സീസണാവസാനിക്കുമ്പോൾ ആരാകും കേരള ബ്ലാസ്റ്റേഴ്‌സിന്റെ GOAT, മത്സരം ലൂണയും ദിമിത്രിയോസും തമ്മിൽ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇതുവരെ നടത്തിയിട്ടുള്ളത്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരുവിലെ കീഴടക്കി കഴിഞ്ഞ സീസണിലെ പുറത്താകലിനു പകരം വീട്ടിയ അവർ അതിനു ശേഷമുള്ള മത്സരത്തിൽ ജംഷഡ്‌പൂരിനെയും കീഴടക്കി. ഇപ്പോൾ ലീഗിൽ മോഹൻ ബഗാന് പിന്നിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് സീസണിലെ ആദ്യത്തെ എവേ മത്സരത്തിൽ മുംബൈ സിറ്റിയെ നേരിടാനുള്ള തയ്യാറെടുപ്പിലാണ്.

ജംഷഡ്‌പൂരിനെതിരെ അത്യാവശ്യം ബുദ്ധിമുട്ടിയാണ് കേരള ബ്ലാസ്റ്റേഴ്‌സ് വിജയം നേടിയത്. പൊതുവെ കടുത്ത പ്രതിരോധ തന്ത്രം ആവിഷ്‌കരിക്കാറുള്ള ജംഷഡ്‌പൂർ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയും അതു തന്നെയാണ് ആവർത്തിച്ചത്. എന്നാൽ രണ്ടാം പകുതിയിൽ ദിമിത്രിയോസ് പകരക്കാരനായി ഇറങ്ങിയത് മത്സരത്തിൽ വളരെ നിർണായകമായി. കളിക്കളത്തിൽ വളരെയധികം ഒത്തിണക്കം പുലർത്തുന്ന ദിമിത്രിയോസും ലൂണയും ചേർന്ന് നടത്തിയ ഒരു നീക്കത്തിൽ നിന്നാണ് വിജയഗോൾ പിറന്നത്.

ഒത്തിണക്കത്തോടെ കളിക്കുന്ന ഈ രണ്ടു താരങ്ങൾക്കും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ സർവകാല റെക്കോർഡ് സ്വന്തമാക്കാനുള്ള അവസരമുണ്ട്. നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയ താരങ്ങളിൽ ഓഗ്‌ബച്ചേക്ക് പിന്നിൽ നിൽക്കുന്നത് ഈ രണ്ടു കളിക്കാരാണ്. കേരള ബ്ലാസ്റ്റേഴ്‌സിനായി 2019-20 സീസണിൽ മാത്രം കളിച്ചിട്ടുള്ള നൈജീരിയൻ താരം ആ സീസണിൽ 15 ഗോളുകൾ നേടിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ടോപ് സ്‌കോറർ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിൽ മൂന്നാമത്തെ സീസൺ കളിക്കുന്ന അഡ്രിയാൻ ലൂണക്കും രണ്ടാമത്തെ സീസൺ കളിക്കുന്ന ദിമിത്രിയോസിനും ഈ റെക്കോർഡ് മറികടക്കാൻ അവസരമുണ്ട്. അഡ്രിയാൻ ലൂണ ഇതുവരെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനായി പതിനാലു ഗോളുകൾ നേടി ഓഗ്‌ബച്ചേക്ക് തൊട്ടു പിന്നിലാണ് നിൽക്കുന്നത്. അതേസമയം കഴിഞ്ഞ സീസണിൽ മാത്രം പന്ത്രണ്ടു ഗോളുകൾ അടിച്ചു കൂട്ടിയ ദിമിത്രിയോസ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. സീസൺ കഴിയുമ്പോൾ ഇവരിൽ ഒരാളായിരിക്കും ഒന്നാമതെന്ന് ഉറപ്പാണ്.

ഇങ്ങിനെയൊരു നേട്ടത്തിനുള്ള സാധ്യതയുണ്ടെങ്കിലും അതിനുള്ള മത്സരത്തേക്കാൾ കളിക്കളത്തിൽ ഒരുമിച്ച് നിന്ന് മികച്ച പ്രകടനം നടത്താനാണ് ഈ രണ്ടു താരങ്ങളും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. കളിക്കളത്തിൽ തനിക്ക് ഏറ്റവുമധികം ഒത്തിണക്കത്തോടെ കളിക്കാൻ കഴിയുന്നത് ദിമിത്രിയോസിനൊപ്പമാണെന്ന് ലൂണ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ താരങ്ങൾക്ക് മത്സരം നൽകാൻ യുവതാരമായ പെപ്ര കൂടിയുള്ള സ്ഥിതിക്ക് ഈ സീസണിൽ കൂടുതൽ മികച്ച പ്രകടനം പ്രതീക്ഷിക്കാവുന്നതാണ്.

Luna Dimitrios To Fight For Kerala Blasters All Time Top Scorer