അമ്പമ്പോ, എന്തൊരു ഗോളുകൾ! ഇഞ്ചുറി ടൈമിൽ രണ്ടു മിന്നൽ ഗോളുകൾ നേടി അർജന്റീന താരം

ഖത്തർ ലോകകപ്പിനുള്ള അർജന്റീന സ്‌ക്വാഡിലുണ്ടായിരുന്ന താരമാണ് തിയാഗോ അൽമാഡ. ലോകകപ്പ് അന്തിമ സ്‌ക്വാഡിൽ ഇടം നേടിയിരുന്ന ചില താരങ്ങളെ അവസാന നിമിഷം ഒഴിവാക്കിയപ്പോഴാണ് അൽമാഡക്ക് ടീമിലിടം ലഭിച്ചത്. പോളണ്ടിനെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ മാത്രമാണ് താരത്തിന് ഇടം ലഭിച്ചത്. എങ്കിലും അർജന്റീനക്കൊപ്പം ലോകകപ്പ് നേടാൻ ഇരുപത്തിയൊന്നുകാരനായ താരത്തിന് കഴിഞ്ഞു.

ഖത്തർ ലോകകപ്പിന് ശേഷം തിയാഗോ അൽമാഡ ആദ്യമായി ക്ലബിനായി ഇറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു. മേജർ ലീഗ് സോക്കറിൽ അറ്റ്‌ലാന്റാ യുണൈറ്റഡ് എഫ്‌സിയുടെ താരമായ തിയാഗോ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിന്നിൽ നിന്നിരുന്ന തന്റെ ക്ലബ്ബിനെ ഇഞ്ചുറി ടൈമിൽ നേടിയ ഇരട്ടഗോളുകളുടെ പിൻബലത്തിൽ വിജയത്തിലെത്തിച്ചാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. രണ്ടു ഗോളുകളും തകർപ്പൻ ഷോട്ടുകളായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.

മത്സരത്തിന്റ പന്ത്രണ്ടാം മിനുട്ടിൽ തന്നെ ജെറെമി ഇബോബിസേ നേടിയ ഗോളിൽ സാൻ ജോസ് എർത്ത്ക്വക്കേഴ്‌സ് മുന്നിലെത്തിയിരുന്നു. തൊണ്ണൂറു മിനുട്ട് വരെയും അതെ സ്‌കോറിൽ ടീം മുന്നോട്ടു പോയെങ്കിലും ഇഞ്ചുറി ടൈമിൽ അൽമാഡ അവതരിച്ചു. ആദ്യത്തെ ഗോൾ ബോക്‌സിനു പുറത്തു നിന്നുള്ള ലോങ്ങ് റേഞ്ചറിലൂടെ വലയിലെത്തിച്ച താരം അതിനു ശേഷം മത്സരത്തിലെ അവസാനത്തെ കിക്കായി ലഭിച്ച ഫ്രീ കിക്ക് ഗോൾകീപ്പർക്ക് യാതൊരു അവസരവും നൽകാതെയും ഗോളാക്കി മാറ്റി.

മത്സരത്തിലുടനീളം ഗംഭീരപ്രകടനം നടത്തിയ താരം അർഹിച്ച ഗോൾ തന്നെയാണ് നേടിയത്. എംഎൽഎസ് സീസൺ ആരംഭിച്ചതിനു ശേഷമുള്ള ആദ്യത്തെ മത്സരത്തിൽ തന്നെ നടത്തിയ പ്രകടനം ലോകകപ്പിന് ശേഷം അർജന്റീന താരം മികച്ച ആത്മവിശ്വാസത്തിലാണ് കളിക്കുന്നതെന്ന് വ്യക്തമാക്കുന്നു. കഴിഞ്ഞ സീസണിൽ ഇരുപത്തിയൊമ്പത് മത്സരങ്ങൾ കളിച്ച താരം ആറു ഗോളും ഏഴ് അസിസ്റ്റുമാണ് ടീമിനായി സ്വന്തമാക്കിയത്.