ഖത്തറിനെ വെല്ലുന്ന ലോകകപ്പ് സംഘടിപ്പിക്കാൻ സൗദി ഒരുങ്ങുന്നു, 2030 ലോകകപ്പിന് ആറു രാജ്യങ്ങൾക്ക് നേരിട്ട് യോഗ്യത | World Cup

ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പുകളിൽ ഒന്നായിരുന്നു ഖത്തർ ലോകകപ്പ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഇസ്‌ലാമിക രാജ്യത്ത് വെച്ച് നടന്ന ലോകകപ്പിൽ നിരവധി നിബന്ധനകൾ ഉണ്ടായിരുന്നിട്ടു കൂടി ആളുകൾ ലോകകപ്പ് വളരെയധികം ആസ്വദിക്കുകയുണ്ടായി. അതിനു പുറമെ അടുത്തടുത്തുള്ള സ്റ്റേഡിയങ്ങളും ലോകകപ്പ് ആരാധകർക്ക് സൗജന്യമായ പൊതുഗതാഗത സംവിധാനങ്ങളും മെട്രോയുമെല്ലാം ഖത്തർ ലോകകപ്പ് മികച്ചതാകാൻ കാരണമായി.

ഖത്തർ ഏറ്റവും മികച്ച രീതിയിൽ ലോകകപ്പ് സംഘടിപ്പിച്ചതിനു പിന്നാലെ അടുത്ത ലോകകപ്പുകളിലൊന്ന് നടത്താനുള്ള നീക്കങ്ങൾ മറ്റൊരു മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി ആരംഭിച്ചിരുന്നു. ഈജിപ്‌ത്‌, ഗ്രീസ് എന്നിവരുമായി ചേർന്ന് 2030 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങൾ സൗദി ആദ്യം ആരംഭിച്ചെങ്കിലും പിന്നീടതിൽ നിന്നും അവർ പിന്മാറി. എന്നാൽ ലോകകപ്പിന് വേണ്ടിയുള്ള ശ്രമങ്ങൾ ഉപേക്ഷിക്കാതെ മുന്നോട്ടു പോകുന്ന സൗദി ഇനി 2034 ലോകകപ്പിനു വേണ്ടിയാണ് ശ്രമം നടത്തുന്നത്.

ഖത്തർ ലോകകപ്പിന് പിന്നാലെ ഫുട്ബോൾ മേഖലയിൽ സൗദി അറേബ്യ നടത്തിയ ഇടപെടലുകൾ അത്ഭുതപ്പെടുത്തുന്ന രീതിയിലായിരുന്നു. ലോകകപ്പിന് പിന്നാലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവർ സൗദി ലീഗിലെത്തിച്ചു. അതിനു ശേഷം സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ നെയ്‌മർ, ബെൻസിമ തുടങ്ങി നിരവധി താരങ്ങളുടെ ഒഴുക്ക് സൗദിയിലേക്കുണ്ടായി. ഇപ്പോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരങ്ങൾ കളിക്കുന്ന ലീഗുകളിലൊന്നാണ് സൗദി.

2034 ലോകകപ്പ് നടത്താനുള്ള സൗദിയുടെ ശ്രമങ്ങൾ വിജയം കാണുമോ എന്നറിയില്ലെങ്കിലും. 2030 ലോകകപ്പിനുള്ള വേദി തീരുമാനമായെന്നാണ് റിപ്പോർട്ടുകൾ. മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങളാണ് 2030 ലോകകപ്പിന് സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്. ആദ്യത്തെ ലോകകപ്പ് നടന്നതിന്റെ നൂറാം വാർഷികം ആയതിനാൽ യുറുഗ്വായ്, അർജന്റീന, പാരഗ്വായ് എന്നീ രാജ്യങ്ങളിൽ ആദ്യത്തെ മത്സരങ്ങൾ നടക്കും. ഈ ആറു രാജ്യങ്ങളും ലോകകപ്പിന് നേരിട്ട് യോഗ്യതയും നേടും.

അതേസമയം അടുത്ത ലോകകപ്പ് അമേരിക്ക, കാനഡ, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ വെച്ചാണ് നടക്കുന്നത്. പതിവിൽ നിന്നും വ്യത്യസ്‌തമായി കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി പുതിയൊരു ഫോർമാറ്റിലാണ് അടുത്ത തവണ ലോകകപ്പ് നടക്കുക. ഇതുവരെ നടന്നതിൽ ഏറ്റവും വലിയ ലോകകപ്പ് ആയിരിക്കുമെന്ന് ഉറപ്പുള്ള ഈ ടൂർണമെന്റിൽ മൂന്നു ടീമുകൾ അടങ്ങുന്ന പതിനാറു ഗ്രൂപ്പുകൾ ഉണ്ടായിരിക്കും. ഇതിൽ ആദ്യത്തെ രണ്ടു സ്ഥാനക്കാർ റൌണ്ട് ഓഫ് 32വിലേക്ക് മുന്നേറുന്നതോടെ നോക്ക്ഔട്ട് മത്സരങ്ങൾ ആരംഭിക്കും.

Saudi Arabia Will Bid To Host 2034 World Cup