ലോകകപ്പ് ഫൈനലിൽ മെസിയും റൊണാൾഡോയും നേർക്കുനേർ വരും, അർജന്റീന കിരീടമുയർത്തുമെന്നും പ്രവചനം

ഏതാനും ആഴ്ച്ചകൾക്കുള്ളിൽ ആരംഭിക്കാനിരിക്കുന്ന ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീനയും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും തമ്മിൽ ഏറ്റുമുട്ടുമെന്ന് പ്രവചനം. കാനഡ ആസ്ഥാനമായുള്ള ബിസിഎ റിസർച്ച് കമ്പനിയുടെ സൂപ്പർകമ്പ്യൂട്ടറാണ് അർജന്റീനയും പോർച്ചുഗലും തമ്മിലുള്ള ഫൈനൽ പോരാട്ടം പ്രവചിച്ചിരിക്കുന്നത്. കലാശപ്പോരാട്ടത്തിൽ പോർച്ചുഗലിനെ തോൽപ്പിച്ച് അർജന്റീന കിരീടമുയർത്തുമെന്നും അവരുടെ പ്രവചനത്തിൽ പറയുന്നു.

ടീമുകളുടെ നിലവിലെ ഫോം പരിഗണിക്കാതെയാണ് സൂപ്പർ കമ്പ്യൂട്ടർ പ്രവചനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് ലോകകപ്പുകളിൽ മത്സരങ്ങൾ, ഓരോ ദേശീയ ടീമിന്റെയും ഫിഫ റാങ്കിങ് എന്നിവ ഇവർ കണക്കിലെടുക്കുന്നു. ഇതു പ്രകാരം നിലവിൽ 35 മത്സരങ്ങളിൽ അപരാജിതരായി ലോകക്കപ്പിനെത്തുന്ന അർജന്റീന പോർച്ചുഗലിനെ ഫൈനലിൽ കീഴടക്കി മെസിയുടെ അർജന്റീന അവരുടെ മൂന്നാമത്തെ ലോകകകിരീടം സ്വന്തമാക്കും.

കഴിഞ്ഞ തവണ ലോകകിരീടം സ്വന്തമാക്കിയ ഫ്രാൻസ് ഇത്തവണപ്രീ ക്വാർട്ടറിൽ തന്നെ പുറത്താകുമെന്നാണ് സൂപ്പർകമ്പ്യൂട്ടർ പ്രവചിക്കുന്നത്. ഇംഗ്ലണ്ടാണ് അവരെ തോൽപ്പിക്കുക. ഇംഗ്ലണ്ട് സെമി വരെയെത്തുമെന്നും സെമിയിൽ പോർച്ചുഗൽ അവരെ പെനാൽറ്റി ഷൂട്ടൗട്ടിൽ പുറത്താക്കുമെന്നും പ്രവചനം പറയുന്നു. ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന മറ്റൊരു ടീമായ ബ്രസീൽ സെമി ഫൈനലിൽ അർജന്റീനയോട് തോറ്റു പുറത്താകുമെന്നാണ് അവരുടെ കണ്ടെത്തൽ.

പ്രവചനങ്ങളുടെ സ്വഭാവവും മത്സരഫലങ്ങളും മാറുമെങ്കിലും ഇതുപോലൊരു ഫൈനൽ ഓരോ ഫുട്ബോൾ ആരാധകനും പ്രതീക്ഷിക്കുന്ന ഒന്നായിരിക്കും. ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ച രണ്ടു താരങ്ങൾ അവരുടെ അവസാനത്തെ ലോകകപ്പിന്റെ ഫൈനലിൽ ഏറ്റു മുട്ടിയാൽ അതിനേക്കാൾ കൂടുതൽ ആവേശം ഈയടുത്ത കാലത്ത് കായികലോകത്ത് മറ്റൊന്നിനും സമ്മാനിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഇത് യാഥാർത്ഥ്യമാകട്ടെയെന്നാണ് ഏവരും കരുതുന്നത്.