കൊറേയയുടെ മുറിവ് പറ്റിയ കാലിന്റെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ അത്ലറ്റികോ മാഡ്രിഡിന്റെ പ്രതിഷേധം, റഫറിക്കെതിരെ രൂക്ഷവിമർശനം നടത്തി സിമിയോണി

കഴിഞ്ഞ ദിവസം നടന്ന മാഡ്രിഡ് ഡെർബിക്ക് ശേഷം മത്സരം നിയന്ത്രിച്ച റഫറിയായ ഗിൽ മൻസാനോക്കെതിരെ രൂക്ഷവിമർശനവുമായി അത്ലറ്റികോ മാഡ്രിഡ് കോച്ച് ഡീഗോ സിമിയോണി. മത്സരത്തിൽ അർജന്റീന താരമായ ഏഞ്ചൽ കൊറേയയെ ചുവപ്പുകാർഡ് നൽകി പുറത്താക്കിയതിന്റെ പേരിലാണ് റഫറിക്കെതിരെ അത്ലറ്റികോ മാഡ്രിഡ് പരിശീലകൻ തിരിഞ്ഞത്. മത്സരത്തിൽ രണ്ടു ടീമുകളും സമനിലയിൽ പിരിയുകയാണുണ്ടായത്.

മത്സരത്തിന്റെ അറുപത്തിനാലാം മിനുട്ടിലാണ് ഏഞ്ചൽ കൊറേയക്ക് ചുവപ്പുകാർഡ് ലഭിച്ചത്. ഗോൾകിക്കിനായി നിൽക്കുന്നതിനിടെ അന്റോണിയോ റുഡിഗറെ ഇടിച്ചതിനാണ് ഏഞ്ചൽ കൊറെയക്ക് നേരിട്ട് ചുവപ്പുകാർഡ് നൽകിയത്. എന്നാൽ വീഡിയോ ദൃശ്യങ്ങളിൽ നിന്നും നേരിട്ട് ചുവപ്പുകാർഡ് അർഹിക്കുന്ന ഫൗളല്ല അത്ലറ്റികോ മാഡ്രിഡ് താരം ചെയ്‌തതെന്ന്‌ വ്യക്തമായിരുന്നു. 31 മത്സരങ്ങളിൽ നിന്നും അത്ലറ്റികോ മാഡ്രിഡിന് മൻസാനോ നൽകുന്ന എട്ടാമത്തെ ചുവപ്പുകാർഡാണ്‌ ഇന്നലെ പിറന്നത്.

മത്സരത്തിന് ശേഷം ഇതുപോലെയുള്ള ഫൗളിന് റെഡ് കാർഡ് നൽകിയാണ് ഫീൽഡിൽ ഒരു താരവും ഉണ്ടാകില്ലെന്നാണ് സിമിയോണി പറഞ്ഞത്. അതൊരു മഞ്ഞക്കാർഡ് അർഹിക്കുമെങ്കിലും ചുവപ്പുകാർഡ് അർഹിക്കുന്നതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഫറി റയൽ മാഡ്രിഡിന് അനുകൂലമായ തീരുമാനം എടുക്കുന്നത് സാധാരണ കാര്യമാണെന്നും അത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഞ്ചൽ കൊറേയയുടെ കാലിലെ മുറിവിന്റെ ചിത്രം പോസ്റ്റ് ചെയ്‌ത്‌ അക്രമം കാണിച്ചയാളുടെ കാൽ ഇങ്ങിനെയാണെന്നും റയൽ മാഡ്രിഡിൽ വരുമ്പോൾ ഇത് സ്വാഭാവികമാണെന്നും അത്ലറ്റികോ തങ്ങളുടെ ട്വിറ്ററിൽ കുറിച്ചു.

ചുവപ്പുകാർഡ് നേടി ഒരാൾ പുറത്തു പോയെങ്കിലും മത്സരത്തിൽ ആദ്യം ലീഡ് നേടിയത് അത്ലറ്റികോ മാഡ്രിഡ് തന്നെയാണ്. എഴുപത്തിയെട്ടാം മിനുട്ടിൽ ജോസേ ഗിമിനിസ് നേടിയ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് അത്ലറ്റികോ മാഡ്രിഡ് മുന്നിലെത്തിയത്. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിൽ യുറുഗ്വായ് താരമായ അൽവാരോ റോഡ്രിഗസ് റയൽ മാഡ്രിഡിനെ ഒപ്പമെത്തിച്ചു. റയൽ മാഡ്രിഡ് സമനില വഴങ്ങിയതോടെ അടുത്ത മത്സരം വിജയിച്ചാൽ പത്ത് പോയിന്റ് വ്യത്യാസത്തിൽ മുന്നിലെത്താൻ ബാഴ്‌സലോണയ്ക്ക് കഴിയും.