അറഹോ പറഞ്ഞത് ശരിയാണ്, വിനീഷ്യസ് ജൂനിയറിനെതിരെ റയൽ മാഡ്രിഡ് താരവും | Vinicius Junior

ചൂടു പിടിച്ച എൽ ക്ലാസിക്കോ മത്സരമാണ് കഴിഞ്ഞ ദിവസം പൂർത്തിയായത്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഒരു ഗോളിന് തോൽവി വഴങ്ങിയ റയൽ മാഡ്രിഡ് ബാഴ്‌സലോണക്കെതിരെ പതറുമെന്ന് പ്രതീക്ഷിച്ചെങ്കിലും മറിച്ചാണ് സംഭവിച്ചത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ആദ്യഗോൾ നേടിയ റയൽ മാഡ്രിഡ് പിന്നീട് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ കൂടി നേടി ബാഴ്‌സലോണയെ മറികടന്ന് ഫൈനലിലേക്ക് മുന്നേറി.

മത്സരത്തിൽ താരങ്ങൾ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയുമെല്ലാം നിരന്തരം ഉണ്ടായിരുന്നു. മത്സരത്തിന് ശേഷം റയൽ മാഡ്രിഡ് താരമായ വിനീഷ്യസ് ജൂനിയറിനെ ബാഴ്‌സലോണ പ്രതിരോധതാരം റൊണാൾഡ്‌ അറോഹോ വിമർശിക്കുകയും ചെയ്‌തു. വിനീഷ്യസ് വളരെ മികച്ചൊരു താരാമാണെങ്കിലും ഇതുപോലെ അനാവശ്യമായി എതിരാളികളെ പ്രകോപിപ്പിക്കാൻ നടക്കുന്നത് ശരിയായ രീതിയല്ലെന്നാണ് അറഹോ മത്സരത്തിനു ശേഷം പറഞ്ഞത്.

യുറുഗ്വായ് ദേശീയ ടീമിൽ തന്റെ സഹതാരമായ അറഹോയുടെ വാക്കുകളെ കുറിച്ച് ചോദിച്ചപ്പോൾ റയൽ മാഡ്രിഡ് താരം ഫെഡെ വാൾവെർദെയും അതിനെ അംഗീകരിച്ചു. വിനീഷ്യസിനെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും ബാഴ്‌സലോണ താരങ്ങൾ മാത്രമല്ല, സ്വന്തം ടീമിലെ കളിക്കാരും കൂടുതൽ ചിന്തിക്കണം എന്നാണു വാൽവെർദെ പറഞ്ഞത്. മത്സരം ആസ്വദിക്കുന്നതിനു പകരം അവരെ നേരിടാൻ ശ്രമിക്കുന്നത് ഫുട്ബോളിന്റെ ഭാഗമായി മാറിയെന്നും താരം പറഞ്ഞു.

മത്സരത്തിൽ ബാഴ്‌സലോണ താരങ്ങൾക്ക് നേരെ വാക്കേറ്റവും പ്രശ്‌നങ്ങളും ഉണ്ടാക്കിയ വിനീഷ്യസ് തന്നെയാണ് റയൽ മാഡ്രിഡിന്റെ വിജയത്തിൽ നിർണായകമായ പങ്കു വഹിച്ചത്. ബെൻസിമ മൂന്നു ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും വിനീഷ്യസിന്റെ വകയായിരുന്നു. നിരവധി കളികൾക്ക് ശേഷം തന്നെ തടുക്കാൻ നിയോഗിച്ച റൊണാൾഡ്‌ അറോഹോയെ നിഷ്പ്രഭമാക്കാൻ താരത്തിന് കഴിയുകയും ചെയ്‌തിരുന്നു.

അതേസമയം ബാഴ്‌സലോണക്ക് മത്സരത്തിൽ തിരിച്ചടി നൽകിയത് പ്രധാന താരങ്ങളുടെ പരിക്കാണ്. പ്രതിരോധനിരയിലെ വിശ്വസ്‌തനായ താരമായ ക്രിസ്റ്റൻസെൻ, മധ്യനിര താരം പെഡ്രി, ഫ്രാങ്കീ ഡി ജോംഗ്, മുന്നേറ്റനിരയിൽ കളിക്കുന്ന ഡെംബലെ എന്നീ താരങ്ങളില്ലാതെയാണ് റയൽ മത്സരത്തിനായി ഇറങ്ങിയത്. ഇതോടെ കോപ്പ ഡെൽ റേ കിരീടം കൈവിട്ട ബാഴ്‌സലോണക്ക് ഇനി ലീഗിൽ മാത്രമേ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയൂ.

Content Highlights: Valverde Asks Vinicius Junior To Cut Down Arguments