“എന്റെ അനുവാദത്തോടെയല്ല ഇതു ചെയ്‌തത്‌”- പിഎസ്‌ജിക്കെതിരെ എംബാപ്പെ | Kylian Mbappe

വരാനിരിക്കുന്ന സീസണിലെ സീസൺ ടിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രമോഷണൽ ക്യാമ്പയിനു വേണ്ടി പിഎസ്‌ജി പുറത്തിറക്കിയ വീഡിയോക്കെതിരെ രൂക്ഷമായ വിമർശനവുമായി ടീമിലെ സൂപ്പർതാരമായ കിലിയൻ എംബാപ്പെ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോ തന്നെ മാത്രം കേന്ദ്രീകരിച്ചു ചിത്രീകരിക്കുകയും ടീമിലെ മറ്റുള്ള താരങ്ങളെയെല്ലാം പൂർണമായും ഒഴിവാക്കുകയും ചെയ്‌തതിനെയാണ് എംബാപ്പെ രൂക്ഷമായി വിമർശിച്ചത്.

പിഎസ്‌ജിയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് എംബാപ്പെ. ഭാവിയിൽ ഫുട്ബോൾ ലോകത്തിന്റെ ഏറ്റവും നെറുകയിൽ നിൽക്കുമെന്നുറപ്പുള്ള താരമായതു കൊണ്ട് തന്നെയാണ് വമ്പൻ തുക പ്രതിഫലം നൽകി റയൽ മാഡ്രിഡിലേക്കുള്ള ട്രാൻസ്‌ഫർ തടഞ്ഞ് താരത്തെ പിഎസ്‌ജി ടീമിൽ നിലനിർത്തിയത്. എന്നാൽ തന്നെ കേന്ദ്രീകരിച്ചു മാത്രമല്ല ടീം നിലനിൽക്കുന്നതെന്നും പിഎസ്‌ജി കിലിയൻ സെയിന്റ് ജർമനല്ലെന്നും എമ്ബാപ്പെ പറഞ്ഞു.

“അടുത്ത സീസണിലേക്കുള്ള സീസൺ ടിക്കറ്റ് പുതുക്കാനുള്ള പ്രൊമോഷൻ വീഡിയോയിൽ ഞാൻ ഭാഗമായിരുന്നു. അതിന്റെ കൊണ്ടെന്റ് എന്താണെന്ന് എന്നെ അറിയിച്ചിട്ട് പോലുമില്ല. ക്ലബിന്റെ മാർക്കറ്റിങ്ങിനു വേണ്ടിയുള്ള സാധാരണ വീഡിയോ ആണെന്നാണ് കരുതിയത്. പോസ്റ്റ് ചെയ്‌ത വീഡിയോയെ ഞാൻ അംഗീകരിക്കുന്നില്ല. വ്യക്തിപരമായ ഇമേജ് അവകാശത്തിനായി ഞാൻ വാദിക്കുന്നത് ഇതുകൊണ്ടാണ്. പിഎസ്‌ജി വലിയൊരു ക്ലബും കുടുംബവുമാണ്. അതൊരിക്കലും കിലിയൻ സെയിന്റ് ജർമനല്ല” എംബാപ്പെ പറഞ്ഞു.

എഴുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ എംബാപ്പെയാണ് നിറഞ്ഞു നിൽക്കുന്നത്. താരത്തിന്റെ വാക്കുകളും മുഖവും ക്ലബിനൊപ്പമുള്ള സമയവുമെല്ലാം അതിലുണ്ട്. താരവുമായുള്ള അഭിമുഖവും ക്ലിപ്പിന്റെ ഭാഗമാണ്. പിഎസ്‌ജിയിലെ മറ്റു താരങ്ങൾക്കൊന്നും പ്രാധാന്യമില്ലാതെ തയ്യാറാക്കിയ വീഡിയോ പുറത്തു വന്നതോടെയാണ് താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ രൂക്ഷമായ വിമർശനം നടത്തിയത്.

അതേസമയം ഈ വീഡിയോയിൽ ടീമിലെ മറ്റുള്ള സൂപ്പർതാരങ്ങളായ ലയണൽ മെസി, നെയ്‌മർ എന്നിവരില്ലെന്നത് ഈ സീസണ് ശേഷം അവർ പുറത്തു പോകാനുള്ള സാധ്യത വർധിപ്പിക്കുന്നു. ആരാധകർ ഈ രണ്ടു താരങ്ങൾക്കും എതിരായതിനാൽ അവരെ ഒഴിവാക്കിയതിൽ അത്ഭുതമൊന്നും ഇല്ലെങ്കിലും ടീമിലെ മറ്റുള്ള താരങ്ങളില്ലാത്തത് അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്. അതുകൊണ്ടു തന്നെയാണ് എംബാപ്പെ ഇതിനെതിരെ പരസ്യമായി പ്രതികരിച്ചതും.

Content Highlights: Kylian Mbappe Hits Out At PSG