മാഞ്ചസ്റ്റർ യുണൈറ്റഡിൽ തിളങ്ങി അർജന്റീന താരം, പ്രശംസയും മുന്നറിയിപ്പും നൽകി പരിശീലകൻ
യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ മാഞ്ചസ്റ്റർ യുണൈറ്റഡും ഷെരീഫും തമ്മിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയപ്പോൾ ഗോളുകൾ നേടിയത് ഡീഗോ ദാലറ്റ്, മാർക്കസ് റാഷ്ഫോഡ്, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരായിരുന്നു. എന്നാൽ ഗോളുകൾ നേടിയവർക്കു പുറമെ മറ്റൊരു താരം കൂടി മത്സരത്തിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പതിനെട്ടുകാരനായ അർജന്റീനിയൻ താരം അലസാൻഡ്രോ ഗർനാച്ചോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ ഇടം പിടിച്ച ആദ്യത്തെ മത്സരത്തിൽ തന്നെ തന്റെ മികച്ച പ്രകടനം കൊണ്ടു തിളങ്ങിയത്.
4-2-3-1 ശൈലിയിൽ കളിച്ച മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി ഇടതു വിങ്ങിൽ ഇറങ്ങിയ ഗർനാച്ചോ മികച്ച പന്തടക്കവും വേഗതയും ഡ്രിബ്ലിങ് സ്കില്ലുകളും സഹതാരങ്ങളുമായുള്ള ഒത്തിണക്കവും കൊണ്ടാണ് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയത്. 90 ശതമാനം പാസിംഗ് കൃത്യതയോടെ മത്സരത്തിൽ കളിച്ച താരം ഒരു കീ പാസ് നൽകിയതിനു പുറമെ ആറു ഡ്രിബിൾ അറ്റംപ്റ്റിൽ മൂന്നെണ്ണത്തിലും വിജയം നേടുകയുണ്ടായി. ഇതിനു പുറമെ പന്ത്രണ്ടു ഗ്രൗണ്ട് ഡുവൽസിൽ ഏഴെണ്ണത്തിലും താരം വിജയിച്ചു.
ഒരു യുവതാരമെന്ന നിലയിൽ ഇന്നലത്തെ മത്സരത്തിൽ പ്രതീക്ഷ നൽകുന്ന പ്രകടനം തന്നെയാണ് ഗർനാച്ചോ കാഴ്ച വെച്ചത്. മത്സരത്തിനു ശേഷം ഗർനാച്ചോയുടെ പ്രകടനത്തെ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാഗ് അഭിനന്ദിക്കുകയുണ്ടായി. നല്ല കളിയാണ് അർജന്റീനിയൻ താരം കാഴ്ച വെച്ചതെന്നും താൻ പ്രതീക്ഷിച്ചത് കളിക്കളത്തിൽ നൽകാൻ താരത്തിന് കഴിഞ്ഞുവെന്നും ഡച്ച് പരിശീലകൻ പറഞ്ഞു. ആദ്യ ഇലവനിലെ സ്ഥാനം ഗർനാച്ചോ അർഹിച്ചിരുന്നതാണെന്നും എറിക് ടെൻ ഹാഗ് കൂട്ടിച്ചേർത്തു.
Alejandro Garnacho vs Sheriff
— academyarena Utd (@academyarenaUTD) October 28, 2022
A standout performance from the 18-year-old!
I compiled all his footage together and it came to about 7 minutes. Constantly on the ball.
[music provided by Beave – Talk https://t.co/jeNYxmSlsE NCS] #mufc #MUAcademy pic.twitter.com/9KUveMEUxo
അതേസമയം അർജന്റീനിയൻ താരത്തിന് മറ്റൊരു മുന്നറിയിപ്പും പരിശീലകൻ നൽകി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ സമയത്ത് ഗാർനച്ചോയുടെ മനോഭാവം ശരിയായിരുന്നില്ലെന്ന് എറിക് ടെൻ ഹാഗ് നേരത്തെ വെളിപ്പെത്തിയിട്ടുള്ളതാണ്. ടോപ് ലെവൽ ഫുട്ബോളിൽ വളരുന്നതിനായി താരം ഇനിയും മുന്നോട്ടു പോകണമെന്നും ഗോളുകൾ നേടുന്നത് മാത്രമല്ല, ഓരോ മത്സരത്തിനും ആവശ്യമായ തരത്തിൽ കളിക്കാൻ ഗർനാച്ചോ ശ്രദ്ധിക്കണമെന്നുമാണ് ടെൻ ഹാഗ് പറഞ്ഞത്.
സ്പെയിനിൽ ജനിച്ച ഗർനാച്ചോ അത്ലറ്റികോ മാഡ്രിഡ് അക്കാദമിയിൽ കളിച്ചതിനു ശേഷം 2020ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യൂത്ത് ടീമിനൊപ്പം മികച്ച പ്രകടനം നടത്തിയ താരം അതോടെയാണ് സീനിയർ ടീമിലും ഇടം നേടുന്നത്. സ്പെയിൻ യൂത്ത് ടീമിനു വേണ്ടി കളിച്ച താരത്തിന് സ്പെയിൻ സീനിയർ ടീമിൽ കളിക്കാമായിരുന്നെങ്കിലും ഗർനാച്ചോയുടെ മാതാവ് അർജന്റീനിയൻ ആയതിനാൽ അർജന്റീന പരിശീലകൻ ലയണൽ സ്കലോണി താരത്തെ ടീമിലേക്ക് വിളിക്കുകയായിരുന്നു. അർജന്റീനക്കായി ഇതുവരെ അരങ്ങേറ്റം നടത്താൻ ഗർനാച്ചോക്ക് കഴിഞ്ഞിട്ടില്ല.