റൊണാൾഡോയുടെ റെക്കോർഡുകൾ ഓരോന്നായി മെസിക്കു മുന്നിൽ വഴിമാറുന്നു, മറ്റൊരു റെക്കോർഡ് കൂടി പിഎസ്‌ജി താരത്തിന് സ്വന്തം

കഴിഞ്ഞ സീസണിൽ നിറം മങ്ങിയ ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ റാങ്കിങ്ങിൽ അവസാന മുപ്പതു പേരിൽ ഇടം പിടിച്ചില്ലെങ്കിലും ഈ സീസണിലെ ചർച്ചാവിഷയം പിഎസ്‌ജി താരം തന്നെയാണ്. ഗോളുകൾ നേടാനും അതിനു മികച്ച രീതിയിൽ വഴിയൊരുക്കാനും കഴിയുന്ന മെസി ഇന്നലെ മക്കാബി ഹൈഫക്കെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും സ്വന്തമാക്കുകയുണ്ടായി. മെസി, എംബാപ്പെ, നെയ്‌മർ, സോളർ എന്നിവർ ഗോൾ കണ്ടെത്തിയ മത്സരത്തിൽ പിഎസ്‌ജി രണ്ടിനെതിരെ ഏഴു ഗോളുകളുടെ വിജയം നേടുകയും ചെയ്‌തു.

മത്സരത്തിൽ നടത്തിയ മികച്ച പ്രകടനത്തോടെ നിരവധി റെക്കോർഡുകളാണ് ലയണൽ മെസി തകർത്തു കളഞ്ഞത്. ഫുട്ബോൾ ലോകത്ത് ഇന്നത്തെ വാർത്തകളിൽ മുഴുവൻ നിറയുന്നത് ഇന്നലത്തെ മത്സരത്തിലൂടെ മെസി നേടിയ റെക്കോർഡുകളുടെ വിവരങ്ങളാണ്. ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ഇന്നലത്തെ മത്സരത്തിലെ ഗോൾ, അസിസ്റ്റ് നേട്ടത്തിലൂടെ മെസി മറികടന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിലധികം ഗോളുകളും ഒന്നിലധികം അസിസ്റ്റുകളും നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡാണ് ഇന്നലത്തെ മത്സരത്തിലൂടെ മെസി സ്വന്തമാക്കിയത്.

ഇന്നലത്തെ മത്സരത്തിൽ രണ്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടുമ്പോൾ മെസിയുടെ പ്രായം മുപ്പത്തിയഞ്ചു വയസും 123 ദിവസവുമായിരുന്നു. ഈ നേട്ടം സ്വന്തമാക്കിയപ്പോൾ തകർക്കപ്പെട്ടത് മെസിയുടെ പ്രധാന എതിരാളിയായിരുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡായിരുന്നുവെന്നത് മെസി ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നു. 2015 നവംബർ 25ന്, തന്റെ മുപ്പതാം വയസിൽ റൊണാൾഡോ ഷക്തറിനെതിരെ സ്വന്തമാക്കിയ റെക്കോർഡാണ് മെസിയുടെ ഇന്നലത്തെ മാസ്‌മരിക പ്രകടനത്തിനു മുന്നിൽ ഇല്ലാതായിപ്പോയത്. തന്റെ ആവനാഴിയിലെ അമ്പുകൾ ഒഴിഞ്ഞിട്ടില്ലെന്നും ഇതിലൂടെ മെസി തെളിയിക്കുന്നു.

ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഗോളുകൾ ബോക്‌സിനു പുറത്തു നിന്നും നേടിയ താരമെന്ന നേട്ടവും ഇന്നലത്തെ മത്സരത്തിൽ റൊണാൾഡോയെ മറികടന്ന് മെസി ഒറ്റക്ക് സ്വന്തമാക്കിയിരുന്നു. മെസി ഇന്നലെ ഒരു ഗോൾ കൂടി നേടിയിരുന്നെങ്കിൽ റൊണാൾഡോയുടെ മറ്റൊരു റെക്കോർഡ് കൂടി താരത്തിന് സ്വന്തമായേനെ. നിലവിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവുമധികം ഹാട്രിക്കുകളെന്ന നേട്ടത്തിൽ മെസിയും റൊണാൾഡോയും ഒപ്പത്തിനൊപ്പം നിൽക്കുകയാണ്. എട്ട് ഹാട്രിക്കുകൾ ഇരുവരും നേടിയപ്പോൾ ഈ റെക്കോർഡ് മെസിക്ക് ഒറ്റക്ക് സ്വന്തമാക്കാനുള്ള അവസരം ഈ സീസണിൽ തന്നെയുണ്ട്.