അർജന്റീനയുടെ ആധിപത്യം തുടരുമ്പോൾ ബ്രസീലിനു വമ്പൻ വീഴ്ച, കുതിപ്പുമായി ഇംഗ്ലണ്ടും ബെൽജിയവും | FIFA Ranking
ഏറ്റവും പുതിയ ഫിഫ റാങ്കിങ് പുറത്തു വന്നപ്പോഴും ലോകചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ കുതിപ്പ് തുടരുന്നു. ഖത്തർ ലോകകപ്പ് വിജയിച്ച് ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് വന്ന അർജന്റീന തന്നെയാണ് ഇപ്പോഴും ഒന്നാം സ്ഥാനത്തു തുടരുന്നത്. ഇക്കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ യുറുഗ്വായോട് വഴങ്ങിയ അപ്രതീക്ഷിത തോൽവി അർജന്റീനയുടെ റാങ്കിങ്ങിന് ഇളക്കമൊന്നും ഉണ്ടാക്കിയിട്ടില്ല.
അതേസമയം റാങ്കിങ്ങിൽ ആദ്യ പത്തിൽ ഏറ്റവുമധികം തിരിച്ചടി നേരിട്ടത് ബ്രസീലാണ്. കഴിഞ്ഞ രണ്ട് ഇന്റർനാഷണൽ ബ്രേക്കിൽ നടന്ന മത്സരങ്ങളിലും വിജയം സ്വന്തമാക്കാൻ കഴിയാതിരുന്ന ബ്രസീൽ റാങ്കിങ്ങിൽ രണ്ടു സ്ഥാനങ്ങളാണ് താഴേക്കിറങ്ങിയത്. പുതുക്കിയ റാങ്കിങ്ങിൽ ബ്രസീൽ ടീം അഞ്ചാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിലെ രണ്ടു മത്സരങ്ങളിലും തോൽവി വഴങ്ങിയാണ് അവർക്ക് കൂടുതൽ തിരിച്ചടി നൽകിയത്.
The latest #FIFARanking is here! 💫
Tap the table to read more.
— FIFA World Cup (@FIFAWorldCup) November 30, 2023
അർജന്റീനക്ക് പിന്നിൽ ഫ്രാൻസ് രണ്ടാം സ്ഥാനത്തു തുടരുന്ന റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് ഇംഗ്ലണ്ടാണ്. ഒരു സ്ഥാനം മുന്നേറി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് വന്നപ്പോൾ ബെൽജിയവും ഒരു സ്ഥാനം മുന്നേറി നാലാം സ്ഥാനത്തേക്ക് കുതിച്ചു. ബ്രസീൽ അഞ്ചാം സ്ഥാനത്തേക്ക് വീണ ലിസ്റ്റിൽ ഒരു സ്ഥാനം മുന്നേറി ഹോളണ്ടാണ് ആറാം സ്ഥാനത്ത്. അതേസമയം പോർച്ചുഗൽ ഒരു സ്ഥാനം കുറഞ്ഞ് ഏഴാം സ്ഥാനത്തേക്ക് വീണു പോയതാണ് റാങ്കിങ്ങിലെ ഏറ്റവും അത്ഭുതകരമായ മാറ്റം.
🇮🇳 The Blue Tigers have remained at No. 102 in the #FIFARanking! https://t.co/ywh4rZbQWQ pic.twitter.com/ttizsW1ILf
— FIFA World Cup (@FIFAWorldCup) November 30, 2023
ലോകകപ്പിനു ശേഷം തോൽവിയൊന്നും അറിയാത്ത ടീമാണ് പോർച്ചുഗൽ. യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പത്തിൽ പത്ത് മത്സരങ്ങളും വിജയം നേടിയ അവർ മുപ്പത്തിയാറു ഗോളുകൾ അടിച്ചു കൂട്ടിയപ്പോൾ രണ്ടു ഗോളുകൾ മാത്രമാണ് വഴങ്ങിയത്. ദുർബലരായ ടീമുകൾക്കെതിരെയാണ് വിജയം നേടിയത് എന്നതാകാം പോർച്ചുഗലിന്റെ സ്ഥാനം കുറയാൻ കാരണം. സ്പെയിൻ. ഇറ്റലി, ക്രൊയേഷ്യ എന്നീ ടീമുകൾ എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.
അതേസമയം കുവൈറ്റിനെതിരായ മത്സരത്തിൽ വിജയം നേടുകയും ഖത്തറിനെതിരെ തോൽക്കുകയും ചെയ്ത ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നിലവിൽ 102ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ഏഷ്യൻ റാങ്കിങ്ങിൽ കരുത്തരായ ജപ്പാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ലോകറാങ്കിങ്ങിൽ അവർ പതിനേഴാം സ്ഥാനത്താണുള്ളത്. ഇറാൻ, സൗത്ത് കൊറിയ, ഓസ്ട്രേലിയ, സൗദി അറേബ്യ എന്നിവരാണ് ഏഷ്യൻ റാങ്കിങ്ങിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.
Updated FIFA Ranking November 2023