കേരള ബ്ലാസ്റ്റേഴ്‌സിന് വൻമതിൽ കെട്ടിയ പ്രകടനം, ലെസ്‌കോവിച്ചിന്റ്‌റെ സ്ഥാനം കൈക്കലാക്കി മിലോസ് ഡ്രിങ്കിച്ച് | Drincic

സ്‌പാനിഷ്‌ താരമായ വിക്റ്റർ മോങ്കിൽ ക്ലബ് വിട്ടതോടെ ഒരു വിദേശ സെന്റർ ബാക്കിനെ ഈ സീസണിലേക്ക് കേരള ബ്ലാസ്റ്റേഴ്‌സിന് ആവശ്യമായിരുന്നു. നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഉണ്ടായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് മോണ്ടിനെഗ്രോ ദേശീയ ടീമിന്റെ താരമായ മിലോസ് ഡ്രിങ്കിച്ചിനെ സ്വന്തമാക്കുന്നത്. മോണ്ടിനെഗ്രൻ ലീഗിലും ബെലാറസ് ലീഗിലും വിവിധ ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ഇരുപത്തിനാലുകാരനായ ഡ്രിങ്കിച്ച്.

ആരാധകർക്ക് വളരെയധികം സന്തോഷം നൽകിയ ഒരു സൈനിങായിരുന്നു ഡ്രിങ്കിച്ചിന്റേത്. വെറും ഇരുപത്തിനാലു വയസ് മാത്രം പ്രായമുള്ള താരത്തിന്റെ പരിചയസമ്പത്ത് തന്നെയാണ് അതിൽ പ്രധാനപ്പെട്ട കാര്യം. ഈ പ്രായത്തിനിടയിൽ തന്നെ ഇരുനൂറിലധികം മത്സരങ്ങൾ സീനിയർ തലത്തിൽ വിവിധ ക്ലബുകൾക്കായി കളിച്ച താരം മോണ്ടിനെഗ്രോ യൂത്ത് ടീമുകൾക്കായി മുപ്പതോളം മത്സരങ്ങളും കളിച്ചിട്ടുണ്ട്. യുവേഫ ചാമ്പ്യൻസ് ലീഗ്, യൂറോപ്പ ലീഗ് എന്നിവയുടെ യോഗ്യത റൗണ്ടിലും താരം കളിച്ചിട്ടുണ്ട്.

ആരാധകരുടെ പ്രതീക്ഷ കാത്തു സൂക്ഷിക്കുന്ന പ്രകടനമാണ് മിലോസ് ബ്ലാസ്റ്റേഴ്‌സിനായി നടത്തുന്നത്. മാർകോ ലെസ്‌കോവിച്ച് പരിക്ക് കാരണം പുറത്തിരിക്കുന്ന സാഹചര്യത്തിൽ ആദ്യ ഇലവനിൽ രണ്ടു മത്സരങ്ങളിലും ഇടം നേടിയ താരം ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ടാമത്തെ മത്സരത്തിൽ ക്ലീൻ ഷീറ്റ് നേടാൻ ഡ്രിങ്കിച്ചിന്റെ പ്രകടനം വളരെയധികം സഹായിച്ചിരുന്നു. പ്രീതം കൊട്ടാലുമായി ഡിഫെൻസിൽ മികച്ചൊരു സഖ്യം താരം ഉണ്ടാക്കിയെടുത്തതോടെ മാർകോ ലെസ്‌കോവിച്ചിന്റെ സ്ഥാനം തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ഡ്രിങ്കിച്ചിന്റെ പ്രകടനം എടുത്തു നോക്കിയാൽ ഒരു മത്സരത്തിൽ ചുരുങ്ങിയത് ആറു തവണയെങ്കിലും താരം പന്ത് റിക്കവർ ചെയ്യുന്നുണ്ട്. ഇതിനു പുറമെ രണ്ടു വീതം ടാക്ക്ളിങ്, ഇന്റർസെപ്‌ഷൻ, ക്ലിയറൻസ് എന്നിവയും താരം ഓരോ മത്സരത്തിലും നടത്തുന്നു. ഏരിയൽ ഡുവൽസിൽ താരത്തിന് കൃത്യമായ മേധാവിത്വമുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾപോസ്റ്റിനു മുന്നിൽ കോട്ട കെട്ടാൻ താരത്തിന് കഴിഞ്ഞു.

എന്നാൽ ഡ്രിങ്കിച്ചിന്റെ മികച്ച പ്രകടനത്തിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയൊരു ആശങ്ക നിലനിൽക്കുന്നുണ്ട്. മോണ്ടിനെഗ്രോ താരത്തിന്റെ കരാറുമായി ബന്ധപ്പെട്ടാണത്. ഒരു വർഷത്തെ കരാർ മാത്രമാണ് ഡ്രിങ്കിച്ച് കേരള ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടിരിക്കുന്നത്. ഈ സീസണിൽ മികച്ച പ്രകടനം നടത്തിയാൽ താരത്തിനായി മറ്റു ക്ലബുകൾ രംഗത്തു വരാനിടയുണ്ട്. ഈ സീസൺ കഴിയുന്നതോടെ ഫ്രീ ഏജന്റാകും എന്നതിനാൽ കൂടുതൽ മെച്ചപ്പെട്ട ഓഫർ താരത്തിന് തിരഞ്ഞെടുക്കാനും കഴിയും.

Milos Drincic Showing His Class For Kerala Blasters