നേരിട്ടതിൽ ഏറ്റവും മികച്ച കളിക്കാരൻ ബ്രസീലിയൻ താരമെന്ന് എമിലിയാനോ മാർട്ടിനസ് | Emiliano Martinez

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അർജന്റീന ടീമിലുണ്ടായ ഏറ്റവും വലിയ മാറ്റം എന്താണെന്ന് ചോദിച്ചാൽ അത് എമിലിയാനോ മാർട്ടിനസ് ഗോൾകീപ്പറായതെന്ന് പലരും പറയും. 2021ൽ മാത്രം അർജന്റീന ടീമിനു വേണ്ടി ആദ്യമായി വല കാത്ത് ഇപ്പോൾ രണ്ടു വർഷം പിന്നിടുമ്പോൾ ദേശീയ ടീമിന് സാധ്യമായ മൂന്നു കിരീടങ്ങളും സ്വന്തമാക്കി നൽകാൻ നിർണായക പങ്കു വഹിച്ചിട്ടുള്ളത് ഈ മുപ്പതുകാരന്റെ ആത്മവിശ്വാസം നിറഞ്ഞ പ്രകടനമാണ്.

2021 കോപ്പ അമേരിക്കക്ക് മുൻപ് നടന്ന മത്സരങ്ങളിലാണ് എമിലിയാനോ മാർട്ടിനസ് ആദ്യമായി അർജന്റീനക്കായി വല കാക്കുന്നത്. അതിനു ശേഷം കോപ്പ അമേരിക്ക ടൂർണ്ണമെന്റിനുള്ള അർജന്റീന ടീമിലും താരത്തിന് ഇടം ലഭിച്ചെങ്കിലും ആരാധകരുടെ ഹീറോയായി എമിലിയാനോ മാറിയത് സെമി ഫൈനലിലാണ്. കൊളംബിയൻ താരങ്ങളുടെ മനഃസാന്നിധ്യം കളഞ്ഞ് പെനാൽറ്റി തടുത്തിട്ട് അർജന്റീനയെ ഫൈനലിൽ എത്തിച്ച താരം കിരീടനേട്ടത്തിലും പങ്കു വഹിച്ചു.

അതിനു ശേഷം ഖത്തർ ലോകകപ്പിൽ എമിലിയാനോ തന്റെ വിശ്വരൂപം പുറത്തെടുത്തു. നിരവധി മത്സരങ്ങളിൽ വളരെ നിർണായകമായ സേവുകൾ നടത്തിയ താരം ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സ്നെതിരെയും ഫൈനലിൽ ഫ്രാൻസിനെതിരെയും നടന്ന ഷൂട്ടൗട്ടുകളിൽ സേവുകൾ നടത്തി അർജന്റീനക്ക് കിരീടം നേടിക്കൊടുത്തു. ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറും എമിലിയാനോ മാർട്ടിനസ് തന്നെയായിരുന്നു.

നിരവധി താരങ്ങൾക്കെതിരെ കളിച്ചിട്ടുള്ള എമിലിയാനോ താൻ നേരിട്ടതിൽ ഏറ്റവും മികച്ച താരമാരാണെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തുകയുണ്ടായി. ബ്രസീൽ ടീമിന്റെ സൂപ്പർതാരവും മെസിയുടെ അടുത്ത സുഹൃത്തുമായ നെയ്‌മറാണ് താൻ ഇതുവരെ നേരിട്ടതിൽ ഏറ്റവും മികച്ച കളിക്കാരനെന്നാണ് എമിലിയാനോ മാർട്ടിനസ് പറഞ്ഞത്. ഗോളിനോട് സംസാരിക്കുമ്പോഴായിരുന്നു ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന താരത്തിന്റെ വെളിപ്പെടുത്തൽ.

അതേസമയം നെയ്മറോ ബ്രസീൽ ടീമോ ഇതുവരെ ഒരു ഗോൾ പോലും എമിലിയാനോ മാർട്ടിനസിനെതിരെ നേടിയിട്ടില്ല. ഇതുവരെ രണ്ടു മത്സരങ്ങളിലാണ് എമിലിയാനോ ബ്രസീലിനെതിരെ ഇറങ്ങിയിരിക്കുന്നത്. കോപ്പ അമേരിക്ക ഫൈനലിലും അതിനു ശേഷം നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിലും ബ്രസീൽ ടീമിന് എമിലിയാനോ മാർട്ടിനസിനെ കീഴടക്കാൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, താരം മികച്ച പ്രകടനം നടത്തുകയും ചെയ്‌തിരുന്നു.

Content Highlights: Neymar Best Opponent He Ever Faced Says Emiliano Martinez