ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കൈകൂപ്പി ക്ഷമ ചോദിച്ച് ജോർദാൻ മുറെ, പ്രതികാരത്തിനു വന്നവരുടെ മുഖത്തടിച്ച സംഭവം | Jordan Murray

ഒരിക്കൽ കേരള ബ്ലാസ്റ്റേഴ്‌സിൽ കളിച്ചവരൊന്നും ഈ ടീമിനെ മറക്കാനുള്ള യാതൊരു സാധ്യതയുമില്ല. ടീമിനെ മറക്കാതിരിക്കാൻ പ്രധാന കാരണം അതിനു വേണ്ടി ആർപ്പു വിളിക്കുന്ന ആരാധകരാണ്. ടീമിലേക്ക് വരുന്ന ഏതൊരു താരത്തെയും സ്വാഗതം ചെയ്യുകയും അവർക്ക് പിന്തുണ നൽകി ആർത്തു വിളിക്കുകയും ചെയ്യുന്ന സുശക്തമായ ആരാധകക്കൂട്ടം മറ്റൊരു ടീമിനും അവകാശപ്പെടാൻ കഴിയാത്ത ഒന്നാണ്. അതുകൊണ്ട് ബ്ലാസ്റ്റേഴ്‌സ് വിട്ട പല താരങ്ങളും ഇപ്പോഴും ടീമിനെ സ്നേഹിക്കുന്നു.

എന്നാൽ അതിനിടയിൽ ബ്ലാസ്റ്റേഴ്‌സിനോടുള്ള എതിർപ്പും ചില താരങ്ങൾ പ്രകടിപ്പിക്കാറുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിനു മുൻപ് മുൻ ബ്ലാസ്റ്റേഴ്‌സ് താരമായ വിൻസി ബാരെറ്റോയുടെ വാക്കുകൾ അത്തരത്തിലുള്ളതായിരുന്നു. ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ വർഷം തന്നോട് ചെയ്‌തത്‌ ശരിയായ കാര്യമായിരുന്നില്ലെന്നും അതിനാൽ തന്നെ അവരോട് പ്രതികാരം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ബാരെറ്റോ പറഞ്ഞതിനെ പിന്തുണച്ച് പെരേര ഡയസും രംഗത്തു വന്നു.

എന്നാൽ ഇവർക്കെല്ലാം മുഖത്തടി നൽകുന്നതു പോലെയായിരുന്നു ഇന്നലെ നടന്ന മത്സരത്തിന് ശേഷം ചെന്നൈയിൻ എഫ്‌സി താരമായ ജോർദാൻ മുറെ ഗോൾ നേടിയ ശേഷം ചെയ്‌ത പ്രവൃത്തി. ചെന്നൈയിൻ എഫ്‌സിക്ക് വേണ്ടി രണ്ടാമത്തെ ഗോൾ പെനാൽറ്റിയിലൂടെ നേടിയ മുൻ ബ്ലാസ്റ്റേഴ്‌സ് താരം അത് ആഘോഷിക്കാൻ തയ്യാറായില്ല. അതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് ആരാധകരോട് കൈകൂപ്പി ക്ഷമാപണം നടത്തുകയും ചെയ്‌തു. ചെന്നൈക്ക് വേണ്ടി രണ്ടു ഗോളുകൾ മുറെ നേടിയിരുന്നു.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ താരങ്ങളെ മനസറിഞ്ഞാണ് സ്നേഹിക്കുകയെന്ന് അറിയാവുന്ന കളിക്കാരനാണ് ജോർദാൻ മുറെ. ആ സ്നേഹം മുറെ അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടാണ് ഗോളടിച്ചതിനു ശേഷം അദ്ദേഹം ആഘോഷിക്കാൻ തയ്യാറാകാതിരുന്നത്. അതേസമയം മറ്റെന്തെങ്കിലും പ്രശ്‌നങ്ങൾ കൊണ്ട് ബ്ലാസ്റ്റേഴ്‌സിനെതിരെ തിരിയുന്നവർ അവർക്ക് ആരാധകർ നൽകിയ സ്നേഹത്തെ കൂടിയാണ് മറന്നു പോകുന്നത്.

2020-21 സീസണിലാണ് ഓസ്‌ട്രേലിയൻ താരമായ മുറെ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കുന്നത്. പതിനാലു മത്സരങ്ങളിൽ ആദ്യ ഇലവനിൽ ഇറങ്ങിയ താരം ഏഴു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. അതിനു ശേഷം ജംഷഡ്‌പൂരിലേക്ക് ചേക്കേറിയ താരം ഒരു സീസൺ അവിടെ കളിച്ചതിനു ശേഷം ഒരു തായ്‌ലൻഡ് ക്ലബ്ബിലേക്ക് ചേക്കേറി. തുടർന്ന് ഈ സമ്മറിലാണ് താരം ചെന്നൈയിൻ എഫ്‌സിയിൽ എത്തുന്നത്. ഈ സീസണിൽ താരം ബ്ലാസ്‌റ്റേഴ്‌സിനെ തന്നെ ഗോൾവേട്ടക്ക് തുടക്കമിടുകയും ചെയ്‌തു.

Jordan Murray Not Celebrate Goal Against Kerala Blasters