മികച്ച ഫോമിൽ കളിക്കുന്ന ടീമിൽ എന്തിനായിരുന്നു ഇങ്ങിനെയൊരു സാഹസം, വിജയഫോർമുല മാറ്റിയതിനെക്കുറിച്ച് ഇവാൻ വുകോമനോവിച്ച് | Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പിന്നിൽ നിന്നും പൊരുതി സമനില നേടിയ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം ആരാധകർക്ക് വളരെയധികം ആവേശമുണ്ടാക്കിയെന്നതിൽ സംശയമില്ല. ഇരുപത്തിനാലാം മിനുട്ടിൽ തന്നെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് പിന്നിലായ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷമാണ് മത്സരത്തിൽ സമനില നേടിയത്. വിജയം നേടേണ്ട മത്സരമായിരുന്നിട്ടും അതിൽ അവസരങ്ങൾ മുതലെടുക്കാൻ കഴിയാതെ പോയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി നൽകി.

അതേസമയം മത്സരത്തിൽ ആദ്യ ഇലവനിൽ വരുത്തിയ മാറ്റങ്ങൾ കാരണം ബ്ലാസ്റ്റേഴ്‌സ് താളം കണ്ടെത്താൻ വൈകിയത് ടീം ഗോളുകൾ വഴങ്ങാൻ കാരണമായെന്നു വ്യക്തമായിരുന്നു. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് വഴങ്ങിയ അവസാനത്തെ രണ്ടു ഗോളുകളും പ്രതിരോധത്തിന്റെ മണ്ടത്തരങ്ങൾ കാരണമാണ്. മികച്ച ഫോമിൽ കളിച്ചിരുന്ന ഒരു ടീമിൽ പരീക്ഷണങ്ങൾ നടത്തിയതിന്റെ കുഴപ്പങ്ങൾ ബ്ലാസ്റ്റേഴ്‌സ് കാണിച്ചപ്പോൾ അത് ചെന്നൈയിൻ എഫ്‌സിക്ക് ലീഡ് നേടിക്കൊടുത്തു.

കഴിഞ്ഞ മത്സരത്തിൽ റൈറ്റ് ബാക്കായി മികച്ച പ്രകടനം നടത്തിയ പ്രീതം കൊട്ടാലിന് ഇവാൻ ആദ്യ ഇലവനിൽ ഇടം നൽകിയിരുന്നില്ല. അഞ്ചു വർഷത്തിനിടയിൽ ആദ്യമായാണ് താരം പകരക്കാരനായി ഇറങ്ങുന്നത്. അതിനു പുറമെ മികച്ച ഫോമിൽ കളിച്ചിരുന്ന ജാപ്പനീസ് താരം ഡൈസുകെ പുറത്തിരുത്തി രാഹുൽ കെപിയെ ഇറക്കിയ ഇവാൻ ഡൈസുകെക്ക് അവസരം നൽകിയത് എൺപത്തിയെട്ടാം മിനുട്ടിലാണ്. എന്തുകൊണ്ടാണ് ഇത്തരമൊരു സമീപനം കൈക്കൊണ്ടതെന്ന് ഇവാൻ മത്സരത്തിനു ശേഷം പ്രതികരിച്ചു.

“ലെസ്‌കോവിച്ച്, രാഹുൽ കെപി, ഇഷാൻ പണ്ഡിറ്റ തുടങ്ങിയ താരങ്ങൾക്ക് അവസരവും കളിക്കാനുള്ള സമയവും നൽകേണ്ട ചുമതല ഞങ്ങൾക്കുണ്ടായിരുന്നു. ഞങ്ങൾ പന്ത്രണ്ടോ പതിമൂന്നോ താരങ്ങൾ മാത്രമുള്ള ഒരു ടീമല്ലെന്നതാണ് അതിനു കാരണം. എല്ലാവരെയും മത്സരങ്ങൾ കളിക്കാൻ തയ്യാറെടുപ്പിക്കുക എന്ന ചുമതല ഞങ്ങൾക്കുണ്ട്, അവരെല്ലാം കളിച്ചതിൽ ഞങ്ങൾക്ക് വളരെ സന്തോഷവുമുണ്ട്.” മത്സരത്തിന് ശേഷം മാധ്യമങ്ങളോട് ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ചെന്നൈയിൻ എഫ്‌സിക്കെതിരെ സ്വന്തം മൈതാനത്ത് താരതമ്യേനെ എളുപ്പമുള്ള മത്സരമായിരിക്കും പരിശീലകൻ പ്രതീക്ഷിച്ചിട്ടുണ്ടാവുക. അതുകൊണ്ടാകാം ഇലവനിൽ പരീക്ഷണങ്ങൾക്ക് മുതിർന്നത്. ഇവാന്റെ ലക്‌ഷ്യം നല്ലതായിരുന്നെങ്കിലും ടീമിനു പതർച്ചയുണ്ടാകാൻ അത് കാരണമായി. എന്നാൽ ആദ്യത്തെ പതർച്ചക്കു ശേഷം പിന്നീട് അതിശക്തമായി ബ്ലാസ്റ്റേഴ്‌സ് തിരിച്ചു വന്നു. ആദ്യത്തെ മുപ്പതു മിനുട്ട് കഴിഞ്ഞതിനു ശേഷം പിന്നീട് ചെന്നൈക്ക് അവസരമൊന്നും ലഭിച്ചിട്ടില്ല.

Vukomanovic Reveals Why He Changed Lineup