പിൻനിരയിൽ നിന്നും കുതിച്ചെത്തി നൽകിയ ആ പാസ്, ഡ്രിഞ്ചിച്ചിനെ മുന്നേറ്റനിരയിൽ ഇറക്കിക്കൂടേയെന്ന് ആരാധകർ | Drincic

കേരള ബ്ലാസ്റ്റേഴ്‌സും ചെന്നൈയിൻ എഫ്‌സിയും തമ്മിൽ നടന്ന മത്സരത്തിൽ പിന്നിൽ നിന്നും തിരിച്ചടിച്ചു സമനില നേടിയ ബ്ലാസ്റ്റേഴ്‌സ് വിജയം അർഹിച്ചിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. മത്സരത്തിൽ സമനില വഴങ്ങിയതിനു ശേഷം ബ്ലാസ്റ്റേഴ്‌സിന് രണ്ടു സുവർണാവസരങ്ങൾ ലഭിച്ചെങ്കിലും അത് അവിശ്വസനീയമായ രീതിയിൽ തുലച്ചു കളയുകയാണുണ്ടായത്. അതിൽ തന്നെ ഡൈസുകെ ഗോൾകീപ്പർ പോലുമില്ലാത്ത പോസ്റ്റിലേക്ക് പന്തെത്തിക്കാനാണ് പരാജയപ്പെട്ടത്.

അതേസമയം മത്സരത്തിൽ ഡൈസുകെ തുലച്ചു കളഞ്ഞ അവസരത്തിന് അസിസ്റ്റ് നൽകിയത് ബ്ലാസ്റ്റേഴ്‌സ് പ്രതിരോധതാരമായ മിലോസ് ഡ്രിഞ്ചിച്ച് ആയിരുന്നു. മത്സരത്തിന്റെ അവസാന മിനുട്ടുകളിൽ ടീമിനെ വിജയിപ്പിക്കാനുള്ള അവസാന ശ്രമം എന്ന നിലയിലാണ് പിൻനിരയിൽ നിന്നും താരം മുന്നേറ്റനിരയിലേക്ക് കയറി വന്നത്. പന്തെടുത്ത് താരം ബോക്‌സിലേക്ക് നടത്തിയ മുന്നേറ്റവും ഡൈസുകെക്ക് നൽകിയ പാസുമെല്ലാം വളരെ മികച്ചതായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഡ്രിഞ്ചിച്ചിന്റെ ഈ പ്രകടനം കണ്ട് താരത്തെ മുന്നേറ്റനിരയിൽ വരെ ഇറക്കാൻ കഴിയുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. ഹൈദരാബാദ് എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ടീമിനായി വിജയഗോൾ നേടിയത് ഡ്രിഞ്ചിച്ച് ആയിരുന്നു. ഒരു സ്‌ട്രൈക്കറെ ഓർമിപ്പിക്കുന്ന രീതിയിൽ തന്നെയാണ് ലൂണയുടെ പാസിൽ നിന്നും ടാപ്പിൻ ഗോൾ താരം നേടിയത്. അതിനു പുറമെ താരത്തിന്റെ ഒരു തകർപ്പൻ ഹെഡർ ശ്രമം ആ മത്സരത്തിൽ പോസ്റ്റിൽ തട്ടി തെറിച്ചു പോവുകയും ചെയ്‌തു.

കഴിഞ്ഞ മത്സരത്തിനു മുൻപ് പ്രതിരോധമാണ് തന്റെ പ്രധാനപ്പെട്ട ചുമതലയെന്നും എന്നാൽ അതുപോലെ തന്നെ ഗോളുകൾ അടിക്കാനുള്ള അവസരം ലഭിച്ചാൽ അത് മുതലെടുക്കാൻ ശ്രമിക്കുമെന്നും ഡ്രിഞ്ചിച്ച് പറഞ്ഞിരുന്നു. പ്രതിരോധതാരമാണെങ്കിലും ഗോളുകൾ നേടാൻ മോണ്ടിനെഗ്രോ താരത്തിനുള്ള കഴിവ് തങ്ങൾ നേരത്തെ തന്നെ ശ്രദ്ധിച്ചിട്ടുണ്ടെന്നാണ് പരിശീലൻ ഇവാനും പറഞ്ഞത്. ആക്രമണത്തിൽ തനിക്ക് വഹിക്കാൻ കഴിയുന്ന പങ്ക് ഡ്രിഞ്ചിച്ച് കാണിച്ചു തരികയും ചെയ്‌തു.

ഡ്രിഞ്ചിച്ചിനെ മുന്നേറ്റനിരയിൽ ഇറക്കുന്ന കാര്യം പരിശീലകന്റെ ചിന്തയിൽ പോലും ഇല്ലെങ്കിലും ടീം പിന്നിൽ നിൽക്കുന്ന നിർണായകമായ സമയങ്ങളിൽ അതിനു കഴിയും. പ്രതിരോധം ലെസ്‌കോവിച്ചിനെ ഏൽപ്പിച്ച് ഡ്രൈഞ്ചിച്ചിന്റെ ഉയരക്കൂടുതൽ മുതലെടുത്ത് ക്രോസുകളിലൂടെ എതിരാളികളെ പരീക്ഷിക്കുകയെന്ന തന്ത്രം നടപ്പിലാക്കാവുന്നതാണ്. എന്തായാലും മുന്നേറ്റനിരയിൽ പങ്കു വഹിക്കാൻ കഴിയുന്ന ഒരു പ്രതിരോധതാരം ടീമിനൊരു വലിയ മുതൽക്കൂട്ട് തന്നെയാണ്.

Drincic Shows His Offensive Ability Against Chennaiyin FC