“ടീമിന് വേണ്ടി ഞങ്ങൾ ഒരുമിച്ച് പോരാടും”- കേരള ബ്ലാസ്റ്റേഴ്‌സിന്റെ ജാപ്പനീസ് സമുറായ് പറയുന്നു | Daisuke

ജാപ്പനീസ് താരമായ ഡൈസുകെ സകായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് എത്തിയത് തീർത്തും അപ്രതീക്ഷിതമായാണ്. ഓസ്‌ട്രേലിയയിൽ നിന്നും ടീമിലെത്തിച്ച മുന്നേറ്റനിര താരമായ ജോഷുവ സോട്ടിരിയോ പരിശീലനത്തിനിടെ പരിക്കേറ്റു പുറത്തായിരുന്നു. താരം മടങ്ങി വരാൻ 2024 ആകുമെന്നിരിക്കെയാണ് പുതിയൊരു താരത്തെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. തായ്‌ലൻഡ് ക്ലബായ കസ്റ്റം യുണൈറ്റഡിൽ നിന്നാണ് സകായി കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വന്നത്.

കളിച്ച ക്ലബുകളിൽ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും സോട്ടിരിയോക്ക് പകരക്കാരനായി എത്തുന്ന ഡൈസുകെയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ചെറിയ ആശങ്കകൾ ഉണ്ടായിരുന്നു. എന്നാൽ ആ ആശങ്കകളെ പരിഹരിക്കുന്ന പ്രകടനമാണ് താരം സീസണിൽ ഇതുവരെ നടത്തിയിട്ടുള്ളത്. തന്റെ പ്രധാന പൊസിഷൻ വിങ്ങിലാണെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ശൈലിക്ക് അനുസൃതമായി മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്ന താരം ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ പങ്കു വഹിക്കുന്നു.

ആദ്യത്തെ മത്സരത്തിൽ ഗംഭീര പ്രകടനം നടത്തിയ ഡൈസുകെ രണ്ടാമത്തെ മത്സരത്തിലും തിളങ്ങി. ജംഷഡ്‌പൂരിനെതിരെ ബ്ലാസ്റ്റേഴ്‌സ് നേടിയ ഒരേയൊരു ഗോളിന് താരവും നിർണായകമായ പങ്കു വഹിച്ചിരുന്നു. ടീമുമായി കൂടുതൽ ഇണങ്ങിച്ചേർന്നാൽ ഇതിലുമേറെ മികച്ച പ്രകടനം നടത്താൻ കഴിയുമെന്ന് താരം തെളിയിക്കുന്നു. ജംഷഡ്‌പൂറിനെതിരായ മത്സരത്തിന് ശേഷം ടീമിനായി ഒരുമിച്ച് പൊരുതുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്യുമെന്നാണ് ജാപ്പനീസ് താരം സോഷ്യൽ മീഡിയയിൽ കുറിച്ചത്.

കളിക്കളത്തിൽ താൻ കഠിനാധ്വാനിയാണെന്ന് തെളിയിച്ചു കഴിഞ്ഞ താരം സെറ്റ് പീസുകളിലും ആധിപത്യം പുലർത്തുന്നുണ്ട്. താരം കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ സമയത്ത് ഇതിനു മുൻപ് നേടിയ ഫ്രീകിക്ക് ഗോളുകളുടെ വീഡിയോ പുറത്തു വന്നിരുന്നു. അതിനു പുറമെ ലോങ്ങ് റേഞ്ചറുകളിലും താരത്തിന് കഴിവുണ്ട്. പ്രീ സീസൺ മത്സരത്തിൽ ഒരു ഫ്രീകിക്ക് ഗോൾ താരം നേടിയിരുന്നു. മധ്യനിരയിലേക്ക് ഇറങ്ങി കളിക്കുന്നതു കൊണ്ടാണ് മുന്നേറ്റനിരയിൽ താരത്തിന്റെ ഇടപെടൽ കൂടുതൽ കാണാത്തത്.

രണ്ടു മത്സരങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറാൻ ഡൈസുകെക്ക് കഴിഞ്ഞിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ഇനിയുമേറെ വർഷങ്ങൾ തുടർന്നാൽ അഡ്രിയാൻ ലൂണയുടെ പകരക്കാരനാവാൻ താരത്തിന് കഴിയുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ഇരുപത്തിയാറു വയസ് മാത്രം പ്രായമുള്ള താരത്തിന്റെ കരിയറിലെ മികച്ച വർഷങ്ങളാണ് ഇനി വരാനിരിക്കുന്നത് എന്നിരിക്കെ താരത്തെ നിലനിർത്തുന്നത് കേരള ബ്ലാസ്റ്റേഴ്‌സിന് ഒരുപാട് ഗുണം ചെയ്യും.

Daisuke Sakai New Hope Of Kerala Blasters