ബാഴ്‌സലോണയ്ക്ക് തിരിച്ചടി, മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസം

ജിറോണക്കതിരെ ഇന്നലെ നടന്ന ലാ ലിഗ മത്സരത്തിൽ വിജയം നേടി ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരാൻ കഴിയുന്നത് ബാഴ്‌സലോണയ്ക്ക് ആശ്വാസമാണെങ്കിലും ടീമിലെ പ്രധാന താരമായ ഒസ്മാനെ ഡെംബലെക്ക് പരിക്ക് പറ്റിയത് തിരിച്ചടിയാണ്. മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഇരുപത്തിയാറാം മിനുട്ടിൽ തന്നെ പിൻവലിക്കപ്പെട്ടു. പെഡ്രിയാണ് ഡെംബലെക്ക് പകരക്കാരനായി ഇറങ്ങിയത്. ടീമിന്റെ വിജയഗോൾ നേടിയതും പെഡ്രി തന്നെയാണ്.

മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഫ്രഞ്ച് താരത്തിന്റെ പരിക്കിന്റെ കാര്യത്തിൽ തനിക്ക് ആശങ്കയുണ്ടെന്നു തന്നെയാണ് പരിശീലകൻ സാവി പറഞ്ഞത്. ക്ലബ് പെട്ടന്ന് നടത്തിയ പരിശോധനകളിൽ തുടയിലെ മസിലിനു പരിക്ക് പറ്റിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം എത്ര ദിവസം താരത്തിന് പരിക്ക് കാരണം നഷ്‌ടമാകും എന്നറിയില്ല. മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം ചുരുങ്ങിയത് മൂന്നാഴ്‌ച ഡെംബലെക്ക് പരിക്ക് കാരണം വിശ്രമം വേണ്ടി വരുമെന്നുറപ്പാണ്.

മൂന്നാഴ്‌ചയാണ്‌ ഡെംബലെ പുറത്തിരിക്കുകയെങ്കിൽ താരത്തിന് ഏറ്റവും ചുരുങ്ങിയത് അഞ്ചു മത്സരങ്ങൾ കളിക്കാൻ കഴിയില്ല. റയൽ ബെറ്റിസ്‌, സെവിയ്യ, വിയ്യാറയൽ, കാഡിസ് എന്നിവർക്കെതിരായ ലാ ലീഗ മത്സരങ്ങൾക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ക്യാമ്പ് ന്യൂവിൽ നടക്കുന്ന യൂറോപ്പ ലീഗ് പ്ലേ ഓഫും താരത്തിന് നഷ്‌ടമാകും. ഓൾഡ് ട്രാഫോഡിൽ വെച്ച് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ഡെംബലെക്ക് ഇറങ്ങാൻ കഴിയുമെങ്കിലും മാച്ച് ഫിറ്റ്നസ് ഉണ്ടാകണമെന്നില്ല.

സാവി പരിശീലകനായി വന്നതിനു ശേഷം ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഒസ്മാനെ ഡെംബലെ. ഈ സീസണിൽ ലീഗിൽ അഞ്ചു ഗോളുകളും അഞ്ച് അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുള്ള താരത്തെ കേന്ദ്രീകരിച്ചാണ് ബാഴ്‌സലോണ മുന്നേറ്റനിര കളിച്ചിരുന്നത്. ബാഴ്‌സലോണയിൽ എത്തിയതിനു ശേഷം നിരന്തരം പരിക്കുകൾ വേട്ടയാടിയിരുന്ന താരം അതിൽ നിന്നും മുക്തനായി ഫോം തെളിയിച്ചു കൊണ്ടിരിക്കെയാണ് വീണ്ടും പരിക്കേറ്റത്.