പ്രധാനതാരങ്ങളുടെ അഭാവത്തിലും ബ്ലാസ്റ്റേഴ്‌സിന്റെ ഗംഭീര പ്രകടനം, കാരണം വെളിപ്പെടുത്തി പരിശീലകൻ ഇവാൻ വുകോമനോവിച്ച് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിൽ നിരവധി തിരിച്ചടികൾ കേരള ബ്ലാസ്റ്റേഴ്‌സ് നേരിട്ടിരുന്നു. അതിൽ പ്രധാനമായത് താരങ്ങളുടെ പരിക്കാണ്. സീസൺ ആരംഭിക്കുമ്പോൾ തന്നെ നിരവധി താരങ്ങളെ പരിക്ക് കാരണം നഷ്‌ടമായി എങ്കിലും ആദ്യത്തെ രണ്ടു മത്സരങ്ങൾ വിജയത്തോടെ തുടങ്ങാൻ ടീമിന് കഴിഞ്ഞിരുന്നു. ഇപ്പോൾ അഞ്ചു മത്സരങ്ങൾ പൂർത്തിയായപ്പോൾ മൂന്നു വിജയവും ഒരു സമനിലയും ഒരു തോൽവിയും വഴങ്ങി ലീഗ് പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്.

മുംബൈ സിറ്റിക്കെതിരായ മത്സരം കഴിഞ്ഞപ്പോഴാണ് ബ്ലാസ്റ്റേഴ്‌സ് ടീമിന് തിരിച്ചടികളുടെ ഘോഷയാത്ര ഉണ്ടായത്. പരിക്കും വിലക്കും കാരണം അഞ്ചോളം താരങ്ങൾ ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് പിന്നീടുള്ള മത്സരങ്ങളിൽ ഇറങ്ങിയത്. ആ അഞ്ചു താരങ്ങളും ടീമിലെ പ്രധാനികൾ ആയിരുന്നെങ്കിലും അതിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിച്ചില്ല. നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ പൊരുതിയെങ്കിലും സമനില വഴങ്ങേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ് ഒഡിഷക്കെതിരെ പിന്നിൽ നിന്ന് തിരിച്ചടിച്ച് വിജയം സ്വന്തമാക്കി.

യുവതാരങ്ങൾ തിളങ്ങിയത് ടീമിന് ഗുണം ചെയ്‌തുവെന്നാണ് ഇവാൻ പറയുന്നത്.”കളിയിൽ മുന്നേറുകയോ സ്‌കോർ പിന്തുടരുകയോ ചെയ്യുന്ന വ്യത്യസ്‌തമായ സാഹചര്യങ്ങളിൽ നിങ്ങൾ സ്വയം കണ്ടെത്തുന്ന നിമിഷങ്ങൾ ഫുട്ബോളിലുണ്ട്. പിന്നിൽ നിന്ന് വരേണ്ടിവരുന്നത് കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഞങ്ങൾ പലതവണ അനുഭവിച്ച കാര്യമാണ്. പ്രധാന കളിക്കാരുടെ അഭാവത്തിലും മാനസികാവസ്ഥയും ടീം സ്‌പിരിറ്റും മാറുന്നില്ല. ഞങ്ങൾ ഒരിക്കലും അതിൽ പരാതിപ്പെടില്ല, ഇതുപോലെയുള്ള സന്ദർഭങ്ങൾ മനസിലാക്കി പ്രവർത്തിച്ച് ഗൗരവമുള്ള ഫുട്ബോൾ കളിക്കാരായി വളരേണ്ട യുവ പ്രതിഭകൾ ടീമിലുണ്ട്.”

“ഇപ്പോൾ ഞങ്ങൾക്ക് ബഹുമുഖപ്രതിഭകളായ, വിവിധ സ്ഥാനങ്ങളിൽ കളിക്കാൻ കഴിയുന്ന യുവ കളിക്കാർ ഉണ്ട്. ഞങ്ങൾ സാഹചര്യങ്ങളോടു പൊരുത്തപ്പെടുന്നു, ഈ യുവ കളിക്കാർക്ക് സ്വയം തെളിയിക്കാൻ അവസരങ്ങൾ നൽകുന്നു. ഇത് അവരുടെ കഴിവുകൾ ഉയർത്തുക മാത്രമല്ല, മികച്ച കളിക്കാരാക്കി മാറ്റുകയും ചെയ്യുന്നു. നാളത്തെ കളിയിൽ അഭിമുഖീകരിക്കുന്ന സാഹചര്യം ഇതാണ്. എപ്പോഴും പറയാറുള്ളത് പോലെ, ഓരോ കളിയും ഞങ്ങൾക്ക് വെല്ലുവിളിയാണ്, ഏതു മൈതാനമായാലും എളുപ്പമുള്ള മത്സരങ്ങളൊന്നുമില്ല. ഓരോ പോയിന്റിനും ഞങ്ങൾ പോരാടേണ്ടതുണ്ട്. ” ഇവാൻ പറഞ്ഞു.

ഇവാൻ പറഞ്ഞത് പോലെ തന്നെ കിട്ടിയ അവസരങ്ങൾ കൃത്യമായി മുതലെടുത്ത് ടീമിലെ സ്ഥാനത്തിനായി താരങ്ങൾ മത്സരിക്കുന്ന കാഴ്‌ചയാണ്‌ കാണുന്നത്. സന്ദീപ് സിങ്, നവോച്ച സിങ്, ഹോർമിപാം തുടങ്ങിയ താരങ്ങളെല്ലാം തന്നെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം ടീമിനായി നടത്തുന്നു. അതുകൊണ്ടു തന്നെ പ്രധാന താരങ്ങളുടെ അഭാവമുണ്ടെന്ന് ടീമിന്റെ പ്രകടനം കണ്ടാൽ തോന്നില്ല. ടീം കൂടുതൽ ഒത്തിണക്കം കാണിക്കുന്നതും ഈ സീസണിൽ പ്രതീക്ഷ നൽകുന്ന കാര്യമാണ്.

Kerala Blasters Coach Vukomanovic On Team Comeback