ഇതാണ് മെസിയുടെ റേഞ്ച്, രണ്ടു മാസങ്ങൾക്കു ശേഷം തിരിച്ചുവന്ന മത്സരത്തിൽ ഉജ്ജ്വല പ്രകടനം

കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിൽ പരിക്കേറ്റു മത്സരം പൂർത്തിയാക്കാൻ കഴിയാതെ പുറത്തു പോയ താരമാണ് ലയണൽ മെസി. അതിനു ശേഷം പരിക്കിൽ നിന്നും മുക്തനാവാനുള്ള ശ്രമങ്ങൾ ആരംഭിച്ച താരം പിന്നീട് മത്സരങ്ങൾ കളിച്ചിരുന്നില്ല. ഇന്ന് പുലർച്ചെ നടന്ന എംഎൽഎസ് മത്സരത്തിലാണ് ലയണൽ മെസി അതിനു ശേഷം കളത്തിലിറങ്ങിയത്.

ഇന്റർ മിയാമിയുടെ മൈതാനത്ത് ഫിലാഡൽഫിയ യൂണിയനുമായി നടന്ന മത്സരത്തിൽ എതിരാളികൾ രണ്ടാം മിനുട്ടിൽ തന്നെ മുന്നിലെത്തിയിരുന്നു. എന്നാൽ മത്സരം അര മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ മെസി അതിന്റെ ഗതി മാറ്റി. ലൂയിസ് സുവാരസും ജോർഡി ആൽബയും നൽകിയ അസിസ്റ്റുകളിൽ ഗോൾ കണ്ടെത്തിയ താരം ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു.

അതിനു ശേഷം മത്സരത്തിൽ തിരിച്ചു വരാൻ ഫിലാഡൽഫിയ യൂണിയന് കഴിഞ്ഞില്ല. നിരവധി ആക്രമണങ്ങൾ അവർ നടത്തിയെങ്കിലും അതൊന്നും ലക്ഷ്യത്തിലേക്ക് എത്തിയില്ല. അതിനു ശേഷം മത്സരം അവസാനിക്കാൻ പോകും മുൻപേ തൊണ്ണൂറാം മിനുട്ടിൽ ലയണൽ മെസിയുടെ അസിസ്റ്റിൽ ലൂയിസ് സുവാരസും ലക്‌ഷ്യം കണ്ടതോടെ ഇന്റർ മിയാമി വിജയം തീർച്ചപ്പെടുത്തി.

ഈ സീസണിൽ മികച്ച പ്രകടനം നടത്തുന്ന ഇന്റർ മിയാമി പോയിന്റ് പട്ടികയിൽ വളരെ മുന്നിലാണ് നിൽക്കുന്നത്. ഇരുപത്തിയെട്ടു മത്സരങ്ങളിൽ നിന്നും 62 പോയിന്റ് നേടിയ ഇന്റർ മിയാമിയുടെ പിന്നിൽ നിൽക്കുന്ന ലോസ് ഏഞ്ചൽസ് ഗാലക്‌സിക്ക് ഇരുപത്തിയൊമ്പത് മത്സരങ്ങളിൽ നിന്നും 55 പോയിന്റാണുള്ളത്. 28 മത്സരങ്ങളിൽ നിന്നും 55 പോയിന്റുള്ള സിൻസിനാറ്റി മൂന്നാം സ്ഥാനത്തു നിൽക്കുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ ഇനിയുള്ള ആറു മത്സരങ്ങളിൽ നിന്നും പന്ത്രണ്ടു പോയിന്റുകൾ നേടിയാൽ സപ്പോർട്ടേഴ്‌സ് ഷീൽഡ് കിരീടം ഇന്റർ മിയാമിക്ക് ഉറപ്പിക്കാൻ കഴിയും. അത് നേടാൻ കഴിഞ്ഞാൽ ഇന്റർ മിയാമിയുടെ ആദ്യത്തെ സപ്പോർട്ടേഴ്‌സ് ഷീൽഡ് ആയിരിക്കും. ലയണൽ മെസിയുടെ കരിയറിലെ നാല്പത്തിയാറാമത്തെ കിരീടവും.