അക്കാര്യത്തിൽ ഞാനെന്റെ രാജ്യത്ത് ഫേമസാണ്‌, കേരള ബ്ലാസ്റ്റേഴ്‌സിൽ യുവതാരങ്ങളെ വളർത്തിയെടുക്കുമെന്ന് സ്റ്റാറെ

രണ്ടാഴ്‌ചക്കുള്ളിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ ചുമതല ഏറ്റെടുക്കാൻ പോവുകയാണ് സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെ. ഇവാൻ വുകോമനോവിച്ചിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയ അദ്ദേഹം ഇതുവരെ ടീമിനൊപ്പം ചേർന്നിട്ടില്ലെങ്കിലും ജൂലൈ ആദ്യം തായ്‌ലൻഡിൽ വെച്ച് നടക്കുന്ന പ്രീ സീസൺ ക്യാംപിൽ ഉണ്ടാകുമെന്ന് ഉറപ്പായിക്കഴിഞ്ഞു.

മൈക്കൽ സ്റ്റാറെ പരിശീലകനായി എത്തുമ്പോൾ ബ്ലാസ്റ്റേഴ്‌സിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇവാൻ വുകോമനോവിച്ചിന്റെ ശൈലിയിൽ നിന്നും വ്യത്യസ്‌തമായ ശൈലിയുള്ള സ്റ്റാറെ തനിക്ക് അനുയോജ്യരായ താരങ്ങളെ ക്യാംപിൽ നിന്നും കണ്ടെത്താനുള്ള പദ്ധതിയിലാണ്. അതിനൊപ്പം യുവതാരങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

“ഞാനൊരിക്കലും ഒരു പ്രൊഫെഷണൽ കളിക്കാരൻ ആയിരുന്നില്ല, യൂത്ത് അക്കാദമിയിൽ നിന്നുമാണ് ഞാൻ വന്നത്. എന്നെ സംബന്ധിച്ച് യുവതാരങ്ങളെ മുന്നിലേക്ക് കൊണ്ടു വരേണ്ടതും അവർക്ക് അവസരങ്ങൾ നൽകേണ്ടതും പ്രധാനപ്പെട്ട കാര്യമാണ്. യുവതാരങ്ങൾക്ക് അവസരങ്ങൾ നൽകുന്ന കാര്യത്തിൽ ഞാനെന്റെ രാജ്യത്ത് വളരെ ഫെമസുമാണ്.” സ്റ്റാറെ പറഞ്ഞു.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ നിരവധി യുവതാരങ്ങൾ കളിക്കുകയും അവരിൽ പലരും കഴിവ് തെളിയിക്കുകയും ചെയ്‌തിരുന്നു. മലയാളി താരങ്ങളായ വിബിൻ മോഹനൻ, മൊഹമ്മദ് അയ്‌മൻ, മൊഹമ്മദ് അസ്ഹർ, ഗോൾകീപ്പർ സച്ചിൻ സുരേഷ് എന്നിവരെല്ലാം അതിലുൾപ്പെടുന്നു. അടുത്ത സീസണിലും ഇവരുടെ സ്ഥാനം ഭദ്രമാണെന്നാണ് സ്റ്റാറെയുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

നിരവധി വർഷങ്ങളുടെ പരിചയസമ്പത്തുള്ള പരിശീലകനാണ് മൈക്കൽ സ്റ്റാറെ. കരിയറിൽ ടോപ് ക്ലബുകളെ അധികം പരിശീലിപ്പിക്കാതിരുന്നതിനാൽ തന്നെ കിരീടനേട്ടങ്ങളുടെ കാര്യത്തിൽ അദ്ദേഹം പിന്നിലാണ്. എന്നാൽ പരിമിതമായ വിഭവങ്ങളെ വെച്ച് മികച്ച പ്രകടനം നടത്തിക്കാൻ കഴിയുമെന്ന് നേരത്തെ തെളിയിച്ച അദ്ദേഹത്തിൽ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് പ്രതീക്ഷ വെക്കാം.