“ശല്യപ്പെടുത്തുന്ന ആ തന്ത്രമുണ്ടാകും”- എറിക് ടെൻ ഹാഗിനു മറുപടി നൽകി ന്യൂകാസിൽ യുണൈറ്റഡ് താരം

കറബാവോ കപ്പ് ഫൈനലിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ന്യൂകാസിൽ യുണൈറ്റഡും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആവേശകരമായ മത്സരം തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഏതാനും വർഷങ്ങളായി ഒരു കിരീടം പോലും നേടാൻ കഴിയാത്ത മാഞ്ചസ്റ്റർ യുണൈറ്റഡും തങ്ങളുടെ പ്രതാപകാലം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്ന ന്യൂകാസിൽ യുണൈറ്റഡും കിരീടം ലക്ഷ്യമിട്ടു തന്നെയാണ് ഫൈനൽ പോരാട്ടത്തിനായി ഇറങ്ങുന്നത്.

അതിനിടയിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ എറിക് ടെൻ ഹാഗ് ചില വിമർശനങ്ങൾ നടത്തിയിരുന്നു. സമയം കളയുന്നതിനു വേണ്ടി ന്യൂകാസിൽ യുണൈറ്റഡ് നടത്തുന്ന കാര്യങ്ങളെയാണ് ഡച്ച് പരിശീലകൻ വിമർശിക്കുകയും ഒഫിഷ്യൽസ് ശ്രദ്ധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തത്‌. അതേസമയം അതിനു മറുപടി നൽകിയ കീറോൺ ട്രിപ്പിയർ അത്തരം കാര്യങ്ങൾ സ്വാഭാവികമായും ഉണ്ടാകുമെന്ന് വ്യക്തമാക്കി.

“എല്ലാവര്ക്കും അവരുടേതായ അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും ഇത്തരം കാര്യങ്ങൾ സ്പെയിനിലും ഞാൻ അനുഭവിച്ചിട്ടുണ്ട്. മത്സരത്തിന്റെ വേഗത കുറക്കുന്നത് അറിയുന്നതാണ് ഇതിൽ പ്രധാനം. എതിരാളികൾ പന്തിൽ ആധിപത്യം സ്ഥാപിച്ചു മത്സരത്തിൽ മുന്നിട്ട് നിൽക്കുകയും ചെയ്യുമ്പോൾ മത്സരത്തെ തന്നെ ഇല്ലാതാക്കണം. നമ്മൾ ഒരിക്കലും വളരെ പെട്ടന്ന് ത്രോ എറിഞ്ഞ് കളിച്ചോളൂ എന്ന് പറയാറില്ല, മത്സരത്തെ കൈകാര്യം ചെയ്യണം.”

“ചില ടീമുകൾക്ക് ഈ സീസണിലെ ഞങ്ങളെ അത്ര ഇഷ്‌ടമല്ല, പക്ഷെ അത് ബുദ്ധിയും പരിചയസമ്പത്തും ആ സമയത്ത് ഉപയോഗിക്കുന്നതിന്റെ കൂടിയാണ്. എതിർടീമിന്റെ ആരാധകരും അത് ഇഷ്‌ടപ്പെടുന്നില്ല, കാരണം അതവരുടെ ടീമിന് എതിരാണ് എന്നതിനാലാണ്. പക്ഷെ ന്യൂട്രലായി ചിന്തിക്കുമ്പോൾ എനിക്കതിൽ കുഴപ്പമൊന്നും തോന്നുന്നില്ല, എന്തിനാണ് എല്ലാവരും അതിനെ എതിർക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല.” ട്രിപ്പിയർ പറഞ്ഞു.

രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ആരു വിജയം നേടുമെന്ന് ഉറപ്പിക്കാൻ പ്രയാസമാണ്. രണ്ടു ടീമുകളും ഈ സീസണിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ന്യൂകാസിൽ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണുള്ളത്. സീസണിലെ ആദ്യ കിരീടത്തിനായി രണ്ടു ടീമുകളും കടുത്ത പോരാട്ടം തന്നെയാവും നടത്തുക.