“റൊണാൾഡോയെ ടീമിലെത്തിക്കുക സ്വപ്നമാണ്”- വെളിപ്പെടുത്തലുമായി ചാമ്പ്യൻസ് ലീഗ് ക്ലബിന്റെ പരിശീലകൻ
മാഞ്ചസ്റ്റർ യുണൈറ്റഡിൽ അവസരങ്ങൾ കുറഞ്ഞ ക്രിസ്റ്റ്യാനോ റൊണാൾഡോ ജനുവരിയിൽ ക്ലബ് വിടാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സമ്മർ ജാലകത്തിൽ തന്നെ റൊണാൾഡോ ക്ലബ് വിടാൻ ശ്രമിച്ചെങ്കിലും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള വമ്പൻ ക്ലബുകളൊന്നും താരത്തിനായി രംഗത്തു വന്നിരുന്നില്ല. സ്പോർട്ടിങ് ലിസ്ബൺ, മാഴ്സ തുടങ്ങിയ ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബുകൾക്ക് റൊണാൾഡോയെ സ്വന്തമാക്കാനുള്ള താൽപര്യം ഉണ്ടായിരുന്നെങ്കിലും റൊണാൾഡോ അവയിലേക്ക് ചേക്കേറാൻ താൽപര്യപ്പെട്ടതുമില്ല.
അതേസമയം ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ റൊണാൾഡോക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടണമെങ്കിൽ താരത്തെ ഇരു കയ്യും നീട്ടി സ്വീകരിക്കാൻ താരത്തിന്റെ മുൻ ക്ലബായ സ്പോർട്ടിങ് ലിസ്ബൺ ഇപ്പോഴും തയ്യാറാണ്. താരത്തെ തങ്ങളുടെ ടീമിലേക്ക് തിരിച്ചെത്തിക്കുക സ്വപ്നമാണെന്നാണ് സ്പോർട്ടിങ് ലിസ്ബൺ പരിശീലകനായ റൂബൻ അമോറിം പറയുന്നത്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ റൊണാൾഡോക്ക് നൽകുന്ന വേതനം നൽകാൻ തങ്ങൾക്ക് കഴിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.
“സ്പോർട്ടിങ്ങിൽ എല്ലാവരും റൊണാൾഡോയുടെ തിരിച്ചുവരവ് സ്വപ്നം കാണുന്നു, എന്നാൽ താരത്തിന്റെ ശമ്പളം കൊടുക്കുന്നതിനുള്ള പണം ഞങ്ങളുടെ കയ്യിലില്ല.” ടോട്ടനവുമായുള്ള ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കേ അമൊരിം പറഞ്ഞു. വേതനവ്യവസ്ഥകൾ കുറക്കാൻ കഴിഞ്ഞാൽ റൊണാൾഡോയെ സ്വന്തമാക്കാൻ തയ്യാറാണെന്ന വ്യക്തമായ സന്ദേശം കൂടിയാണ് അദ്ദേഹം നൽകുന്നത്. എന്നാൽ റൊണാൾഡോ ഇതിനു തയ്യാറാകുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്.
🔙 Sporting Lisbon dream of a Cristiano Ronaldo return, but it’s not a possibility for the club…#UCL | #TOTSCP
— The Sportsman (@TheSportsman) October 26, 2022
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ് സ്പോർട്ടിങ് എങ്കിലും രണ്ടാം സ്ഥാനത്തുള്ള മാഴ്സയുടെ അതെ പോയിന്റാണ് അവർക്കുള്ളത്. അതിനു പുറമെ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തുള്ള ടോട്ടനവുമായി ഒരു പോയിന്റ് മാത്രം പിന്നിലുള്ള അവർക്ക് ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് സാധ്യതകൾ ഇപ്പോഴുമുണ്ട്. ചാമ്പ്യൻസ് ലീഗിൽ മുന്നേറാൻ കഴിഞ്ഞാൽ ജനുവരിയിൽ റൊണാൾഡോയെ ടീമിന്റെ ഭാഗമാക്കാനുള്ള സ്പോർട്ടിങ്ങിന്റെ സാധ്യതകൾ വളരെയധികം വർധിക്കുകയും ചെയ്യും. എന്നാൽ താരം പ്രതിഫലം വെട്ടിക്കുറക്കുമോയെന്നതാണ് ഇതിൽ നിർണായകമായ കാര്യം.