ലയണൽ മെസി വീണ്ടും ബാഴ്‌സലോണയിലേക്കോ, ജനുവരിയിൽ മടങ്ങി വരവിനുള്ള സാധ്യത വർധിക്കുന്നു | Messi

പതിനാലാം വയസിൽ തന്നെ ബാഴ്‌സലോണയിലെത്തി കരിയറിന്റെ ഭൂരിഭാഗം സമയവും അവർക്ക് വേണ്ടി കളിച്ച താരമാണ് ലയണൽ മെസി. കോപ്പ അമേരിക്ക കിരീടം നേടിയതിനു ശേഷം കരാർ പുതുക്കാനായി ബാഴ്‌സലോണയിലേക്ക് തിരിച്ചെത്തിയ ലയണൽ മെസിയെ സാമ്പത്തിക പ്രതിസന്ധികൾ കാരണം അതിനു കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. അങ്ങിനെ ലയണൽ മെസി ഒട്ടും പ്രതീക്ഷിക്കാത്തൊരു സാഹചര്യത്തിൽ താരത്തിന് ബാഴ്‌സലോണ വിടേണ്ടി വരികയുണ്ടായി.

ബാഴ്‌സലോണയിൽ നിന്നും പിഎസ്‌ജിയിലേക്ക് ചേക്കേറിയ മെസിക്ക് അവിടുത്തെ നാളുകൾ ഒട്ടും സുഖകരമായ ഒന്നല്ലായിരുന്നു. ടീമിനുള്ളിൽ കൂടുതൽ സ്വാതന്ത്ര്യം ലഭിക്കാതിരുന്ന മെസിക്ക് ആരാധകരിൽ നിന്നും മോശപ്പെട്ട സമീപനം നേരിടേണ്ടി വന്നിരുന്നു. ഇതെല്ലാം കാരണം പിഎസ്‌ജി കരാർ ഓഫർ മുന്നോട്ടു വെച്ചെങ്കിലും അതു വേണ്ടെന്നു വെച്ച് താരം അവിടം വിട്ടു. മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും താരം ഇന്റർ മിയാമിയിലേക്കാണ് ചേക്കേറിയത്.

എന്നാൽ ഈ ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ മെസി ബാഴ്‌സലോണയിലേക്ക് തിരിച്ചു വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. നിലവിൽ മോശം ഫോമിലൂടെ കടന്നു പോകുന്ന ഇന്റർ മിയാമി അമേരിക്കൻ ലീഗിന്റെ പ്ലേ ഓഫിലേക്ക് കടക്കുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. അങ്ങിനെയാണെങ്കിൽ മെസി ജനുവരിയിൽ തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല. മുൻപ് ബെക്കാം മിലാനിലേക്കും ഹെൻറി ആഴ്‌സണലിലേക്കും ഇങ്ങിനെ ചേക്കേറിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഇന്റർ മിയാമി ഉടമയായ ജോർജ് മാസ് പറഞ്ഞ കാര്യങ്ങളും ഇതിനുള്ള സാധ്യത വർധിപ്പിക്കുന്നതാണ്. അദ്ദേഹം പറഞ്ഞത് ലയണൽ മെസിക്ക് ബാഴ്‌സലോണയിൽ നിന്നും അർഹിക്കുന്ന രീതിയിലുള്ള ഒരു ഫെയർവെൽ ലഭിക്കുന്നതിനായി താൻ ഏതറ്റം വരെയും പോകുമെന്നാണ്. ഒരു സൗഹൃദ മത്സരമെന്നോ മറ്റെന്തെങ്കിലും രീതിയിലോ അതിനു ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇന്റർ മിയാമി പ്ലേ ഓഫിലെത്തിയില്ലെങ്കിൽ വലിയൊരു സാധ്യതയാണ് തുറക്കുന്നത്.

അതേസമയം ബാഴ്‌സലോണയിലേക്ക് തിരിച്ചു പോകാൻ മെസിക്കും താരത്തെ വിടാൻ ഇന്റർ മിയാമിക്കും താൽപര്യമുണ്ടെങ്കിലും കാറ്റലൻ ക്ലബ് അതിനു തയ്യാറാകുമോയെന്നു കണ്ടറിയേണ്ട കാര്യമാണ്. നിലവിൽ പുതിയൊരു സിസ്റ്റം ഉണ്ടാക്കിയെടുക്കുന്ന ബാഴ്‌സലോണ അതിലേക്ക് ലയണൽ മെസിയെ കൊണ്ടു വരുന്ന കാര്യത്തിൽ പെട്ടന്നൊരു തീരുമാനം എടുക്കില്ല. അതിനു പുറമെ ഇന്റർ മിയാമി പ്ലേ ഓഫ് യോഗ്യത നേടിയാൽ ഇതിനുള്ള സാധ്യതകളെല്ലാം ഇല്ലാതാവുകയും ചെയ്യും.

Lionel Messi May Return To Barcelona