“കളിക്കളത്തിലെ മാന്ത്രികൻ, കാലിൽ നിന്നും പന്തെടുക്കാൻ പോലും കഴിയില്ല”- മെസിയെ പ്രശംസിച്ച് ട്രിപ്പിയർ

ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനമാണ് ലയണൽ മെസി അർജന്റീനക്കു വേണ്ടി നടത്തിയത്. ടീമിനെ മുന്നിൽ നിന്നും നയിച്ച താരം ഏഴു ഗോളുകളും മൂന്ന് അസിസ്റ്റുകളും സ്വന്തമാക്കി അർജന്റീനയെ മുപ്പത്തിയാറു വർഷത്തിനു ശേഷമുള്ള ആദ്യത്ത ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. ടൂർണമെന്റിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും മെസി തന്നെയായിരുന്നു. ഇതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ തന്റെ സ്ഥാനം മെസി ഊട്ടിയുറപ്പിച്ചു.

ലോകകപ്പിന് ശേഷം ലയണൽ മെസിയെത്തേടി നിരവധി പുരസ്‌കാരങ്ങളാണ് എത്തിയത്. അതിനു പുറമെ നിരവധി താരങ്ങളും ലയണൽ മെസിയെ പ്രശംസിച്ച് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡ് താരമായ കീറൻ ട്രിപ്പിയറും ലയണൽ മെസിയെ പ്രശംസിക്കുകയുണ്ടായി. ലയണൽ മെസിയെ കളിക്കളത്തിൽ നേരിടാനുള്ള ബുദ്ധിമുട്ടുകളെക്കുറിച്ചാണ് മുൻ അത്ലറ്റികോ മാഡ്രിഡ് താരം പറഞ്ഞത്.

തന്റെ കരിയറിൽ നേരിട്ട ഏറ്റവും മികച്ച താരമാണ് ലയണൽ മെസിയാണെന്നാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിന് വേണ്ടി കളിക്കാനിറങ്ങിയ ട്രിപ്പിയർ പറയുന്നത്. താരത്തെ തടുക്കാൻ ബുദ്ധിമുട്ടുന്നതിന്റെ കാരണവും താരം വ്യക്തമാക്കി. “ഞാൻ നേരിട്ടിട്ടുള്ളതിൽ ഏറ്റവും മികച്ച താരം ലയണൽ മെസിയാണ്. കളിക്കളത്തിൽ മാന്ത്രികത കാണിക്കുന്ന താരമാണ് മെസി. താരത്തിന്റെ കാലിൽ നിന്നും പന്തെടുക്കാൻ തന്നെ കഴിയില്ല.” ട്രിപ്പിയർ പറഞ്ഞു.

അത്ലറ്റികോ മാഡ്രിഡിന് വേണ്ടി കളിക്കുമ്പോൾ മെസിയെ നിരവധി തവണ നേരിട്ടിട്ടുള്ള താരമാണ് കീറാൻ ട്രിപ്പിയർ. നാല് തവണ അത്ലറ്റികോ മാഡ്രിഡിനൊപ്പം മെസിക്കെതിരെ കളിച്ച താരം അതിൽ രണ്ടു തവണ ക്ലീൻഷീറ്റ് നേടി. മറ്റു രണ്ടു മത്സരങ്ങളിലും മെസി ഓരോ ഗോൾ വീതം നേടിയിരുന്നു. അതിനു പുറമെ ടോട്ടനം ഹോസ്‌പറിൽ കളിക്കുന്ന സമയത്തും മെസിക്കെതിരെ ട്രിപ്പിയർ ഒരിക്കൽ ഇറങ്ങിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗിലെ ആ മത്സരത്തിൽ രണ്ടു ഗോളുകൾ മെസി നേടിയിരുന്നു.