ബോൾ ടീമിനെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞാൽ നിലവിലെ കരാർ 2028 വരെ നീട്ടാൻ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ട്.

Igor Stimac Extended Contract With Indian Football Team