വിജയക്കുതിപ്പ് തുടരാനാകുമോ, മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന ആശങ്കകൾ ഇതൊക്കെയാണ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസണിലെ തങ്ങളുടെ മൂന്നാമത്തെ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുകയാണ്. ആദ്യത്തെ മത്സരത്തിൽ ബെംഗളൂരു എഫ്‌സിയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും രണ്ടാമത്തെ മത്സരത്തിൽ ജംഷഡ്‌പൂരിനെ ഒരു ഗോളിനും കീഴടക്കിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ മുംബൈ സിറ്റി എഫ്‌സിയാണ്. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ഒരു ജയവും ഒരു സമനിലയും നേടിയാണ് മുംബൈ സിറ്റി സ്വന്തം മൈതാനത്ത് കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടാനൊരുങ്ങുന്നത്.

ഈ സീസണിലെ ആദ്യത്തെ രണ്ടു മത്സരങ്ങളിലും വിജയം സ്വന്തമാക്കിയെങ്കിലും മുംബൈ സിറ്റിക്കെതിരെയുള്ള മത്സരം ബ്ലാസ്റ്റേഴ്‌സിന് ഒരിക്കലും എളുപ്പമാകില്ല. ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനൊപ്പം കരുത്തുള്ളവരോ അല്ലെങ്കിൽ കരുത്ത് കുറഞ്ഞവരോ ആയിരുന്നു ടീമിന്റെ എതിരാളികൾ. എന്നാൽ മുംബൈ സിറ്റി ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നാണ്. ജോർജ് പെരേര ഡയസ്, ഗ്രെഗ് സ്റ്റുവർട്ട്, ഗ്രിഫിത്സ് എന്നിവർ അണിനിരക്കുന്ന ടീമിനെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സ് വിയർക്കുമെന്നുറപ്പാണ്.

അതിനു പുറമെ മത്സരം നടക്കുന്ന മൈതാനവും കേരള ബ്ലാസ്റ്റേഴ്‌സിന്റെ സാധ്യതകളെ ദുർബലമാക്കുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ കഴിഞ്ഞ രണ്ടു മത്സരവും സ്വന്തം മൈതാനത്തു വെച്ചാണ് നടന്നത്. ആരാധകരുടെ വമ്പൻ പിന്തുണ ടീമിന് വലിയ കരുത്ത് നൽകിയിരുന്നു. ടീമിന്റെ ആത്മവിശ്വാസം ചോരുന്ന ഘട്ടങ്ങളിൽ ആരാധകർ ചാന്റുകളും മറ്റുമായി അത് വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ട്. മുംബൈ സിറ്റിയുടെ മൈതാനത്ത് ചെല്ലുമ്പോൾ ഈ ആരാധകപിന്തുണ ബ്ലാസ്റ്റേഴ്‌സ് മിസ് ചെയ്യുമെന്നതിൽ സംശയമില്ല.

മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ ഇതുവരെയുള്ള റെക്കോർഡും മോശമാണ്. കഴിഞ്ഞ ഒൻപതു സീസണുകളിൽ പതിനെട്ടു തവണ കേരള ബ്ലാസ്റ്റേഴ്‌സും മുംബൈ സിറ്റിയും തമ്മിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ ബ്ലാസ്റ്റേഴ്‌സിന് ആകെ വിജയിക്കാൻ കഴിഞ്ഞിരിക്കുന്നത് നാല് തവണ മാത്രമാണ്. എട്ടു മത്സരങ്ങളിൽ മുംബൈ സിറ്റി വിജയം സ്വന്തമാക്കിയപ്പോൾ ആറു മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു. കഴിഞ്ഞ സീസണിലെ രണ്ടു മത്സരങ്ങളിലും മുംബൈ സിറ്റിയാണ് വിജയം സ്വന്തമാക്കിയത്.

അതേസമയം ഇതുവരെ കണ്ടൊരു ബ്ലാസ്റ്റേഴ്‌സ് ടീമല്ല ഈ സീസണിൽ ഇറങ്ങുന്നത്. പുതിയ താരങ്ങളെത്തി കെട്ടുറപ്പുള്ള ഒരു സ്‌ക്വാഡിനെ ഈ സീസണിൽ അണിനിരത്താൻ കേരള ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ രണ്ടു മത്സരങ്ങളിലെ വിജയം അവർക്ക് ആത്മവിശ്വാസവും നൽകിയിട്ടുണ്ട്. അതുകൊണ്ടു തന്നെ മുംബൈ സിറ്റിക്കെതിരെ ബ്ലാസ്റ്റേഴ്‌സ് പൊരുതുമെന്ന് ഉറപ്പാണ്. ഈ മത്സരമാകും ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിലവാരം വിലയിരുത്താൻ നിർണായകമാവുക.

Kerala Blasters To Face Tough Test Against Mumbai City FC