ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ വമ്പൻ മാറ്റങ്ങൾ വരുന്നു, മെസി ഇനിയൊരു പുരസ്‌കാരം നേടാൻ സാധ്യതയില്ല | UEFA

ഏതാനും ദിവസങ്ങൾക്കു മുൻപാണ് ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസി ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കിയത്. 2022 ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതിന്റെ പിൻബലത്തിലാണ് ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ വ്യക്തിഗത പുരസ്‌കാരമായി കരുതപ്പെടുന്ന ബാലൺ ഡി ഓർ മെസി സ്വന്തമാക്കിയത്. ഇതോടെ എട്ടു ബാലൺ ഡി ഓർ അവാർഡുകൾ ഇതുവരെ നേടിയ മെസി ആ നേട്ടത്തിന്റെ കണക്കിൽ എല്ലാവരെയും ബഹുദൂരം പിന്നിലാക്കുകയും ചെയ്‌തു.

എന്നാൽ ഇനിയൊരു ബാലൺ ഡി ഓർ കൂടി സ്വന്തമാക്കാൻ മെസിയുടെ സാധ്യതകൾ ഇല്ലാതാക്കി യുവേഫയും ബാലൺ ഡി ഓർ നൽകുന്ന ഫ്രാൻസ് ഫുട്ബോളിന്റെ പാരന്റ് കമ്പനിയായ അമൗറി ഗ്രൂപ്പും തമ്മിൽ പുതിയൊരു കരാറിൽ എത്തിയിട്ടുണ്ട്. ഈ കരാർ പ്രകാരം അടുത്ത വർഷം മുതൽ നൽകുന്ന ബാലൺ ഡി ഓർ പുരസ്‌കാരത്തിൽ നിരവധി മാറ്റങ്ങളുണ്ടാകും. നിലവിൽ നൽകുന്ന പുരസ്‌കാരങ്ങൾക്ക് പുറമെ മികച്ച വനിതാ, പുരുഷ ടീമിന്റെ പരിശീലകർക്കുള്ള അവാർഡും ചടങ്ങിൽ നൽകുമെന്നാണ് പ്രധാന മാറ്റം.

അതിനു പുറമെ യുവേഫയുടെ പ്ലേയർ ഓഫ് ദി ഇയർ അവാർഡ് അടുത്ത വർഷം മുതൽ ഇല്ലാതാവുകയും ചെയ്യും. ഇതോടെ യൂറോപ്യൻ ഫുട്ബോളിനെ കേന്ദ്രീകരിച്ചാകും ബാലൺ ഡി ഓർ പുരസ്‌കാരം നൽകുകയെന്ന് ഏറെക്കുറെ ഉറപ്പാണ്. മെസി അമേരിക്കയിലാണ് കളിക്കുന്നത് എന്നതിനാൽ എന്തൊക്കെ നേട്ടങ്ങൾ സ്വന്തമാക്കിയാലും ബാലൺ ഡി ഓർ നേടാനുള്ള സാധ്യത കുറയും. അതിനു പുറമെ ദേശീയ ടീമിനൊപ്പവും താരം കൂടുതൽ കളിക്കുക സൗത്ത് അമേരിക്കയിൽ തന്നെയാകുമെന്നതും സാധ്യത ഇല്ലാതാക്കുന്നു.

അടുത്ത വർഷം കോപ്പ അമേരിക്ക നടക്കുന്നതിനാൽ അത് സ്വന്തമാക്കിയാൽ മെസിക്ക് ബാലൺ ഡി ഓർ സാധ്യത ഉണ്ടാകുമെന്ന് ഏവരും കരുതിയെങ്കിലും നിലവിലെ മാറ്റങ്ങൾ പ്രകാരം അതിനുള്ള സാധ്യതയില്ല. അതേസമയം മെസിയുടെ എതിരാളിയായ റൊണാൾഡോക്ക് വീണ്ടും ബാലൺ ഡി ഓർ നേടാൻ ഈ മാറ്റം വഴിയൊരുക്കുന്നുണ്ട്. യുവേഫയുടെ കീഴിൽ നടക്കുന്ന പ്രധാന ടൂർണമെന്റായ യൂറോ കപ്പിൽ മികച്ച പ്രകടനം നടത്തിയാൽ റൊണാൾഡോക്ക് വീണ്ടും പുരസ്‌കാരം നേടാനുള്ള വഴി തെളിയും.

നേരത്തെ ഫിഫയും ഫ്രാൻസും ഫുട്ബോളും ഒരുമിച്ചായിരുന്നു ബാലൺ ഡി ഓർ നൽകിയിരുന്നത്. എന്നാൽ പിന്നീട് അതിൽ മാറ്റം വരികയും ഇവർ രണ്ടു പേരും വേറെ വേറെ പുരസ്‌കാരങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്‌തു. ഇനി മുതൽ ഫ്രാൻസ് ഫുട്ബോൾ യുവേഫയുമായാണ് സഹകരിക്കാൻ പോകുന്നതോടെ ചാമ്പ്യൻസ് ലീഗ് നേട്ടവും യൂറോപ്യൻ ഫുട്ബോളിൽ നടത്തുന്ന മികച്ച പ്രകടനവും അതിനെ സ്വാധീനിക്കും. ഫ്രാൻസ് ഫുട്ബോൾ, എൽ എക്വിപ്പെ എന്നിവയെല്ലാം അമൗറി ഗ്രൂപ്പിന്റെ കീഴിലാണ്.

UEFA Will Co Organize Ballon Dor From Next Year